ബത്തേരി: സി.കെ. ജാനുവിനെ ബത്തേരി നിയമ സഭാ മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട അവശ്യമില്ല. ഭൂസമരങ്ങളുടെയും നില്‍പ്പ് സമരത്തിലൂടെയും കേരള ജനതയുടെ മനം കവര്‍ന്ന വനവാസി നേതാവാണ് അവര്‍. ഇത്തവണ താമര ചിഹ്നത്തിലാണ് അവര്‍ ജനവിധി തേടുന്നത്.
മണ്ഡലത്തിലുടനീളം ജാനുവിന് ഊഷ്മള വരവേല്‍പ്പാണ് ലഭിക്കുന്നത്. വനവാസികളോട് അവരുടെ ഭാഷയില്‍ സംസാരിച്ചും കുശലം പറഞ്ഞും പാട്ട് പാടിയുമാണ് പ്രചാരണം. ഭൂമിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണെന്നും അതുകൊണ്ട് തന്നെ ഭൂസമരം പുനരാരംഭിക്കുമെന്നും ജാനു പറഞ്ഞു. പ്രധാന മന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും ആശീര്‍വാദത്തോടെയാണ് താന്‍ മത്സരിക്കുന്നത് എന്നും കേന്ദ്ര പദ്ധതികള്‍ നടപ്പാക്കി ബത്തേരിയെ മാതൃകാ മണ്ഡലമാക്കുമെന്നും ജാനു ഉറപ്പ് നല്‍കുന്നു.
1995 ലെ പനവല്ലി ഭൂസമരമാണ് ജാനുവെന്ന വനവാസി യുവതിയെ സംസ്ഥാനത്തെ അറിയപ്പെടുന്ന നേതാവാക്കി മാറ്റിയത്. അമ്പത്തി അഞ്ചോളം കുടുംബങ്ങള്‍ പനവല്ലി ഭൂമിയില്‍ നിന്ന് പൊന്ന് വിളയിക്കുന്നു. വനവാസികള്‍ക്ക് ഭൂമി നല്‍കിയാല്‍ അവര്‍ നന്നാകില്ലന്ന വരേണ്യ വര്‍ഗ്ഗത്തിന്റെ ജല്‍പനങ്ങളാണ് ചീട്ട് കൊട്ടാരം പോലെ ജാനു തകര്‍ത്തത്. വയനാടന്‍ ജനതയുടെ റെയില്‍വേ എന്ന ആവശ്യം സാക്ഷാത്കരിക്കുവാന്‍ ശ്രമിക്കുമെന്നും സി.കെ ജാനു പറഞ്ഞു.
നഞ്ചന്‍ങ്കോട് റെയില്‍പാത വരുമെന്ന് ജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു കാലങ്ങളായി ഇടതും വലതും മുന്നണികള്‍. രാത്രിയാത്രാ നിരോധനത്തിലും സ്ഥിതി മറിച്ചല്ല. എന്‍ഡിഎ മുന്നണിക്ക് മാത്രമെ ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ഇരുമുന്നണികളും ഒറ്റക്കെട്ടായാണ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നത്.
അതുപോലെതന്നെ ബഫര്‍സോണുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഇടപെടലും ഇവര്‍ക്ക് ചെയ്യാനായിട്ടില്ല എന്നും അവര്‍ പറഞ്ഞു. വികസനത്തിന്റെ പേരില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇടത് വലത് മുന്നണികള്‍ വിനാശം വിതക്കുകയാണ്. വികസനം മൗലീക അവകാശമാണ് ഇടത് വലത് മുന്നണികളിലെ എംഎല്‍എമാരുടെ രാഷ്‌ട്രീയ വ്യാപ്തി മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്നത് കൊണ്ടാണ് രാത്രി യാത്രാ നിരോധനം, റെയില്‍വേ, ബദൽപാത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നത്. ഇത് പരിഹരിക്കാല്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് കഴിയുമെന്നും അവര്‍ പറഞ്ഞു.
പ്രസംഗങ്ങിക്കാനുള്ള പദ്ധതികള്‍ അല്ല വേണ്ടത് നടപ്പാക്കാനുള്ള പദ്ധതികള്‍ വേണം. അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും ബത്തേരി മണ്ഡലത്തില്‍ ജനവിധി തേടുന്ന തനിക്ക് താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തണം എന്നും ജാനു വിവിധ ഇടങ്ങളില്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്, സംസ്ഥാന സെക്രട്ടറിമാരായ പ്രകാശന്‍ മൊറാഴ, പ്രദീപ് കുന്നുകര തുടങ്ങിയവരും ബിജെപി നേതാക്കളായ വി.മോഹനന്‍, കെ.പി മധു, രാധാ സുരേഷ്, ടി.കെ ദീനദയാല്‍, ടി.എന്‍ വിജയന്‍, എം.കെ രാമനാഥന്‍, പി.വി നാരായണന്‍, സാവിത്രി കൃഷ്ണന്‍കുട്ടി, അംബികാ കേളു, തങ്കമ്മ വി.കെ, ഷിനോജ് കെ.ആര്‍ തുടങ്ങിയവരും മണ്ഡലം തെരഞ്ഞെടുപ്പ് സംയോജകനായ സി.കെ ബാലകൃഷ്ണനും വിവിധ പരിപാടികളില്‍ പങ്കെടുത്തു.
രാവിലെ 9 മണിയോടെ നെല്ലാറച്ചാല്‍ കുറുമ കോളനിയിലായിരുന്നു ജാനുവിന്റെ പര്യടന തുടക്കം. കോളനി കാരണവര്‍ കുമാരന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് അവിടെ ലഭിച്ചത്. കോളനിയില്‍ ഒരുക്കിയ പ്രഭാത ഭക്ഷണം കഴിഞ്ഞ് 10.30 ന് നെല്ലാറച്ചാല്‍ ഗവര്‍മെന്റ് ഹൈസ്‌ക്കൂള്‍ സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ത്ഥന നടത്തി. പിടിഎ വൈസ് പ്രസിഡന്റ് നാരായണന്‍കുട്ടി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച് പരിചയപ്പെടുത്തി 10.50ന് നെല്ലാറച്ചാല്‍ ടൗണിലെ പൊതുയോഗ സ്ഥലത്തേക്ക്. ബിജെപി ബൂത്ത് പ്രസിഡന്റ് എന്‍.കെ രമണന്‍ സ്ഥാനാര്‍ത്ഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു.
തുടര്‍ മണ്ഡലത്തിലെ വികസത്തിലൂന്നിയുള്ള സി.കെ ജാനുവിന്റെ ദീര്‍ഘമായ പ്രസംഗം. 11.20 ഓടെ പുറ്റാട് മലയച്ചംകൊല്ലി കോളനിവാസികളെ ജാനു അഭിസംബോധന ചെയ്തു. വനവാസികളെ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ ആക്കിയെന്നും. കോളനിയില്‍ മുമ്പ് നടന്ന മാനഭംഗ സംഭവവും കോളനിയിലെ ശോച്യാവസ്ഥയും ജാനു വിവരിച്ചു. 12 മണിയോടെ പെരുമ്പാടി കുന്നിലേക്ക്. മഹിളാ മോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം ഷൈലജ വിശ്വനാഥന്‍ ഹാരം അണിയിച്ച് സ്വീകരിച്ചു 12.20 വരെ ദീര്‍ഘമായ പ്രസംഗം 12.35 ന് തോമാട്ട്ചാലിലെ യോഗത്തെ അഭിസംബോധന ചെയ്ത് വോട്ട് അഭ്യര്‍ത്ഥന നടത്തി. തുടര്‍ന്ന് 1.20ന് ആണ്ടൂര്‍, 2 മണിക്ക് കരടിപ്പാറയിലും ജാനു പ്രസംഗിച്ചു. കരടിപ്പാറയിടെ ഉച്ചഭക്ഷണത്തിന് ശേഷം ചുള്ളിയോട്, കോളിയാടി, മേലേപുത്തന്‍കുന്ന്, കഴമ്പ് തുടങ്ങിയ ഭാഗങ്ങളില്‍ ജാനു വോട്ട് അഭ്യര്‍ഥന നടത്തുകയും യോഗങ്ങളില്‍ സംസാരിക്കുകയും ചെയ്തു. വൈകുന്നേരം ആറ് മണിയോടെ ചീരാലില്‍ നടന്ന സമാപന യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: