തൃശൂര്‍: ആചാരലംഘനത്തിലൂടെ ശബരിമല ക്ഷേത്രവും ക്ഷേത്ര വിശ്വാസവും ക്ഷേത്ര സംസ്കാരവും ഇല്ലാതാക്കി ഹിന്ദുസമൂഹത്തെ ധാര്‍മികമായി തകര്‍ക്കാനുള്ള സിപിഎം ഭരണകൂടത്തിന്റെ ശ്രമത്തിനെതിരെ അയ്യപ്പ വിശ്വാസികള്‍ ഇനിയും കരുതിയിരിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍.
അയ്യന്തോള്‍ ഉദയനഗര്‍ സരസ്വതി വിദ്യാനികേതനില്‍ ഹിന്ദു ഐക്യവേദിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
സുപ്രീംകോടതി വിധിയുടെ മറവില്‍ അയ്യപ്പ വിശ്വാസികളെയും തന്ത്രിമുഖ്യന്മാരേയും ആധ്യാത്മിക ആചാര്യന്മാരേയും ഹൈന്ദവ സംഘടനകളെയും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ശ്രമിച്ചത് ഹിന്ദുവിന്റെ ധാര്‍മ്മികതയെ തകര്‍ക്കാന്‍ വേണ്ടിയായിരുന്നു. ക്ഷേത്രാചാരത്തേയും ക്ഷേത്ര തന്ത്രിയേയും ഭഗവാനേയും അധിക്ഷേപിച്ച സിപിഎം നേതാക്കള്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍ ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ക്ഷേത്രം എന്നിവയടക്കം നിരവധി ക്ഷേത്രങ്ങള്‍ എന്നും വിവാദമായി തീര്‍ക്കുന്നു. മാതാ അമൃതാനന്ദമയി ദേവി, സ്വാമി ചിദാനന്ദപുരി ഉള്‍പ്പെടെയുള്ള ആധ്യാത്മികാചാര്യന്മാരെ അധിക്ഷേപിക്കുകയാണ്. ഹിന്ദു ധര്‍മത്തേയും സംസ്കാരത്തേയും തകര്‍ക്കാനുള്ള കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ്-മതമൗലികവാദ സംഘടനകളുടെ അച്ചുതണ്ടും പരിശ്രമവും ഹിന്ദുക്കള്‍ ഒന്നിച്ച് നിന്ന് അതിജീവിക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടിത മതവിഭാഗങ്ങള്‍ മതസ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ സമരം ചെയ്യേണ്ടി വരുന്നത് ഹിന്ദു വോട്ടിന്റെ കുറവു കൊണ്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ഡോ. ടി.കെ. വിജയരാഘവന് അധ്യക്ഷത വഹിച്ചു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്, ജില്ലാ ജനറല്‍ സെക്രട്ടറി പ്രസാദ് കാക്കശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: