മെല്‍ബണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഹോളി ആശംസകളറിയിച്ച് ആസ്ത്രേല്യന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍.
‘ആസ്ത്രേല്യയയിലെ ഹിന്ദു സമുദായത്തിനും എന്റെ നല്ല സുഹൃത്തായ നരേന്ദ്ര മോദിയ്ക്കും ആഹ്ലാദകരവും വര്‍ണ്ണശബളവുമായ ഒരു ഹോളി ആശംസിക്കുന്നു’- ഇതായിരുന്നു സ്കോട്ട് മോറിസന്റെ ആശംസ. ട്വിറ്ററിലൂടെയുള്ള ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഹോളി ആശംസിച്ചത്.
കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരി ഹോളി ഉത്സവത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി. ഇക്കുറി മഹാമാരി ഉത്സവത്തെ ബാധിക്കുമെങ്കിലും ഭാവിയിലേക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ നോക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും ഇന്ത്യയിലെ മുഴുവന്‍ ഹിന്ദു സമുദായത്തിനും കൂടി പങ്കുവെച്ച സന്ദേശത്തില്‍ സ്കോട്ട് മോറിസണ്‍ പറഞ്ഞു.
കോവിഡ് വാക്സീന് നിര്‍മ്മിക്കുക വഴി ഇന്ത്യ വലിയൊരു കാര്യമാണ് ചെയ്തത്. അതുവഴി ലോകത്തിലെ വലിയൊരു വിഭാഗത്തിനെ ഇന്ത്യ സഹായിച്ചുകൊണ്ടിരിക്കുകയാണ്. ക്വാഡ് സമ്മേളത്തിലെ ഇന്ത്യയുടെ പങ്കിനെയും അദ്ദേഹം ശ്ലാഘിച്ചു. ഇരു രാജ്യങ്ങളും ഒന്നിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഐക്യത്തിന്റെ ഈ ആവേശത്തില്‍, നിങ്ങളെല്ലാവര്‍ക്കും ഞാന്‍ സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു,’ അദ്ദേഹം തന്റെ വീഡിയോ സന്ദേശം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു.
വീഡിയോ സന്ദേശത്തിന് മുന്‍പ് നടത്തിയ പ്രസ്താവനയില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പുതിയ തലത്തേലിക്ക് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ ഗവേഷണം, ധാതുക്കള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5ജി, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യാമേഖലകളില് ഇന്ത്യയ്ക്കും ആസ്ത്രേല്യയ്ക്കും അനന്തസാധ്യതകളുണ്ടെന്നും സ്കോട്ട് മോറിസണ്‍ പറഞ്ഞു. അന്താരാഷ്ട്ര പങ്കാളിത്തത്തില്‍ ഇന്ത്യയ്ക്ക് ആസ്ത്രേല്യ മുന്‍നിരസ്ഥാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: