അഹന്താ നിന്ദ
അടുത്ത 12 ശ്ലോകങ്ങളിലായി അഹന്തയെ നിന്ദിക്കുകയാണ് ചെയ്യുന്നത്.
ശ്ലോകം 298
സന്ത്യന്യേ പ്രതിബന്ധാഃ പുംസഃ
സംസാര ഹേതവോ ദൃഷ്ടാഃ
തേഷാമേകം മൂലം പ്രഥമ-
വികാരോ ഭവത്യഹംകാരഃ
മനുഷ്യന് സംസാരത്തിന് കാരണമായ വേറേയും തടസ്സങ്ങളുണ്ട്. അതില്‍ ആദ്യത്തേത് അഹങ്കാരമാണ്. സംസാര ബന്ധനത്തിന് കാരണമായി അഹങ്കാരത്തിന് പുറമെ രാഗം, ദ്വേഷം തുടങ്ങിയവയുണ്ട്. അവയെല്ലാം ജ്ഞാനപ്രാപ്തിക്ക് തടസ്സങ്ങളാണ്. എന്നാല്‍ അവയുടെ മൂലം അഹങ്കാരം തന്നെയാണ്.
അനാത്മ വസ്തുക്കളായ ശരീരം മുതലായ ഉപാധികളെ ആത്മാവായി തെറ്റിദ്ധരിക്കുന്നതു പോലെ ആത്മസാക്ഷാത്കാരത്തിന് തടസ്സം നില്ക്കുന്നവ വേറെയുമുണ്ട്. മനസ്സില്‍ വിക്ഷേപമുണ്ടാക്കി രണ്ടെന്ന ഭാവത്തെ ചെയ്യുന്ന കാമം മുതലായ വികാരങ്ങളാണ് മറ്റ് തടസ്സങ്ങള്‍. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നിവയെല്ലാം കൂടുതല്‍ ദുഃഖങ്ങള്‍ക്ക് കാരണമാകും. ഇവ ജനന മരണ പ്രവാഹ രൂപമായ സംസാരത്തില്‍ നമ്മെ ദൃഢമായി ബന്ധിക്കുന്നു. അജ്ഞാനമാണ് ഏറ്റവും മൂലകാരണം. സത്യത്തെ അറിയാതിരിക്കലാണ് ഇത്. അജ്ഞാനത്തിന്റെ ആദ്യത്തെ വികാരമാണ് അഹന്ത. ഞാന്‍ എന്ന ഭാവം തന്നെയിത്.
ആത്മാനുഭൂതിക്ക് പ്രധാന പ്രതിബന്ധമായി നില്‍ക്കുകയും എല്ലാ അനര്‍ത്ഥങ്ങളേയും ഉണ്ടാക്കുന്നതുമാണ് അഹന്ത.
അഹംഭാവമാണ് എല്ലാ ദുഃഖങ്ങള്‍ക്കും കാരണമായിരിക്കുന്നത്.അഹന്തയില്ലെങ്കില്‍ ദുഃഖവുമുണ്ടാകില്ല.”ഞാന്‍ “ ഇല്ലെങ്കില്‍ മറ്റൊന്നുമില്ല.”ഞാന്‍” ഉള്ള കാലം നാനാത്വം നിലനില്ക്കും. അഹന്തയെ ഇല്ലാതാക്കിയാലേ ആദ്ധ്യാത്മിക സാധയില്‍ മുന്നേറാകൂ.
അജ്ഞാനം തന്നെയാണ് അഹങ്കാരമായി പ്രകടമാകുന്നത്.
ശരീരം, മനസ്സ് തുടങ്ങിയ ഉപാധികളിലൂടെ അവിദ്യ പ്രകടമാകുമ്പോള്‍ ഉണ്ടാകുന്ന പ്രതിഭാസമാണ് അഹംഭാവം. അതിനാല്‍ അഹംഭാവം നീങ്ങുക തന്നെ വേണം. അഹന്ത നീങ്ങിയാല്‍ സാധകന് തന്റെ വാസനാ ബന്ധനത്തില്‍ നിന്ന് മുക്തനാവും. അയാളില്‍ വാസനാ രൂപത്തിലുള്ള കര്‍മ്മഫലം അവശേഷിക്കില്ല.
കര്‍തൃത്വഭോക്തൃത്വ അഭിമാനിയായ ഒരു വ്യക്തിത്വം ഉണ്ടെങ്കിലെ കര്മ്മഫലമോ വാസനയോ ഉണ്ടാകൂ. ഞാന്‍ ചെയ്യുന്നു ഞാന്‍ അനുഭവിക്കുന്നു എന്നിങ്ങനെയുള്ള അഹന്തയില്ലെങ്കില്‍ പിന്നെ ബന്ധനം ഉണ്ടാകില്ല.
അഹന്തയില്ലാതെ കര്‍മ്മം ചെയ്താല്‍ അവിടെ ആര് കര്‍മ്മം ചെയ്തുവെന്നോ ആര് അതിന്റെ ഫലം അനുഭവിക്കുമെന്നോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല.
കൊലപാതകിയോ കുറ്റവാളിയോ ആയ ആളെ പോലീസ് അന്വേഷിച്ചു ചെല്ലുമ്പോള്‍ അയാള്‍ കുറച്ച് മുമ്പ് മരിച്ച് പോയി എന്നറിഞ്ഞാല്‍ പിന്നെ കേസിന്റെ അവസ്ഥയെന്താകും?
ആരെ പിടികൂടും? ശിക്ഷിക്കും? കേസ് അവസാനിപ്പിക്കേണ്ടി വരും.
അതുപോലെ അഹന്തയില്ലെങ്കില്‍ കര്മ്മഫലത്തിന് ഒന്നും ചെയ്യാനാകില്ല. അനുഭവിച്ച് തീരാത്ത വാസനകള്‍ ജ്ഞാനാഗ്നിയില്‍ ഭസ്മമായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: