അമ്പലപ്പുഴ: കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന മത്സ്യ ബന്ധന ഉപകരണങ്ങളുടെ നഷ്ടപരിഹാരം പ്രഖ്യാപനത്തില്‍ ഒതുക്കി. ഇടതു സര്‍ക്കാര്‍ കബളിപ്പിച്ചത് നൂറുകണക്കിന് മത്സ്യതൊഴിലാളി കുടുംബങ്ങളെ. പുന്നപ്ര കടപ്പുറത്ത് 2016ല്‍ ഉണ്ടായ മിനി സുനാമിയിലാണ് നിരവധി മത്സ്യ ബന്ധന ഉപകരണങ്ങള്‍ തകര്‍ന്ന് കോടികളുടെ നഷ്ടം സംഭവിച്ചത്. തകര്‍ന്ന ഉപകരണങ്ങളുടെ നാശനഷ്ടം വിലയിരുത്തുകയും പുന്നപ്ര മത്സ്യതൊഴിലാളി വികസന ക്ഷേമസഹകരണ സംഘത്തിന്റെ ബോണസ് വായ്പാമേളയില്‍ മന്ത്രി ജി. സുധാകരന് ഒരു കോടി അഞ്ചുലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നും നടപ്പായിക്കാതെ മത്സ്യതൊഴിലാളികളെ കബളിപ്പിക്കുകയായിരുന്നു.
അനുവദിച്ചു എന്ന് പ്രഖ്യാപിച്ച തുക വിതരണം ചെയ്യാതെയാണ് പിണറായി സര്‍ക്കാര്‍ പാവങ്ങളെ പറ്റിച്ചത്. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് മാസത്തിലാണ് പുന്നപ്ര ചള്ളി കടല്‍ പുറത്ത് അപ്രതീക്ഷിതമായ കടല്‍ക്ഷോഭം ഉണ്ടായത്. ഇതില്‍ ഇരുപത്തിയാറോളം വള്ളങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. വല, എന്ജിന് തുടങ്ങി ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കടലില്‍ ഒഴുകി പോയി. രണ്ടു പേര് മുതല്‍ 40 പേര് വരെ ജോലി നോക്കുന്ന വള്ളങ്ങളാണ് ഇത്തരത്തില്‍ തകര്‍ന്നത്. ഇതോടെ ഒരു ലക്ഷം മുതല്‍ 30 ലക്ഷം രൂപയുടെ വരെ നഷ്ടം ഉണ്ടായി. കടം വാങ്ങിയും, ലോണ്‍ എടുത്തുമാണ് മുഴുവന്‍ ആളുകളും മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നത്.
നഷ്ടത്തിന്റെ കണക്ക് മത്സ്യഫെഡ് അടക്കം വിലയിരുത്തുകയും താല്കാലിക നഷ്ടപരിഹാരമായി തൊഴിലാളികള്‍ക്ക് നല്കാന് ഒരു വള്ളത്തിന ഒരു ലക്ഷം രൂപ നല്കി സര്‍ക്കാര്‍ കൈയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് മന്ത്രി സുധാകരന് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കായി ഒരു കോടി 5 ലക്ഷം രൂപ അനുവദിച്ചത്.
എന്നാല്‍ പ്രഖ്യാപനം തട്ടിപ്പായതോടെ അന്ന് തകര്‍ന്ന വള്ളങ്ങള്‍ ഇന്നും പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കാതെ നിരവധി മത്സ്യതൊഴിലാളികള്‍ ദുരിതക്കയത്തില്‍ ആകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: