ആറ് പതിറ്റാണ്ടായി കേരളം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു-വലതു മുന്നണികള്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. തെരഞ്ഞെടുപ്പുകള്‍ തോറും ഇരുമുന്നണികളും പുറത്തിറക്കിക്കൊണ്ടിരിക്കുന്ന പ്രകടനപത്രികകള്‍ക്കും ഇതേ സ്വഭാവമാണുള്ളത്. ജനങ്ങളുടെ മറവിയില്‍ വിശ്വാസമര്‍പ്പിച്ച് വാഗ്ദാനലംഘനങ്ങളുടെ പരമ്പരകളാണ് സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫിന്റെയും, കോണ്‍ഗ്രസ്സ് നയിക്കുന്ന യുഡിഎഫിന്റെയും പ്രകടനപത്രികകള്‍. വോട്ടര്‍മാര്‍ക്കു മുന്നില്‍ പരസ്പരം എതിര്‍ക്കുന്ന പാര്‍ട്ടികള്‍ പിടിക്കുന്ന പലതരം കൊടികളുടെ നിറംമാറ്റംപോലും ഇടതു-വലതു മുന്നണികളുടെ പ്രകടന പത്രികകളില്‍ പ്രതിഫലിക്കാറില്ല. എല്‍ഡിഎഫ്, യുഡിഎഫ് എന്ന തലക്കെട്ട് ഒഴിവാക്കിയാല്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പകര്‍പ്പെടുത്ത് ഇരുകൂട്ടര്‍ക്കും ഉപയോഗിക്കാം. തെരഞ്ഞെടുപ്പു കാലത്തെ ഒരു അനുഷ്ഠാനമെന്നതിനപ്പുറം നടപ്പാക്കാന്‍ ബാധ്യസ്ഥമായ ജനങ്ങള്‍ക്കു നല്കുന്ന ഉറപ്പായി പ്രകടനപത്രികയെ ഇടതു-വലതു മുന്നണികള്‍ കണക്കാക്കാറില്ല. ഭരിക്കാന്‍ എത്ര തവണ അവസരം കിട്ടിയാലും ചില കഞ്ഞിവീഴ്ത്തലുകള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ചെയ്യാറുള്ളത്. ഇതില്‍ ഒരുതരത്തിലുള്ള കുറ്റബോധമോ ജാള്യതയോ മുന്നണി നേതാക്കള്‍ക്കുള്ളതായി ജനങ്ങള്‍ക്ക് തോന്നിയിട്ടില്ല.
ഇടതു-വലതു മുന്നണികള്‍ ഇതിനകം സ്വന്തം പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തിയ വാഗ്ദാനങ്ങളുടെ ഒരു ശതമാനമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ കേരളം എന്നേ സ്വര്‍ഗമാകുമായിരുന്നു. വികസനരാഹിത്യം എന്നൊന്ന് ഉണ്ടാകുമായിരുന്നില്ല. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയുടെ കാര്യത്തിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥ വരുമായിരുന്നു. എന്നാല്‍ ഇവയൊക്കെ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വികലമായ നയങ്ങളും ആത്മാര്‍ത്ഥതയില്ലാത്ത സമീപനവുമാണ് ഇതിനു കാരണമെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇവിടെയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയുടെ പ്രസക്തി. കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമായി വ്യത്യസ്തമായ സമീപനവും വ്യക്തമായ നയങ്ങളും പ്രായോഗികമായ പദ്ധതികളുമാണ് എന്‍ഡിഎയുടെ പ്രകടനപത്രികയിലുള്ളത്. ലൗജിഹാദ് തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന പ്രഖ്യാപനംതന്നെ ഇടതു-വലതു മുന്നണികളില്‍ നിന്ന് വ്യത്യസ്തമാണ് തങ്ങളുടെ നയമെന്ന് വ്യക്തമാക്കുന്നു. കേരളത്തിലെ ഹൈന്ദവ-ക്രൈസ്തവ സമൂഹങ്ങള്‍ കണ്മുന്നില് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിപത്തായിരുന്നിട്ടും ലൗജിഹാദിനെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ പ്രകടനപത്രികകളില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല. ക്ഷേത്രങ്ങളുടെ ഭരണം രാഷ്ട്രീയ മുക്തമാക്കുമെന്ന് എന്‍ഡിഎ പ്രകടനപത്രികയില്‍ പറയുന്നതിനോടും ഇടതു-വലതു മുന്നണികള്‍ക്ക് മൗനമാണ്.
ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് എന്‍ഡിഎ പറയുമ്പോള്‍ അതൊരു വെറും വാക്കല്ല. ശബരിമലയുടെ സമഗ്ര വികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിരിക്കുന്നു. ഭൂരഹിതരായ പട്ടികജാതി-പട്ടിക വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കുമെന്ന പ്രഖ്യാപനം ഭൂപരിഷ്കരണത്തിലൂടെ വഞ്ചിക്കപ്പെട്ട അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നീതി ഉറപ്പുനല്‍കുന്നു. അഴിമതി നിര്‍മാര്‍ജനം ചെയ്ത് സദ്ഭരണവും വികസനവും ഉറപ്പുവരുത്തുന്ന കാര്യക്ഷമമായ നിര്‍ദേശങ്ങള്‍ എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്നുണ്ട്. പരമ്പരാഗത തൊഴില്‍ പ്രോത്സാഹിപ്പിക്കാന്‍ വിശ്വകര്‍മ ഗുരുകുലം സ്ഥാപിക്കുമെന്ന നിര്‍ദ്ദേശത്തിന് വലിയ പിന്തുണ ലഭിക്കും. ‘വീട്ടിലൊരു ചിത്രം നാട്ടിലൊരു ശില്‍പ്പം’ എന്ന സാംസ്കാരിക രംഗത്തെ പദ്ധതി ഭാവാത്മകമാണ്. കേരളത്തെ വ്യവസായ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ യാഥാര്‍ത്ഥ്യബോധത്തിലധിഷ്ഠിതമായി ആകര്‍ഷകവും പ്രായോഗികവുമായ പദ്ധതികള്‍ മുന്നോട്ടുവച്ചിരിക്കുന്നു. എല്ലാവര്ക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവയും, മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനവും ലഭ്യമാക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷാ നിര്ഭരമാണ്. ചുരുക്കത്തില്‍ ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയസമീപനമാണ് എന്‍ഡിഎയുടെ പ്രകടന പത്രികയില്‍ നിറഞ്ഞുനില്ക്കുന്നത്. അതാകട്ടെ ആത്മനിര്‍ഭര കേരളത്തിലേക്ക് നയിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: