കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എത്തിയ കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്റെ കഴുത്തിന് കുത്തിപ്പിടിച്ച് മുഖ്യമന്ത്രിക്കൊപ്പമുള്ള സുരക്ഷ ഉദ്യോഗസ്ഥന്. കുന്നത്തൂര്‍ മണ്ഡലത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പാര്ട്ടിപ്രവര്ത്തകര്ക്കിടയിലൂടെ വന്ന മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു എം.എല്‍.എ. പെട്ടെന്നാണ് മുന്നില്‍ നിന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന് പാഞ്ഞെത്തി എം.എല്‍.എയുടെ കഴുത്തിന് കുത്തിപ്പിടിച്ചത്. മുഖ്യമന്ത്രി ഉദ്യോഗസ്ഥനെ വിലക്കും മുന്‍പു തന്നെ സുരക്ഷ ഉദ്യോഗസ്ഥന് എംഎല്‍എയെ കഴുത്തിന് കുത്തിപ്പിടിച്ചിരുന്നു.
അതേസമയം സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്ന് എതിര് സ്ഥാനാര്‍ത്ഥി ഉല്ലാസ് കോവൂര്‍ അഭിപ്രായപ്പെട്ടു. ഇരുപത് വര്‍ഷമായി ഈ നാട്ടിലെ ജനപ്രതിനിധി ആയിരുന്നു കുഞ്ഞുമോന്, ഈ നാടുമുഴുവന്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും ഫ്ളക്സുകളുമുണ്ട്. ആ കുഞ്ഞുമോനെ ഈ നാട്ടില്‍ വെച്ച് ഇങ്ങനെ അക്രമിക്കാമെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരന്റെ ആത്മാഭിമാനത്തിന് എന്ത് വിലയാണുള്ളത്. ഒരു എംഎല്‍എ എന്ന നിലയില്‍ കുഞ്ഞുമോനോട് എന്തൊക്കെ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും, എന്റെ ഇല്ലായ്മകളെ അദ്ദേഹം പരസ്യമായി പരിഹസിച്ചിട്ടുണ്ടെങ്കിലും നിലവില്‍ അദ്ദേഹം ഈ നാടിന്റെ ജനപ്രതിനിധി ആണ്. അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അപമാനിക്കുന്നത് ഈ നാട്ടിലെ ഓരോ സാധാരണക്കാരനും നേരെയുള്ള അപമാനമാണ്. എത്രയും വേഗം എംഎല്‍എ യുടെ മേല്‍ കൈവെച്ച ആ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് മുഖ്യമന്ത്രി കുഞ്ഞുമോനോടും കുന്നത്തൂരുകാരോടും മാപ്പ് പറയണമെന്നും ഉല്ലാസ് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: