ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ കപ്പല്‍ കുടുങ്ങിയുണ്ടായ പ്രതിസന്ധി നേരിടാന്‍ നാലിന പദ്ധതികളുമായി ഇന്ത്യ. വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോജിസ്റ്റിക്സ് ഡിവിഷന് നടത്തിയ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍.
ചരക്കുകള്‍ക്ക് മുന്‍ഗണന, നിലവിലെ ചരക്കുനീക്ക നിരക്ക് നിലനിര്‍ത്തുക, തുറമുഖങ്ങള്‍ക്ക് മതിയായ നിര്‍ദേശങ്ങള്‍ നല്‍കുക, കപ്പലുകള്‍ വഴിതിരിച്ച് വിടുക എന്നീ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. എളുപ്പത്തില്‍ നശിച്ചുപോയേക്കാവുന്ന ചരക്കുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ എത്തിക്കുന്നതിനും
ചര്‍ച്ചയില്‍ തീരുമാനമായി. ഇപ്പോഴത്തെ അവസ്ഥ താത്ക്കാലികമാണെന്നും ചരക്കുനീക്ക നിരക്ക് പരിഗണിക്കണമെന്നും വാണിജ്യമന്ത്രാലയം ഷിപ്പിങ് കമ്പനികളോട് ആവശ്യപ്പെട്ടു. നിലവിലെ കരാര്‍ പ്രകാരമുള്ള നിരക്കേ ഈടാക്കുവെന്ന് കണ്ടെയ്നര്‍ ഷിപ്പിങ് ലൈന്‍സ് അസോസിയേഷന് അറിയിച്ചു.
കനാലില്‍ കപ്പല്‍ കുടുങ്ങിയതോടെ നിരവധി ചരക്കു കപ്പലുകളണ് വിവിധ ഭാഗങ്ങളിലായി കാത്തു കിടക്കുന്നത്. തടസ്സം നീങ്ങുന്നതോടെ തുറമുഖങ്ങളില്‍ കപ്പലുകളുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാല്‍, തുറമുഖങ്ങളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നല്‍കണമെന്നും മന്ത്രാലയം അറിയിച്ചു. കൂടാതെ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കപ്പലുകള്‍ വഴിതിരിച്ചുവിടുന്നതും യോഗത്തില്‍ ചര്‍ച്ചയായി.
ലോജിസ്റ്റിക്സ് ഡിവിഷനിലെ സ്പെഷ്യല്‍ സെക്രട്ടറി പവന് അഗര്‍വാളിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തുറമുഖ ഷിപ്പിങ് മന്ത്രാലയം, ഷിപ്പിങ് എഡിജി, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എക്സ്പോര്ട് ഓര്ഗനൈസേഷന്, കണ്ടെയ്നര്‍ ഷിപ്പിങ് ലൈന്‍സ് അസോസിയേഷന് പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: