പവിത്ര നദികളിലെ പുണ്യജലം പ്രതീക്ഷിച്ചിരുന്ന ആ മുഹൂര്‍ത്തം വന്നണഞ്ഞു. ശിവാജി, മഹാറാണി സൊയിരാബായി, യുവരാജ് സംഭാജി എന്നിവര്‍ സ്വര്ണപീഠത്തിലിരുന്നു. ഓരോരുത്തര്‍ക്കായി പഞ്ചാമൃതസ്നാനം നടന്നു. സമുദ്രജലംകൊണ്ട്, ശുദ്ധജലംകൊണ്ട്, സപ്തനദികളിലെ ജലംകൊണ്ട് അഭിഷേകം പൂര്‍ത്തിയായി. ഇന്ന് ആ നദികളുടെ സൗഭാഗ്യദിനമായിരുന്നു. ഗംഗേ ച യമുനേ ചൈവ, ഗോദാവരി സരസ്വതി, നര്‍മദേ സിന്ധു കാവേരി. ജലേസ്മിന് സന്നിധിം കുരു എന്ന മന്ത്രോച്ചാരണം നടന്നു. എന്നാല്‍ ഈ നദികളില്‍ ഒന്നുംതന്നെ സ്വരാജ്യത്തിനകത്ത് ഉള്‍പ്പെട്ടിരുന്നില്ല. ആ നദികള്‍ അവയുടെ മോചനത്തിനായി ശിവാജിയോട് പ്രാര്‍ത്ഥിച്ചിരിക്കാം. ശിവാജിയും തന്റെ ജീവനോദ്ദേശ്യം അതുതന്നെയാണെന്ന് മറുപടിയും പറഞ്ഞിരിക്കാം. തുടര്‍ന്ന് സുമംഗലികള്‍ മഹാരാജാവിനെ നീരാജനം ചെയ്യിച്ചു.
രാജസഭയില്‍ വലിയ സജ്ജതാ-തയ്യാറെടുപ്പ് നടക്കുന്നുണ്ടായിരുന്നു. കുറ്റമറ്റ രീതിയില്‍ സിംഹാസനം അലങ്കരിച്ചിട്ടുണ്ടായിരുന്നു. മഹാരാജാവ് വസ്ത്രങ്ങളുടെയും ആഭൂഷണങ്ങളുടെയും അസ്ത്രങ്ങളുടെയും ശസ്ത്രങ്ങളുടെയും പൂജ ചെയ്തു. രാജാവും രാജ്ഞിയും യുവരാജാവും കുലദേവതയേയും, ഗുരുവിനെയും മുതിര്‍ന്നവരേയും രാജമാതാവിനെയും വന്ദിച്ചു. മകനെക്കുറിച്ച് അമ്മയ്ക്കുണ്ടായിരുന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ശിശുവായിരുന്ന ശിവയെ തൊട്ടിലിലാട്ടുമ്പോള്‍ പറഞ്ഞ കഥകളും പാടിയ പാട്ടുകളും ഇന്ന് സാര്‍ത്ഥകമായി.
അഷ്ടപ്രധാന് (എട്ട് പ്രധാനികള്‍)അംഗരക്ഷകര്‍ എന്നിവരാല്‍ ചുറ്റപ്പെട്ട് മഹാരാജാവ് രാജസഭയില്‍ പ്രവേശിച്ചു. ആ ദിവസം രാജസഭയില്‍ പ്രാചീന ഭാരതീയ സംസ്കൃതിയുടെ പാരമ്പര്യമായ കലാവിഷ്കാരം കണ്ട് പ്രജകള്‍ ധന്യരായി.
കിഴക്ക് ഭാഗത്ത് സ്വരാജ്യ മന്ദിരത്തിന്റെ അലങ്കാരമായി തോരണദുര്ഗം നില്‍പ്പുണ്ടായിരുന്നു. മുപ്പതുവര്‍ഷം മുന്‍പ് ആ കോട്ടയുടെ മുകളില്‍ ബന്ധിച്ച വിജയ പതാക, മഹാരാജാവിന്റെ സിംഹാസനാരോഹണ സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ, ഭഗവപതാക വീശി സ്വാഗതം ചെയ്യുന്നുണ്ടായിരുന്നു.
രാത്രി സമാപിച്ചു സൂര്യോദയമായി. കിഴക്ക് സൂര്യകിരണങ്ങള്‍ പ്രകാശിച്ചു. തോരണദുര്ഗം പ്രകാശപൂരിതമായി. മഹാരാജാവ് രത്നഖചിതമായ സ്വര്‍ണ സിംഹാസനത്തിന്റെ മുമ്പില്‍ വന്നു. വലതുകാല്മുട്ട് ഭൂമിയില്‍ വച്ച് ശിരസുകൊണ്ട് സിംഹാസനത്തെ നമസ്കരിച്ചു. അതിനുശേഷം കിഴക്കോട്ട് നോക്കിനിന്നു. മംഗളവാദ്യങ്ങളും പീരങ്കികളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഹിന്ദു സാമ്രാജ്യത്തിന്റെ പരമോന്നതമായ സൗഭാഗ്യത്തിന്റെ ദിവസമായിരുന്നു അത്. ഗംഗാഭട്ടും അദ്ദേഹത്തിന്റെ സഹയോഗികളായ വേദപണ്ഡിതന്മാരും ഉയര്‍ന്ന സ്വരത്തില്‍ വേദപാഠമാരംഭിച്ചു. സഭയിലുണ്ടായിരുന്നവരെല്ലാം സന്തോഷാശ്രുക്കളാല്‍ നിറഞ്ഞ അവരുടെ നേത്രങ്ങള്‍കൊണ്ട് നിര്‍ന്നിമേഷരായി മഹാരാജാവിനെ നോക്കിക്കൊണ്ടിരിക്കയായിരുന്നു. സിംഹാസനത്തില്‍ കാല് തട്ടാത്തവിധം മഹാരാജാവ് സിംഹാസനത്തില്‍ കയറിയിരുന്നു. അന്നേരം ആയിരം കണ്ഠങ്ങള്‍ ഏകസ്വരത്തില്‍ ശിവാജി മഹാരാജ് ജയിക്കട്ടെ എന്ന് ആകാശം പൊട്ടുമാറ് ഉച്ചത്തില്‍ ഉദ്ഘോഷിച്ചു. വാദ്യധ്വനികള് മുഴങ്ങി. പീരങ്കികള്‍ അലറി. ഹിന്ദുസ്ഥാനത്തില്‍ വീണ്ടും ഹിന്ദു സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. ഹിന്ദു രാഷ്ട്രം അമരവും അജേയവുമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. ദില്ലി സിംഹാസനം എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു. ബീജാപ്പൂര്‍ ഇതറിഞ്ഞില്ലെന്ന് നടിച്ചു. ഛത്രപതിയുടെ ശിരസ്സില്‍, സ്വര്‍ണനാണയങ്ങളും പുഷ്പങ്ങളും അക്ഷതങ്ങളും വര്‍ഷിച്ചു. മംഗളഘോഷണങ്ങളുടെയും ഗീതങ്ങളുടെയും മന്ത്രങ്ങളുടെയും നൃത്യങ്ങളുടെയും കാവ്യങ്ങളുടെയും മഹാപൂരം തന്നെയായിരുന്നു. അതു വര്‍ണിക്കാന്‍ ശബ്ദങ്ങള്‍ അപര്യാപ്തമാണ്. വര്‍ണനാതീതമായ ദിവ്യമായ ദര്‍ശനമായിരുന്നു അത്.
നാല് പ്രമുഖരായ ശത്രുക്കളുടെ നെഞ്ചില്‍ കാലൂന്നിക്കൊണ്ടാണ് സ്വതന്ത്രഹിന്ദുരാജ്യം തലയുയര്‍ത്തി നില്‍ക്കുന്നത്. ഇന്ദ്രപ്രസ്ഥം, ദേവഗിരി, വാറംഗല്‍, കര്‍ണാവതി എന്നീ ഇസ്ലാമിക രാജ്യങ്ങള്‍ ചുറ്റും നില്ക്കുമ്പോള് വിജയനഗരത്തിന്റെ തകര്‍ക്കപ്പെട്ട സിംഹാസനം വീണ്ടും ഉയിര്ന്നെഴുന്നേറ്റിരിക്കയായിരുന്നു.
സ്ത്രീലോകത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് സുമംഗലികള്‍ അവരുടെ പാതിവ്രത്യത്തിന്റെ രക്ഷക്കായി, കുംകുമ, മാംഗല്യസൂത്രത്തിന്റെ ഭാഗ്യദേവതയായ ശിവാജിക്ക് മംഗളംതിലകം ചാര്‍ത്തി. ദീപധൂപാദികള്കൊണ്ട് ആരതി ഉഴിഞ്ഞു. ജ്ഞാനമേരു ഗംഗാധരഭട്ട് മഹാരാജാവിന്റെ ശിരസ്സില്‍ രാജകിരീടം വെച്ചത് കണ്ടാല്‍ ശ്രുതി-സ്മൃതി പുരാണങ്ങളാകുന്ന ധര്‍മശാസ്ത്രങ്ങള്‍ ശരീരധാരണം ചെയ്ത് ശിവാജി മഹാരാജിന്റെ ഛത്രപതിത്വം അധികൃതമായി അംഗീകരിച്ചതായി തോന്നും. ഗംഗാഭട്ട് ഛത്രംപിടിച്ചു ചാമരം വീശി. ശിവാജി മഹാരാജ് സിംഹാസനാധീശനായ, ഛത്രപതിയായി എന്ന് ഉച്ചസ്വരത്തില്‍ പ്രഖ്യാപിച്ചു.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: