അനൂ പ്കുന്നത്ത്
(തപസ്യ സംസ്ഥാന ജനറല്‍ സെക്രട്ടറി)
കേരളത്തിന്റെ സാംസ്്കാരിക ജീവിതത്തെ ഇരുട്ടിലാഴ്ത്തിയ അഞ്ചുവര്‍ഷമാണ് കഴിഞ്ഞുപോയത്. പിണറായി വിജയന് എന്ന ഏകാധിപതിയായ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഭരണം കയ്യാളിയ ഇടതുപക്ഷ സര്‍ക്കാറിന്റെ ദുഷ്ചെയ്തികള്‍ കേരള ജനതയുടെ സംസ്കാരികമായ ഈടുവെയ്പ്പുകളെ ഒന്നടങ്കം തകര്‍ത്തെറിയുവാന്‍ നിരന്തരമായി പരിണമിച്ചു.
സ്റ്റാലിനിസത്തിന്റെ പ്രേതം കുടിയേറിയ ഇടതുഭരണത്തിന്റെ സാംസ്കാരിക രംഗത്തെ ഇടപെടലുകള്‍ മലയാളിയുടെ ആത്മാഭിമാനത്തെ കശക്കിയെറിയുന്നതില്‍ നിഗൂഢമായ ആനന്ദം കണ്ടെത്തുകയായിരുന്നു. രാഷ്ട്രദ്രോഹത്തിന്റെയും ന്യൂനപക്ഷവര്‍ഗീയതയുടെയും സ്വജനപക്ഷപാതത്തിന്റെയും വക്താക്കളായി ഇടതുപക്ഷ സര്‍ക്കാര്‍ മാറിത്തീര്ന്നുവെന്ന വസ്തുത നിഷ്പക്ഷമതികളായ പൗരസമൂഹത്തിന് ബോധ്യമായ യാഥാര്‍ത്ഥ്യമാണ്.
കേരളസര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും കേരള സാഹിത്യ അക്കാദമിയും കേരള സംഗീത നാടക അക്കാദമിയും കേരള കലാമണ്ഡലവുമൊക്കെ പാര്‍ട്ടിക്ക് വേണ്ടി വിടുപണിയെടുക്കുന്ന നട്ടെല്ലില്ലാത്ത പാര്ട്ടിദാസന്മാരുടെ സുഖവാസകേന്ദ്രങ്ങളായി അധ:പതിച്ചു. രാജ്യവിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള ഉപാധികളായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സാംസ്കാരികസ്ഥാപനങ്ങളുടെ ആനുകാലികങ്ങളും മാസികകളും. പുരസ്കാരങ്ങള്‍ അനര്‍ഹരുടെ കൈകളിലേക്ക് എത്തിച്ചേരാനാവശ്യമായ വിധത്തില്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതികളെ പരുവപ്പെടുത്തിയെടുക്കുവാന്‍ സാംസ്കാരികവകുപ്പിലെ ദല്ലാളന്മാര് നിരന്തരം കരുക്കള്‍ നീക്കിയ കറുത്ത കാലഘട്ടമായിരുന്നു പിന്നിട്ട അഞ്ചുവര്‍ഷങ്ങള്‍. അന്ധമായ കക്ഷിരാഷ്ട്രീയത്തിന്റെ ഈജിയന്‍ തൊഴുത്തുകളായി സാംസ്കാരിക സ്ഥാപനങ്ങളെ മാറ്റിത്തീര്‍ത്ത ഇടതുസര്‍ക്കാര്‍ സാംസ്കാരിക കേരളത്തോട് കൊടും ചതിയാണ് കാട്ടിയത്.
കാനായി കുഞ്ഞിരാമനെന്ന ലോകം അറിയുന്ന മഹാശില്പിയുടെ സര്‍ഗ പ്രതീകങ്ങളെപ്പോലും വികലമാക്കാന്‍ ഈ ദുഷ്ടശക്തികള്‍ തയ്യാറായി എന്നത് മാപ്പര്‍ഹിക്കാത്ത സാംസ്കാരികഹത്യയാണ്. ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷപദവി കയ്യാളിയ കമാലുദ്ദീനെന്ന കമലിന്റെ വഴിവിട്ട നടപടികളും മറക്കാവുന്നതല്ല. വര്‍ഗീയതയുടെ തേറ്റകളൊളിപ്പിച്ചു കൊണ്ട് കമല്‍ നടത്തിയ നിയമനശുപാര്‍ശകളും സാംസ്കാരിക വ്യവഹാരങ്ങളും കേരളീയന്റെ ആത്മാഭിമാനത്തിനെതിരായ യുദ്ധപ്രഖ്യാപനങ്ങളായിരുന്നു.
മലയാളത്തിന്റെ മഹാപുണ്യമായ സുഗതകുമാരി ടീച്ചറിന്റെ തറവാട്ടുകാവിലെ മരങ്ങള്‍ മുറിച്ചെടുക്കുവാനും സര്‍പ്പക്കാവിന്റെ ആചാരസങ്കല്പങ്ങളെ അവഹേളിക്കുന്നതിനും സാംസ്കാരിക വകുപ്പ് തയ്യാറായി എന്ന വാര്‍ത്ത മലയാളികളെ ഒന്നടങ്കം വേദനിപ്പിക്കുയുണ്ടായി. സുഗതകുമാരി ടീച്ചറിന്റെ ചിത ആറിത്തണുക്കും മൂമ്പ് നടത്തിയ ഈ ഹീനമായ നടപടിക്കെതിരെ വാതുറന്നൊന്ന് മിണ്ടാന്‍ പോലും മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും തയ്യാറായില്ല.
ഇവരുടെ മൗനാനുവാദത്തോടെയാവണം അത്യന്തം ഹീനമായ സാംസ്കാരിക വിരുദ്ധത അരങ്ങേറിയത്. ഹിന്ദുക്കൂട്ടക്കൊലയായ മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമായി വെള്ള പൂശിയവതരിപ്പിക്കുവാനും ആക്രമണകാരികളെ ധീരദേശാഭിമാനികളായി അടയാളപ്പെടുത്തുവാനും സിനിമാമേഖലയിലെ ചിലര്‍ നടത്തിയ പരിശ്രമങ്ങളും ഈ സന്ദര്‍ഭത്തില്‍ സ്മരിക്കേണ്ടതുണ്ട്. അന്യന്റെ കവിത മോഷ്ടിച്ച് ആളാകാന്‍ ശ്രമിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരെ യുവജനോത്സവങ്ങളിലെ വിധിനിര്‍ണ്ണയ സമിതികളില്‍ കുടിയിരുത്തുവാനും മറ്റുള്ളവരുടെ പ്രശ്നങ്ങളിലെ ആശയങ്ങളും വാക്യങ്ങളും കട്ടെടുത്ത് ഗ്രന്ഥകാരനെന്ന മേല്‍വിലാസം സ്വന്തമാക്കുന്ന വ്യാജ ബുദ്ധിജീവികളെ സര്‍വകലാശാലകളില്‍ അധ്യാപകരായി പ്രതിഷ്ഠിച്ചും നവോത്ഥാനനായകന്മാരായി അവരോധിച്ചും ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളും കേരളീയ പൊതു ബോധത്തിന് നേരിട്ട കനത്ത പ്രഹരങ്ങളായിരുന്നു.
കഴിഞ്ഞു പോയ അഞ്ചു വര്‍ഷങ്ങള്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നടന്നതെന്തെന്ന് കര്‍ശനമായ സാംസ്കാരിക ഓഡിറ്റിങ്ങിന് വിധേയമാക്കുമ്പോഴാണ് ഭരണകൂടത്തിന്റെ പണധൂര്‍ത്തും സ്വജനപക്ഷപാതവും പ്രീണനരാഷ്ട്രീയവും വെളിപ്പെടുന്നത്. ജിഹാദി-കമ്യൂണിസ്റ്റ് അച്ചുതണ്ടിന്റെ കുത്സിതമായ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ലോഭം പിന്തുണ നല്‍കിക്കൊണ്ട് സംസ്ഥാനഭരണകൂടം പൈതൃകസംസ്കൃതിയുടെ വേരെറുക്കുവാന് അക്ഷീണം പ്രയത്നിക്കുകയുണ്ടായി. നികുതിപ്പണം ധൂര്‍ത്തടിച്ചു നടത്തിയ നവോത്ഥാനസദസ്സുകളും നവോത്ഥാനമതിലും ഭൂരിപക്ഷം സമൂഹത്തിന്റെ ആചാര വിശ്വാസങ്ങളെ അവഹേളിക്കുവാനുള്ള ഹീന ശ്രമങ്ങളായിരുന്നു. മലയാളഭാഷയേയും സംസ്കൃതഭാഷയേയും ഇല്ലായ്മ ചെയ്യുവാനും നമ്മുടെ നാടിന്റെ അഭിമാനഗോപുരങ്ങളായ എഴുത്തുകാരെയും കൃതികളെയും കിട്ടാവുന്ന അവസരങ്ങളിലൊക്കെ ഇകഴ്ത്തിക്കാട്ടുവാനും മത്സരിക്കുകയായിരുന്നു പിണറായി ഭരണകൂടം. ഭൂരിപക്ഷം വരുന്ന ഒരു ജനതയുടെ ആത്മാഭിമാനത്തെയും അന്തസ്സിനെയും നിന്ദ്യമായി ചിത്രീകരിച്ച ‘മീശ’ പോലുള്ള നോവലുകള്‍ക്ക് പുരസ്കാരം നല്കിയാദരിക്കുവാനുള്ള നടപടികളും ഈ ഭരണകൂടത്തിന്റെ കറുത്ത മുഖം വ്യക്തമാക്കുന്നുണ്ട്.
ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായി സ്വയം ചമഞ്ഞ ഇക്കൂട്ടര്‍ തന്നെയാണ് ടി.പി. ചന്ദ്രശേഖരന് വധം ചിത്രീകരിച്ച സിനിമക്കെതിരെ പടപ്പുറപ്പാട് നടത്തിയതും. ഇരട്ടത്താപ്പിന്റെ ഈ സാംസ്ക്കാരിക വീക്ഷണമാണ് കേരളത്തെ നാളിതുവരെ ഭരിച്ചുപോന്നത്.
കീഴാളനായ കലാകരന് ആര്.എല്‍.വി. രാമകൃഷ്ണന് വേദിനിരസിച്ചത് സവര്‍ണ ഫ്യൂഡല്‍ ബോധം പേറിയ കേരള സംഗീത നാടക അക്കാദമിയിലെ സഖാക്കന്മാരാണെന്നതും കൂട്ടിവായിക്കണം. സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്ന ആര്ത്തവസമരങ്ങളും ചുംബനസമരങ്ങളും നടക്കുമ്പോള്‍ അതിനൊക്കെ പ്രോത്സാഹനം നല്കിയതും പിണറായി സര്‍ക്കാരായിരുന്നു.
കഴിഞ്ഞുപോയ അഞ്ചു വര്‍ഷം പ്രസവിച്ചത് ഇരുട്ടിന്റെ ആശയങ്ങളെയായിരുന്നു. അതിന് മുമ്പുള്ള തുടര്‍ച്ചയായിരുന്നു അത്. ഇടത്തും വലത്തുമായി പിരിഞ്ഞിരിക്കുന്നവര്‍ സാംസ്കാരിക സ്രോതസ്സുകളെ മലിനീകരിക്കുന്നതില്‍ ഒരു പക്ഷത്താണ്. ദുരധികാരത്തിന്റെ തണല്‍പറ്റി നാടിന്റെ മാനബിന്ദുക്കളെ ആക്രമിക്കുന്ന കിരാതഭരണമാണ് കേരളത്തെ പിന്നോട്ട് നടത്തുന്നത്. കൃഷ്ണസങ്കല്പത്തെ വക്രീകരിച്ചവതരിപ്പിച്ച ശ്യാമമാധവത്തിന് പൂന്താനം പുരസ്കാരം നല്കിയാദരിച്ച ചിന്താപരമായ അടിമത്തം ഒരു പക്ഷത്തിന് മാത്രമുള്ളതല്ല.
ഇരുപക്ഷത്തിനും ഒരു സ്വഭാവമാണ്. ഇവയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലക്ക് എറിയണം. തെരഞ്ഞെടുപ്പ് എന്നത് ചെകുത്താനല്ലെങ്കില് കടല്‍ എന്ന നിസ്സഹായതയല്ല. മറിച്ച് ദേശാഭിമുഖ്യമായി ചിന്തിക്കുന്ന സാം സ്കാരിക ധാരയെ പ്രതിഷ്ഠിക്കുക എന്നത് കൂടിയാണ്. ജനവിധി ദേശീയതയുടെ സൂര്യോദയത്തിലേക്ക് കേരളത്തെ നയിക്കട്ടേ. ഇരുള് മാറുമല്ലോ സൂര്യനുദിക്കുമ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: