എസ്. ബി. പണിക്കര്‍
ഏകാഭാര്യാ പ്രകൃതി ചപലാ
നിശ്ചലാ ച ദ്വിതീയാ
പുത്രോനംഗാ ത്രിഭുവന ജയീ
മന്മഥോ ദുര്‍ന്നിവാരഃ
ശേഷഃശയ്യാ, വസതി രുദധിര്
വാഹനം പന്നഗാരീ
സ്മാരം സ്മാരം സ്വഗൃഹചരിതം
ദാരൂഭൂതോ മുരാരി
ചിന്തിക്കാനും ആലോചിച്ചു രസിക്കാനുമുള്ളതാണ് ഈ ശ്ലോകം. മഹാലക്ഷ്മിയും ഭൂമീദേവിയും വിഷ്ണുവിന്റെ പത്നിമാര്‍. ആദ്യത്തവള്‍ പ്രകൃത്യാ ചാപല്യം പൂണ്ടവളാണ്. എവിടെയെല്ലാം പോകുമെന്ന് നിശ്ചയമില്ല. ശ്രീഭൂവിലസ്ഥിര എന്നാണല്ലോ ചൊല്ല്. അതായത് ഐശ്വര്യം എന്നും ഒരിടത്തു തന്നെ നില്ക്കുകയില്ല. ഇന്നു മാളിക മുകളില്‍ വസിക്കുന്നവന് എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ട് നാളെ തെരുവില്‍ പിച്ച തെണ്ടുന്നു. ഒരു നേരത്തെ കഞ്ഞിക്കു വകയില്ലാത്തവന് വലിയ പണക്കാരനാക്കുന്നു.
ഇനി ഭൂമീദേവിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുക. അവള് ഒരിടത്തു തന്നെ നിശ്ചലയായി സ്ഥിതി ചെയ്യുന്നു.
ത്രിലോകങ്ങളെ ജയിച്ചവനും ആരുടെയും മനസ്സിനെ മഥിക്കുന്നവനുമായ (മന്മഥന്) പുത്രനാണ് കാമദേവന്. പക്ഷേ അനംഗന്‍,അംഗമില്ലാത്തവനായി പോയി. കഠിന തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന മഹാദേവന്റെ തപസ്സിനു വിഘ്നം വരുത്തിയവനാണ് കാമദേവന്. ഉഗ്രനായ ശിവഭഗവാന് മൂന്നാം തൃക്കണ്ണില്‍ നിന്നുള്ള അഗ്നിയാല്‍ കാമനെ ഒരു പിടി ചാമ്പലാക്കി. സതിയുടെ ദേഹവിയോഗം ഓര്‍ക്കുക. പര്‍വത രാജപുത്രിയായ ശ്രീ പാര്‍വതി ചന്ദ്രശേഖരനെ ഭര്‍ത്താവായി ലഭിക്കാന്‍ വേണ്ടി കഠിന തപസ്സു ചെയ്തതും പരീക്ഷണത്തില്‍ വിജയിച്ച പാര്‍വതിയെ വരിച്ചതുമായ പുരാണകഥ നമുക്ക് ഇടയ്ക്ക് ഓര്‍ക്കാം.
വിഷ്ണുവിന്റെ വാസം ഉദധിയില്‍ അതായത് പാല്ക്കടലില്. ശയ്യ ശേഷനില്‍. വാഹനം പന്നഗാരി. അതായത് ഗരുഡന്റെ പുറത്താണ് യാത്ര. ഇരുവരും ആജന്മ ശത്രുക്കള്‍. ഇവരെ പരസ്പരം ഏറ്റുമുട്ടാതെ അടക്കി നിര്‍ത്തണം. ഇപ്രകാരം കുടുംബത്തിലെ സ്ഥിതിഗതികള്‍ ആലാചിച്ചപ്പോള്‍ മുരാരി തടി പോലെ നിശ്ചലനായിപ്പോയത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: