തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ മണ്ണില്‍ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപിയുടെ കാവിസാഗരം. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസ്ആര്എമ്മിനു വേണ്ടി പ്രചാരണത്തിനെത്തിയ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ റോഡ് ഷോ വര്‍ക്കലയില്‍ ആവേശത്തിന്റെ പുതുചരിത്രമെഴുതി.
രാവിലെ 9 മണി മുതല്‍ റോഡ്ഷോ ആരംഭിക്കാനിരുന്ന വര്‍ക്കല ഗവ. താലൂക്ക് ആശുപത്രി പരിസരം ജനനിബിഡമായിരുന്നു. രാവിലെ 10 മണിയോടെ വര്‍ക്കല ഹെലിപ്പാഡില്‍ എത്തിയ കേന്ദ്ര പ്രതിരോധമന്ത്രിയെ സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എമ്മും ബിജെപി, ബിഡിജെഎസ് നേതാക്കളായ എം. ബാലമുരളി, കോവിലകം മണികണ്ഠന്, ബിജു ഇലകമണ്‍, ഇലകമണ്‍ സതീശന്, ചാവര്‍കോട് ഹരിലാല്‍, കരുനിലക്കോട് സുരേഷ്, അജുലാല്‍, വിപിന്‍രാജ്, കല്ലമ്പലം നകുലന് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 10.20 ഓടെ കനത്ത സുരക്ഷാവലയത്തില്‍ ആശുപത്രി ജംഗ്ഷനിലെത്തിയ രാജ്നാഥ് സിംഗ് തുറന്ന പര്യടനവാഹനത്തില്‍ കയറി. സ്ഥാനാര്‍ത്ഥി അജി എസ്ആര്‍എം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, മണ്ഡലം പ്രസിഡന്റ് ബിജു ഇലകമണ്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവിധ കലാരൂപങ്ങളുടെയും ചെണ്ടവാദ്യങ്ങളുടെയും അകമ്പടിയോടെയായിരുന്നു റോഡ് ഷോ. ആദ്യമായി വനിതകളുടെ ചെണ്ടമേളം, ജണ്ട് കാവടി, നാസിക്ക് ഡോള്‍, പൂക്കാവടി, മയിലാട്ടം, ശിങ്കാരി മേളം, പഞ്ചവാദ്യം, മുത്തുക്കുട ചൂടിയ വനിതകള്‍. അതിനൊപ്പം വനിതകളടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ നീണ്ടനിര. പദയാത്രയായാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. ഏറ്റവുമൊടുവിലായി പര്യടനവാഹനം. കേന്ദ്രപ്രതിരോധമന്ത്രിയെ ഒരു നോക്കുകാണാന്‍ റോഡിനിരുവശവും ബാരിക്കേഡുകള്പ്പുറം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധം ജനം തടിച്ചുകൂടിയിരുന്നു.
രാജ്നാഥ് സിംഗിനും സ്ഥാനാര്‍ത്ഥിയെയും റോഡിനിരുവശവും നിന്ന ജനങ്ങള്‍ പുഷ്പാര്‍ച്ചനയോടെയാണ് വരവേറ്റത്. വര്‍ക്കലയില്‍ അടുത്തെങ്ങും മറ്റൊരു നേതാവിനും ലഭിക്കാത്ത സ്വീകരണമാണ് വര്‍ക്കല നഗരി കേന്ദ്രമന്ത്രിക്ക് നല്‍കിയത്. കനത്ത തടിച്ചുകൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തും പുഷ്പാര്‍ച്ചന നടത്തിയവര്‍ക്ക് കൂപ്പുകൈയോടെ നന്ദി പ്രകടിപ്പിച്ചുമാണ് രാജ്യത്തെ പ്രതിരോധസേനയുടെ പടത്തലവന് റോഡ് ഷോയിലുടനീളം പങ്കെടുത്തത്. വര്‍ക്കല റെയില്‍വെസ്റ്റേഷനു മുന്നിലാണ് റോഡ് ഷോ അവസാനിച്ചത്. റെയില്‍വെസ്റ്റേഷനു മുന്നില്‍ വച്ച് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അഴിമതിയില്‍ മുങ്ങിയ ഇരുമുന്നണികളുടെയും ഭരണത്തില്‍ നിന്ന് കേരളജനത മാറ്റം ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ബിജെപിയുടെ വോട്ട് വിഹിതം ഇതിന്റെ സൂചനയാണ്. ബിഡിജെഎസുമായുള്ള സഖ്യത്തിലൂടെ കേരളത്തിലെ നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി ബിജെപി മാറും. ബിജെപി കേരളത്തിലെ നിര്‍ണായക രാഷ്ട്രീയ ശക്തിയായി മാറും. അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കളായ തോട്ടയ്ക്കാട് ശശി, വക്കം അജിത്ത്, സജി മുല്ലനല്ലൂര്‍, തച്ചോട് സുധീര്‍, ഗോകുല്‍ സദാശിവന്, അഡ്വ. അനില്‍കുമാര്‍, ബിഡിജെഎസ് സെക്രട്ടറി അജി തുടങ്ങിയവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: