പത്തനംതിട്ട: കോന്നി ബി ആന്‍ഡ് ബി അപ്പാര്‍ട്ട്മെന്റിലെ 202-ാം നമ്പര്‍ മുറി രാവിലെ തന്നെ സജീവമായി. കോന്നിയില്‍ പോരാട്ടത്തിനിറങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് മണ്ഡല പര്യടനം ആരംഭിക്കാനൊരുങ്ങുമ്പോള്‍ ദൃശ്യ, മാധ്യമ പ്രതിനിധികളെത്തി. അഭിമുഖത്തിനായി ഒരു മണിക്കൂര്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. സൂരജ്, ഡി. അശോക്കുമാര്, ബി. വിപിന്‍, സുവര്‍ണകുമാര്‍ എന്നിവര്‍ക്കൊപ്പം പുറത്തിറങ്ങിയപ്പോള്‍ത്തന്നെ ആരവങ്ങളുടെ കൊടിയേറ്റം.
വള്ളിക്കോട് കുളത്തൂരേത്ത് ലക്ഷംവീട് കോളനിയിലായിരുന്നു പ്രഭാത ഭക്ഷണം. ഒരു കാര്‍ കഷ്ടിച്ച് കയറുന്ന മണ്‍വഴികളിലൂടെയുള്ള യാത്ര. അവിടെ മോഹനന്റെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിക്കുന്ന വീടുകളുടെ കൂട്ടമാണവിടം. സര്‍ക്കാര്‍ കൊട്ടിഗ്ഘോഷിക്കുന്ന വികസനത്തിന്റെ യഥാര്‍ഥ ദൃശ്യമാണ് ഈ പ്രദേശം. കോളനിയിലെ വിവരങ്ങളെല്ലാം വിശദമായി സുരേന്ദ്രന് അന്വേഷിച്ചു.
ഇല്ലായ്മകളാണ് കോളനി നിവാസികള്‍ പറഞ്ഞതു മുഴുവന്‍. വാഗ്ദാനങ്ങള്‍ക്ക് കുറവില്ല. ഇരുമുന്നണികളും ഇവിടെ നിരത്തിയ ഉറപ്പുകള്‍ സ്വപ്ന തുല്യമായിരുന്നു. ഒന്നും നടന്നില്ലെന്നു മാത്രം. വീഴാറായ ഇരട്ട വീടുകളിലാണ് ഡസന്‍ കണക്കിന് കുടുംബങ്ങളുള്ളത്. പിഞ്ചുകുഞ്ഞുങ്ങളും വയോധികരുമടക്കം ഇവിടെ അന്തിയുറങ്ങുന്നു. കുടിവെള്ളമില്ല, ജോലിയില്ല, പട്ടിണിയും പരിവട്ടവുമായി ദിനങ്ങള്‍ തള്ളി നീക്കുന്നവര്‍. പഴയ ലക്ഷംവീട് കോളനിയായതിനാല്‍ ഇരട്ട വീടുകളാണുള്ളത്. രണ്ട് കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്നു, ഇതിനൊരു മാറ്റം വരണമെന്നാണ് തിങ്ങി നിറഞ്ഞ സ്ത്രീകളടക്കമുള്ളവര്‍ ആവശ്യപ്പെട്ടത്.
‘ഞാന്‍ ജയിച്ചാല്‍ ആദ്യം ഈ കോളനിയിലെ ദുരിതം മാറ്റും’. എന്നു സുരേന്ദ്രന് പറഞ്ഞതിനു പിന്നാലെ ‘മോന് ജയിക്കും, ഞങ്ങള്‍ ജയിപ്പിക്കും’ എന്ന ആരവം ഉയര്‍ന്നു. കോളനിയിലെ വീടുകളിലെല്ലാം കയറി കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന വികസന പദ്ധതികള്‍ സുരേന്ദ്രന് വിശദീകരിച്ചു. കോളനിയിലെ ഏറ്റവും പ്രായമേറിയ രാഘവനെയും വീട്ടിലെത്തി കണ്ട് അനുഗ്രഹം വാങ്ങിയായിരുന്നു മടക്കം.
ആചാര സംരക്ഷണ നായകന് വരുന്നതിനു കാത്തു നില്‍ക്കുകയായിരുന്നു വള്ളിക്കോട് ജങ്ഷനില്‍ സ്ത്രീകളും യുവാക്കളുമടക്കം പുരുഷാരം. ആവേശോജ്വല വരവേല്‍പ്പ്. വിശ്വാസികള്‍ക്കുവേണ്ടി മുന്നണിപ്പോരാളിയാവാന്‍ ഞാനുണ്ടെന്ന പ്രഖ്യാപനത്തിനു മുകളില്‍ ശരണംവിളികള് അലയടിച്ചു. പിന്നീട് നരിയാപുരം ജങ്ഷന്, തൃക്കോവില്‍ ക്ഷേത്രം, വള്ളിക്കോട് മാര്‍ക്കറ്റ് ജങ്ഷന്, വാഴമുട്ടം എന്നിവിടങ്ങളിലും തുടര്‍ന്ന് പ്രമാടം പഞ്ചായത്തിലെ പൂങ്കാവ്, വട്ടക്കുളഞ്ഞി, തെങ്ങുംകാവ്, ഇളകൊള്ളൂര്‍, ളാക്കൂര്‍, വി കോട്ടയം, വകയാര്‍ ജങ്ഷന് എന്നിവിടങ്ങളിലുമെല്ലാം ജനങ്ങള്‍ ആവേശത്തോടെ സുരേന്ദ്രനെ കാത്തു നിന്നു, വരവേറ്റു, അനുഗ്രഹിച്ചു.
വകയാറില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് അല്പം വിശ്രമം. ഉച്ചയ്ക്കുശേഷം സ്വീകരണം ആരംഭിച്ചത് ഏനാദിമംഗലം അമ്പല ജങ്ഷനിലാണ്. ഇവിടെ നടുറോഡില്‍ കിരീടമണിയിച്ചായിരുന്നു സ്വീകരണം. അവിടെ നിന്നു കുറുമ്പക്കര, കുന്നിട ജങ്ഷന്, മങ്ങാട്, ഇളമണ്ണൂര്‍ പൂതങ്കര വഴി അരുവാപ്പുലം പഞ്ചായത്തില്‍ പ്രവേശിച്ചു. മ്ലാന്തടം, പുളിഞ്ചാണി, വെണ്മേലിപ്പടി എന്നിവിടങ്ങളില്‍ ആവേശോജ്വല സ്വീകരണങ്ങള്‍. രാത്രി കോന്നി പഞ്ചായത്തിലെ മാരൂര്‍പ്പാലം, മങ്ങാരം എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വന്‍ ജനാവലിയോടെയായിരുന്നു ചിറ്റൂര്മൂക്കിലെ സമ്മേളനം.
ബാബു കൃഷ്ണകല
പ്രതികരിക്കാൻ ഇവിടെ എഴുതുക: