കൊല്ലം: ഇരവിപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എം.നൗഷാദ് വോട്ട് പിടിക്കാൻ ശ്രീനാരായണ ഗുരുദേവന്റെ ചിത്രവും ഉപയോഗിച്ച് തുടങ്ങിയതിനെതിരെ പ്രതിഷേധം ഉയരുന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല കൊല്ലത്തിന് സമ്മാനിച്ച എൽഡിഎഫിന് ഒരു വോട്ട് എന്നാണ് ഗുരുദേവന്റെ ചിത്രത്തിനൊപ്പം നൗഷാദിന്റെ ചിത്രവും ചേർത്തുള്ള അഭ്യർത്ഥന.
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ലോഗോയിൽ ഗുരുദേവൻ പോയിട്ട് ഒറ്റ വചനം പോലും ഇല്ലെന്നത് ഏറെ വിവാദമായിരുന്നു. വിവാദവും പ്രതിഷേധവും കനത്തതോടെ ലോഗോ പിൻവലിച്ചെങ്കിലും പുതിയ ലോഗോ ഇതുവരെ പുറത്തുകാണിച്ചിട്ടില്ല. ഓപ്പൺ സർവ്വകലാശാലയുടെ വി.സിയായി ശ്രീനാരായണീയനായ ഒരു വിദ്യാഭ്യാസ വിചക്ഷണനെ നിയമിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും മന്ത്രി കെ.ടി ജലീൽ അദ്ദേഹത്തിന്റെ അടുപ്പക്കാരനും സമുദായാംഗവുമായ ഒരാളെയാണ് നിയമിച്ചത്. ഇങ്ങനെയെല്ലാം തികഞ്ഞ അവഗണനയാണ് ഈഴവ സമുദായത്തോട് കാണിച്ചത്.
ഏറ്റവുമൊടുവിൽ കൊല്ലം എസ്.എൻ കോളേജിന്റെ സ്ഥലം കയ്യേറി ഇൻഡോർ സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമവും വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതൊക്കെ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കരുതിയാകാം എം.നൗഷാദ് തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോസ്റ്ററിൽ ഗുരുദേവനെ ഉൾപ്പെടുത്തിയതെന്ന് വേണം കരുതാൻ. വലിയൊരു ജനസമൂഹം ദൈവമായി ആരാധിക്കുകയും വണങ്ങുകയും ചെയ്യുന്ന ഗുരുദേവന്റെ ചിത്രം പ്രചാരണായുധമാക്കുന്നത് വൻ അമർഷമാണ് വോട്ടർമാരിലുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: