പുരാതന ഭാരതീയ സര്‍ഗപ്രതിഭകളുടെ ആത്മായനങ്ങളില്‍ കാവ്യനാടകാദികള്‍ക്കപ്പുറം കാവ്യാത്മകമായ ഗദ്യരചനകളും ചരിത്രമെഴുത്തുകളും ചേര്‍ന്ന സംസ്കൃതി സമ്പത്തുകള്‍ ഗണനീയമാണ്. ഈ രംഗത്താണ് ബാണഭട്ടന്റെ അനശ്വരമായ സംഭാവനകള്‍ മൂല്യനിര്‍ണയം ചെയ്യുക. ഏഴാം നൂറ്റാണ്ടില്‍ സാമ്രാജ്യ ചക്രവര്‍ത്തിയായ ഹര്‍ഷവര്‍ധനന്റെ ആസ്ഥാനകവിയായിരുന്നു ബാണഭട്ടന്.
അന്നത്തെ ഔറംഗാബാദ് ജില്ലയിലെ പ്രീതികുടഗ്രാമത്തിലാണ് കവി ജനിക്കുന്നത്. രാജാദേവിയും ചിത്രഭാനുവുമായിരുന്നു മാതാപിതാക്കള്‍. ബാല്യകാലത്തു തന്നെ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട ബാണന് സഞ്ചാരത്തിനിറങ്ങി. സംസ്കൃതത്തിലെ കാവ്യനാടകാദികളും പൈതൃകസമ്പത്തിലെ അനശ്വര കൃതികളും പഠനമനനത്തിലൂടെ സ്വായത്തമാക്കി. ശാസ്ത്രത്തിലും കലാസാഹിത്യാദികളിലും വ്യുല്പത്തി നേടിയ ബാണന്റെ ധൈഷണിക വളര്‍ച്ചയോടൊപ്പം കവിഹൃദയവും പൂര്‍ണത പ്രാപിക്കാന്‍ തുടങ്ങി. ആ പ്രശസ്തി ചക്രവര്‍ത്തിയുടെ കാതിലും തരംഗമായി. ഹര്‍ഷചക്രവര്‍ത്തിയുടെ സ്നേഹാദരങ്ങള്‍ നേടിയ ബാണഭട്ടന് കാവ്യരഥ്യയിലേക്കും ചരിത്രാഖ്യാനങ്ങളിലേക്കും കഥാശില്പങ്ങളുടെ ലാവണ്യ സങ്കല്‍പ്പങ്ങളിലേക്കും പ്രവേശിച്ചു.
ഉജ്ജ്വലമായ കാവ്യശൈലിയിലും ആലങ്കാരികതയിലും സമഗ്ര വിവരണ കുശലതയിലും കാവ്യബിംബ സംവിധാനത്തിലും അപൂര്‍വമായ സിദ്ധിയും സാധനയുമായി മുന്നേറി. രണ്ടു മഹാഗ്രന്ഥങ്ങളുടെ രചനാ സാക്ഷാത്ക്കാരമായിരുന്നു സദ്ഫലം; ‘ഹര്‍ഷചരിത’വും ‘കാദംബരി’യും. ഹര്‍ഷ ചക്രവര്‍ത്തിയുടെ ധീരോദാത്തമായ ജീവിത ചിത്രണമാണ് ഹര്‍ഷചരിതം. സ്തുതിപരമായ വര്‍ണനകളില്‍ രമിക്കുന്നുണ്ടെങ്കിലും ചരിത്രത്തിന്റെ സത്യാത്മകമായ കഥനം വിവിധയിടങ്ങളില്‍ രേഖീയമാകുന്നു. ‘ഭാരതത്തിലെ ആദ്യത്തെ ചരിത്രാത്മകമായ ജീവചരിതം എന്ന് പണ്ഡിതന്മാര് കൊണ്ടാടുന്ന കൃതിയില്‍ ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും സാധാരണ മനുഷ്യന്റെ ജീവിതായോധന പരിസരവും പ്രകൃതിയുടെ പ്രമാണപ്രത്യയങ്ങളും വായിച്ചെടുക്കാം.
കാവ്യാത്മകമായ ഗദ്യത്തില്‍ ആഖ്യായികാ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഈ ജീവിത വാങ്മയം എട്ടധ്യായം ഉള്‍ക്കൊള്ളുന്നു. ആദ്യാധ്യായങ്ങളില്‍ സ്വജീവിതത്തിന്റെ ചില രേഖാചിത്രങ്ങള്‍ കവി വരച്ചു ചേര്‍ത്തിട്ടുണ്ട്. വ്യാസന്, ഭട്ടാരഹരിശ്ചന്ദ്രന്‍, സാതവാഹനന്, പ്രവരസേനന്, ഭാസന്, കാളിദാസന് തുടങ്ങി ഹര്‍ഷചരിതത്തില്‍ സൂചിതമാകുന്ന മഹാപ്രതിഭകള്‍ ഏറെയാണ്.
കാല്പനിക കഥകളുടെ കുഞ്ഞുപൂവുകള്‍ ചേര്‍ന്ന് കഥയുടെ പൂങ്കുല സൃഷ്ടിക്കുന്ന കാദംബരി, കാവ്യമയമായ ഗദ്യത്തിന്റെ രൂപശില്പം നേടുകയാണ്. ഒരര്‍ഥത്തില്‍ സങ്കീര്‍ണമായ പ്രതിപാദന ശൈലിയില്‍ ആഖ്യായികയുടെ ഛായാശില്‍പത്തിലാണ് കഥനം. ശൃഗാര രസം അംഗിയായി സഞ്ചരിക്കുന്ന ഈ കൃതിയുടെ പൂര്‍വഭാഗം ബാണഭട്ടനും ഉത്തരഭാഗം കവി പുത്രന് ഭൂഷണഭട്ടന്‍ എന്ന പുളിന്ദഭട്ടയുമാണ് പൂര്‍ത്തീകരിച്ചതെന്ന് ഗവേഷണമതമുണ്ട്. കാദംബരിയും ചന്ദ്രപീഡയുമാണ് നായികാനായകന്മാര്. കൃതിയുടെ അര്‍ധഭാഗത്തിനു ശേഷമാണ് നായികയും ഏതാനും ചില കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നത്. ഒരു യോഗി ആഖ്യാനം ചെയ്യുന്ന കഥ തത്ത പറഞ്ഞു കൊടുക്കുന്ന രചനാതന്ത്ര ശൈലിയാണ് ഇതില്‍ സ്വീകരിക്കുന്നത്. സങ്കീര്‍ണമായ കഥാവികസന വേളയില്‍ കൊച്ചുകഥകളും പാത്രങ്ങളും പ്രവേശിക്കുന്നു. അധ്യായമായി കൃതി ഉള്‍പ്പിരിയുന്നില്ല. കഥാപ്രവാഹത്തിന് ഇതിനാല്‍ ശക്തികൂടുന്നുണ്ടെന്ന് ദര്‍ശിക്കാം. മനുഷ്യനും മൃഗങ്ങളും അര്‍ധദേവതകളും സൃഷ്ടിക്കുന്ന മായികാന്തരീക്ഷം ചിലയിടങ്ങളില്‍ ഭ്രമാത്മകമാണ്. കൃതിയുണര്‍ത്തുന്ന വൈവിധ്യാത്മകമായ മാനുഷ്യക പ്രത്യയം സ്നേഹാധിഷ്ഠിതമായ മൂല്യസങ്കല്‍പ്പങ്ങളാണ്. ശങ്കരന്, രുയ്യകന്‍ എന്നിവര്‍ ഈ ഗദ്യകാവ്യത്തിന് രചിച്ച പഠന വ്യാഖ്യാനങ്ങള്‍ അംഗീകാരം നേടിയിട്ടുണ്ട്.
പ്രൗഢോജ്വലമായ ഹര്‍ഷ ചരിതവും കാദംബരിയും തുറന്നിടുന്ന കഥാഖനിയും ചരിത്ര പരിപ്രേക്ഷ്യവും കാലാതീതമായ വായനാ യാത്രയിലാണ്. സാഹിത്യ സംസ്കൃതിയുടെ ദര്‍ശന മീമാംസയും ദിശാമുഖവും വിടര്‍ത്തിയെടുക്കുന്ന ബാണഭട്ടന് പ്രഫുല്ലമായ പ്രാചീന ചരിതങ്ങളുടെ വസ്തു നിഷ്ഠവും സാങ്കല്‍പ്പികവുമായ മുഖപടലങ്ങളാണ് സാക്ഷാത്ക്കരിക്കുന്നത്. ഭൂതകാലചരിതങ്ങളുടെ ആ വാങ്മയം കഥാരസമായി കാലം പറഞ്ഞുകൊണ്ടേയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: