ഡോ. രാധാകൃഷ്ണന് ശിവന്
ഭാരതത്തിലെ വിവിധ ക്ഷേത്രനിര്‍മാണ രീതികള്‍ വ്യത്യസ്തമെങ്കിലും അവകളുടെ അടിസ്ഥാനക്രമം ഒന്ന് തന്നെയാണ്. ഗര്‍ഭഗൃഹം, അന്തരാളം, മണ്ഡപം, ശിഖരം, ഗോപുരം എന്നീ ഭേദങ്ങളുടെ അടിസ്ഥാനത്തില്‍ വാസ്തുവിദ്യ ഭാരതീയ ക്ഷേത്രങ്ങളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നാഗരം, ദ്രാവിഡം, വേസരം എന്നിങ്ങനെ പേരോടുകൂടിയ പ്രാസാദങ്ങള്‍ ക്രമത്താലേ സാത്വിക രാജസ താമസങ്ങളാണ്. ഈ പ്രാസാദങ്ങള്‍ ഇനി പറയുന്ന സാത്വിക താമസരാജസമായ ദേശങ്ങളിലേക്ക് അനുയോജ്യമെന്ന് പറയുന്നുണ്ടെങ്കിലും ഇതുതന്നെ എല്ലാ ദേശങ്ങളിലും ആവാമെന്നും പൂര്‍വാചാര്യന്മാര്‍ക്ക് അഭിപ്രായമുണ്ട്.
ഹിമാലയം തൊട്ടു വിന്ധ്യാ പര്‍വതം വരെയുള്ള ദേശം സാത്വികവും വിന്ധ്യാപര്‍വതം മുതല്‍ കൃഷ്ണ നദി വരെയുള്ള ദേശം രാജസവും കൃഷ്ണ നദി മുതല്‍ കന്യാകുമാരി വരെയുള്ള ദേശം താമസവും ആണെന്നാണ് ആചാര്യന്മാരുടെ അഭിപ്രായം.
പാദുകം മുതല്‍ സ്തൂപിക വരെയുള്ള എല്ലാ അവയവഭാഗങ്ങളും ചതുരശ്രാകൃതി ആണെങ്കില്‍ അത് നാഗര പ്രസാദലക്ഷണമാകുന്നു. ഇത് കൂടത്തിനും ശാലയ്ക്കും പ്രാധാന്യമേറിയതുമാണ്. വിശേഷ സ്തംഭങ്ങളും പല നിലകളുമാകാം. എന്നാല്‍ മഹാനാസിക അലങ്കാരങ്ങള്‍ വേണ്ട.
പാദുകം മുതലോ ഗളം മുതലോ മേല്പ്പോട്ട് ആറുകോണോ എട്ടുകോണോ ആണെങ്കില്‍ അത് ദ്രാവിഡപ്രസാദമാകുന്നു. കൂടത്തിനു കോഷ്ഠത്തേക്കാള് പ്രാധാന്യവുമാകാം. ശാലകളുടെ മദ്ധ്യ ഭാഗങ്ങളില്‍ ഭദ്ര, നാസിക തുടങ്ങിയ പലവിധ അലങ്കാരവുമാകാം. കൂടം വൃത്തമായോ അഷ്ടാശ്രമായോ ചതുരശ്രമായോ വരാം.
അതുപോലെതന്നെ പാദുകാദിയായി വൃത്താകൃതിയിലുള്ള പ്രാസാദങ്ങള്‍ക്ക് വേസരം എന്നും സാമാന്യ ഭേദം പറയാം. പ്രാസാദ ശിഖരവും കൂടവും സാമാന്യേന വൃത്താകാരമാകുകയും വേണം.
ഇപ്രകാരം പ്രാസാദങ്ങളുടെ ഭേദമനുസരിച്ച് അവിടെ പ്രതിഷ്ഠഭേദവും പറയപ്പെട്ടിട്ടുണ്ട്. സൗമ്യമൂര്‍ത്തികളുടെ സരൂപ വിഗ്രഹങ്ങള്‍ നാഗര പ്രാസാദത്തിലും, രഥം, അശ്വം തുടങ്ങിയ വാഹനാരൂഢ ബിംബങ്ങള്‍ ദ്രാവിഡ പ്രാസാദത്തിലും ദമ്പതികള്‍ മുതലായവയും നൃത്തരൂപബിംബങ്ങളും വേസര പ്രസാദത്തിലും പ്രതിഷ്ഠിക്കുന്നത് വിശേഷമാകുന്നു. ഇവകളല്ലാതെയും ചെയ്യാനുള്ള വിധിയുമുണ്ട്.
നാഗര ദ്രാവിഡ വേസര ഭേദം കൂടാതെ അവസ്ഥകളനുസരിച്ചു പ്രാസാദങ്ങള്‍ക്ക് ശാന്തികം, പൗഷ്ടികം, ജയദം, അത്ഭുതം, സര്‍വ്വകാമികം എന്നീ മറ്റു ഭേദങ്ങളുണ്ട്. ഇവയില്‍ത്തന്നെ അലങ്കാരങ്ങള്‍ കൊണ്ടും മറ്റുമുള്ള പ്രത്യേകതകള്‍ കൊണ്ട് നൂറുകണക്കിന് ഭേദങ്ങള്‍ വീണ്ടും പറയപ്പെട്ടിട്ടുണ്ട്.
സാമാന്യമായി പ്രാസാദങ്ങള്‍ക്ക് വൃത്തം, ദീര്‍ഘവൃത്തം, ദീര്‍ഘചതുരം, സമചതുരം, ഷട്കോണം, അഷ്ട കോണം, ഹസ്തി പൃഷ്ഠം (ഗജപൃഷ്ഠം)എന്നിങ്ങനെ ഏഴു വിധത്തിലുള്ള ആകൃതികള്‍ ചെയ്യുക പതിവുണ്ട്.
നിര്‍മാണത്തില്‍ പരിഷക്രമത്തില് ജാതി,ഛന്ദം, വികല്പം, ആഭാസം എന്നീ മറ്റു ഭേദങ്ങളുമുണ്ട്. ജാതി പ്രാസാദത്തില്‍ പതിനൊന്ന് കോല് പരിഷ മുതല്‍ എഴുപത് കോല് പരിഷ വരെയുള്ള അറുപതു പരിഷകളില്‍ ആറു വിധമുള്ള ഭേദങ്ങളുണ്ട്. അതനുസരിച്ചാണ് നിലകളുടെയും ഭേദം. ഇത് കൂടാതെ പതിമൂന്ന് മുതല്‍ അറുപത്തിയാറ് പരിഷ വരെയുള്ള ഛന്ദ പ്രാസാദങ്ങളും ഒന്‍പതു മുതല്‍ അമ്പത്തിയാറ് പരിഷ വരെയുള്ള വികല്പ പ്രാസാദങ്ങളും പതിനൊന്നു മുതല്‍ നാല്പത്തിയെട്ടു പരിഷ വരെയുള്ള ആഭാസപ്രാസാദങ്ങളും അവകളുടെ ആറു വീതം ഭേദങ്ങളും ചേര്‍ത്ത് ഒരു നിലയില്‍ തുടങ്ങി പന്ത്രണ്ടു നിലകള്‍ വരെയുള്ള ആയിരത്തിലധികം ഭേദങ്ങള്‍ നിലവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: