പൊരുതി ജയിപ്പതസാധ്യമൊന്നിനോടോന്നൊരു മതവും പൊരുതാലൊടുങ്ങുവീല; പരമതവാദിയിതോര്‍ത്തിടാതെ പാേഴപൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധിവേണം ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകത്തിലുള്ളതാണ് പ്രസ്തുത സൂക്തം. മതങ്ങള്‍ തമ്മിലുള്ള ശത്രുതയും രക്തച്ചൊരിച്ചിലും അടുത്ത നാളുകളിലൊന്നും തുടങ്ങിയതല്ല. അടുത്തനാളിലൊന്നും അവസാനിക്കുമെന്നും തോന്നുന്നില്ല. എങ്കിലും മനുഷ്യനെ സ്നേഹിക്കുന്നവരെല്ലാം ഗുരു പറഞ്ഞ വാക്കിനെക്കുറിച്ച് അനവരതം ചിന്തിക്കേണ്ടതാണ്.
യുദ്ധം ചെയ്ത് ജയിക്കുക എന്നത് അസാധ്യമാണ്. ഏറ്റുമുട്ടലുകള്‍ കൊണ്ട് ഒരു മതത്തെയും ഇല്ലാതാക്കാനാകില്ല. ഇതൊന്നും ആലോചിക്കാതെ സംഘട്ടനത്തിന് ഇറങ്ങിയാല്‍ നാശമായിരിക്കും അവസാനഫലമെന്ന് അറിയാനുള്ള ബുദ്ധി ഏവര്‍ക്കും ഉണ്ടാകണം.
ജാതിഭേദവും മതദ്വേഷവും ഇല്ലാതെ സഹോദരഭാവേന ലോകത്തിലെ എല്ലാവരും വസിക്കണമെന്നാണ് ഗുരു ആശിച്ചത്. അദ്ദേഹത്തിന്റെ എല്ലാ ചിന്തകളുടെയും സാരമാണ് ജാതിഭേദം എന്നു തുടങ്ങുന്ന ശ്ലോകത്തിലുള്ളത്. ഇത് ഉട്ടോപ്യന്‍ ചിന്താഗതിയല്ല. മനുഷ്യനും പ്രാവര്‍ത്തികമാക്കാവുന്നതേയുള്ളൂ. അതനുസരിച്ചുള്ള വിദ്യാഭ്യാസമാണ് ചെറുപ്പം മുതല്‍ നല്‍കേണ്ടത്.
കരവാളു വിറ്റു മണിപ്പൊന്‍വീണ വാങ്ങുന്ന സംസ്ക്കാരമുണ്ടാകണം. തോക്കിനും വാളിനും വേണ്ടി ഉപയോഗിക്കുന്ന ഇരുമ്പുകൊണ്ട് കലപ്പകള്‍ ഉണ്ടാക്കാന്‍ പുതിയ തലമുറയെ ഉപദേശിക്കണം.
പ്രതിഭാറായിയുടെ ദ്രൗപദി എന്ന നോവലില്‍ മഹാഭാരതയുദ്ധത്തിനു ശേഷം ദ്രൗപദി കൃഷ്ണനോടു പറയുന്നതായ ഒരു ഭാഗമുണ്ട്. മതത്തിന്റെയും ഭാഷയുടെയും പേരില്‍ ഹസ്തിനാപുരവും ഇന്ദ്രപ്രസ്ഥവും പോലെ തുണ്ടുകളായി നാടു വിഭജിക്കപ്പെടരുത്. വൈവിധ്യമാണ് സൃഷ്ടിയുടെ വൈശിഷ്ട്യം.
എന്തെല്ലാം അസമത്വമുണ്ടായാലും ഭൂമിയില്‍ ഒരിക്കലും യുദ്ധമുണ്ടാകരുത്. മഹാഭാരതവും ഇലിയഡും രചിച്ചത് യുദ്ധത്തിനെതിരായ ചിന്താഗതി വളര്‍ത്താനാണ്. നാമോര്‍ക്കണം, ആദ്യം യുദ്ധം രൂപം കൊള്ളുന്നത് മനുഷ്യന്റെ മനസ്സിലാണ്. മനുഷ്യമനസ്സു തന്നെ കുരുക്ഷേത്രം. യുദ്ധത്തിലെ ജയം, പരാജയം തന്നെയെന്ന് വ്യാസന് കുറിക്കുന്നു.
എസ്. ബി. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: