ഗോപി തിലകക്കുറിയാണ്, സുരേഷ്‌ഗോപി തൃശൂരിന്റെ തിലകക്കുറിയും… പുതുകാല രാഷ്‌ട്രീയത്തെയാകെ തിരുത്തുകയാണ് തൃശൂരിന്റെ തെരഞ്ഞെടുപ്പ് പൂരത്തിലേക്ക് ധര്‍മ്മത്തിന്റെ തിടമ്പേറ്റി എത്തിയ ലക്ഷണമൊത്ത ഈ ഒറ്റയാന്‍. പൊറുതിമുട്ടലുകളും പൊരുത്തക്കേടുകളും നിറഞ്ഞ പൊതുസമൂഹത്തില്‍ ഒറ്റയ്‌ക്ക് പൊരുതി നേടിയതാണ് ഈ തലപ്പൊക്കം. സുരേഷ്‌ഗോപി ഒരു ചങ്കൂറ്റത്തിന്റെ പേരാണ്. നെറികേടുകള്‍ക്കെതിരെ നെഞ്ചുംവിരിച്ച് വട്ടം കയറി നിന്ന ചങ്കൂറ്റത്തിന്റെ പേര്. എന്തുകൊണ്ടോ അല്ല എല്ലാം കൊണ്ടും പെരുത്തിഷ്ടമാണ് ആളുകള്‍ക്ക് ആ പേര്…
അച്ഛന്റെ വിരലില്‍ത്തൂങ്ങി സിനിമാക്കൊട്ടകകളിലും ലൊക്കേഷനുകളിലും കറങ്ങിയ കുട്ടിക്കാലത്തിന്റെ ഹാങ് ഓവറിലാണ് സുരേഷ്‌ഗോപി തിരക്കഥകള്‍ തേടിയത്. അലഞ്ഞതും അധ്വാനിച്ചതും അഭിനയത്തിന്റെ വഴിയിലെത്തുക എന്ന ലക്ഷ്യത്തോടെ… അഞ്ചാം വയസ്സില്‍ ഓടയില്‍ നിന്ന് ആരംഭിച്ചതാണ് വെള്ളിത്തിരയിലെ പ്രയാണം. പിന്നെല്ലാം കാലത്തിന്റെ തിരക്കഥയായിരുന്നു. ഊഴമിട്ട് നക്ഷത്രരാജാക്കന്മാര്‍ അരങ്ങുവാണ അഭ്രപാളികളുടെ പിന്നിലെ വിസ്മയലോകത്ത് സുരേഷ്‌ഗോപി ധര്‍മ്മത്തിന്റെ ഒറ്റസൂര്യനായി കത്തിയാളി. സിനിമയിലും സിനിമയ്‌ക്ക് പിന്നിലും ‘ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന ചാട്ടുളിമുനയുള്ള ഓര്‍മ്മപ്പെടുത്തല്‍ പലര്‍ക്കും അത്ര സുഖകരമായില്ല. ജീവിതത്തില്‍ അഭിനയിക്കാന്‍ ശീലിക്കാത്തവന്റെ ‘ശീലക്കേടിന്’ ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലും അകമ്പടിയായി.
പൊതുജനം ആഗ്രഹിച്ച പോലീസ് ഓഫീസറായി, സമൂഹം കൊതിച്ച ജനനായകനായി, നാട് മോഹിച്ച കൂട്ടുകാരനായി… പ്രേക്ഷകന്റെ ഉള്ളറിഞ്ഞ കഥാപാത്രങ്ങളിലൂടെ സുരേഷ്‌ഗോപി അവരുടെ ഉള്ളില്‍ കുടിപ്പാര്‍പ്പുറപ്പിച്ച കാലം. തീയറ്ററുകള്‍ കൈയടിച്ചതും ആര്‍പ്പുവിളിച്ചതും സുരേഷ്‌ഗോപി എന്ന നടനുവേണ്ടി മാത്രമായിരുന്നില്ല, തങ്ങള്‍ കൊതിക്കുന്ന ജനനായകന്‍ ഇതാ ഇങ്ങനെ ആയിരിക്കണം എന്ന സര്‍ഗാത്മക ആവിഷ്‌കാരത്തിന് വേണ്ടിക്കൂടിയായിരുന്നു.
അപ്രമാദിത്തവും താന്‍പ്രമാണിത്തവും വകവച്ചുകൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് അഭ്രപാളിയില്‍ നിന്ന് സുരേഷ്‌ഗോപി സമൂഹത്തിലേക്ക് ഇറങ്ങി നടന്നു. ചെയ്തുവച്ചതൊന്നും അഴിച്ചുവയ്‌ക്കേണ്ട വേഷങ്ങളല്ലാതിരുന്നതിനാല്‍ ജനങ്ങള്‍ക്കുവേണ്ടി, നാടിനും പ്രകൃതിക്കും ജീവനും സ്വത്തിനും വേണ്ടിയൊക്കെ അദ്ദേഹം ഭരത്ചന്ദ്രനായി… ആറന്മുളയില്‍ വിമാനത്താവളമുണ്ടാക്കി ഒരു നാടിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും കടല്‍ കടത്താന്‍ ഒരുങ്ങിയിറങ്ങിയ കമ്പോളശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടത്തിനിറങ്ങിത്തിരിച്ചത് സ്വതേ ശീലമായിപ്പോയ ആ പ്രതിബദ്ധത ഒന്നുകൊണ്ടുമാത്രമാണ്. ആറന്മുള സമരത്തിന്റെ കുന്തമുനയായി ആ വാക്കുകള്‍ മാറി. വിമാനത്താവളശക്തികള്‍ക്കുമുന്നില്‍ മുട്ടിലിഴഞ്ഞ അധികാരകേന്ദ്രങ്ങളോട് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു,
‘ജനാധിപത്യത്തിന്റെ സിംഹാസനം നാടിനെ കശാപ്പുകാര്‍ക്ക് എറിഞ്ഞുകൊടുക്കാന്‍ ലഭിച്ച തിട്ടൂരമല്ല. വിവരമില്ലാത്തത് തെറ്റല്ല, അറിയില്ലെങ്കില്‍ അതുള്ളവരോട് ചോദിച്ച് അറിയേണ്ടത് ഭരണാധികാരിയുടെ വിവേകമാണ്. മിനിമം അതെങ്കിലും വേണം.’
സമൂഹത്തിന് മേല്‍ ദുരാചാരമുണ്ടായപ്പോഴൊക്കെ സുരേഷ്‌ഗോപി അവിടെയെത്തി. സ്വയംപ്രഖ്യാപിത സാംസ്‌കാരികലോകം അധികാരകേന്ദ്രങ്ങള്‍ക്കുമുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചുനിന്നപ്പോള്‍ മൂര്‍ച്ചയുള്ള ഭാഷയില്‍ സുരേഷ്‌ഗോപി ജനങ്ങളുടെ നാവായി. മാര്‍ക്‌സിസ്റ്റുകള്‍ കൊന്നെറിഞ്ഞ നിരപരാധികളുടെ വീടുകളില്‍ അദ്ദേഹം കടന്നുചെന്നു. പട്ടിണികൊണ്ട് മരിച്ചവരുടെ കൂരകളില്‍ കനിവിന്റെ കൈത്താങ്ങായി അദ്ദേഹം മാറി. പിണറായിവിജയന്റെ നിര്‍ദയസ്വാര്‍ത്ഥഭരണം കാണാന്‍പോലും കൂട്ടാക്കാതെ അപമാനിച്ച അമ്മമാരുടെ കണ്ണീരൊപ്പി.
ജിഷ്ണുപ്രണോയിയുടെ, വിനായകന്റെ, പിണറായിയുടെ പോലീസ് തച്ചുകൊന്ന ശ്രീജിത്തിന്റെ, സിപിഎം ഭീകരര്‍ കൊന്നുകളഞ്ഞ ശ്രീകാര്യത്തെ രാജേഷിന്റെ, പീഡനങ്ങള്‍ക്കിരയാക്കപ്പെട്ട നിരാലംബരുടെ, ചവറയില്‍ സിപിഎം ഗുണ്ടകള്‍ ഇല്ലാതാക്കിയ ഐടിഐ വിദ്യാര്‍ഥി രഞ്ജിത്തിന്റെ, ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ നാടോടിപ്പെണ്‍കുട്ടിയുടെ… അശരണരും നിരാശ്രയരുമായിത്തീര്‍ന്നവര്‍ക്ക് അത്താണിയായി അദ്ദേഹമെത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയായാണ് താനെത്തുന്നതെന്ന് അദ്ദേഹം അവരെ ഓര്‍മ്മിപ്പിച്ചു.
ആറന്മുളയിലും കീഴാറ്റൂരിലും തിരുവനന്തപുരത്തെ ലോ അക്കാദമിയിലുമൊക്കെ സമരാവേശമായി അദ്ദേഹം നിറഞ്ഞു. തിരുവനന്തപുരത്ത് പോലീസുദ്യോഗസ്ഥന്‍ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനല്‍കുമാറിന്റെ കുടുംബത്തിന് സുരേഷ്‌ഗോപി തണലൊരുക്കി… പ്രബുദ്ധകേരളം കെട്ടിയിട്ട് തല്ലിക്കൊന്ന അട്ടപ്പാടിക്കാരന്‍ മധുവിന്റെ അമ്മയെ ചേര്‍ത്തുപിടിച്ചു… നിലവിളിയടങ്ങാത്ത പ്രളയപ്പരപ്പില്‍ കനിവിന്റെ കരങ്ങള്‍ നീട്ടിയെത്തി… നിവൃത്തികേടില്‍ മരണം തേടിയവര്‍ക്ക് ജീവിതത്തിലേക്ക് വഴിയൊരുക്കി സുരേഷ്‌ഗോപി മുന്നില്‍ നടന്നു. കര്‍ഷകര്‍ക്കൊപ്പം… നിരാലംബര്‍ക്കൊപ്പം…
സംസ്‌കാരത്തിനും വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമെതിരെ ആസൂത്രിത കടന്നാക്രമണമുണ്ടായപ്പോള്‍ ആര്‍ജ്ജവത്തോടെ എന്റെ അയ്യന്‍ എന്ന് ഗര്‍ജ്ജിച്ചു. വടക്കുംനാഥന്റെ മണ്ണില്‍ നിന്ന് നെഞ്ചുറപ്പോടെ ശരണം വിളിച്ചു…
ശക്തന്‍തമ്പുരാന്റെ മണ്ണിലാണ് നിലപാടുകളുടെ നിലവായി സുരേഷ്‌ഗോപി നിറയുന്നത്… കരുത്തുള്ള നിലപാടുകള്‍, കനിവൂറുന്ന ഇടപെടലുകള്‍… കാലത്തിന്റെ, ചരിത്രത്തിന്റെ നിയോഗവുമായി അശരണരുടെ ഹൃദയനിലാവാകുകയാണ് സുരേഷ്‌ഗോപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: