കണ്ണൂര്‍: സിപിഎമ്മില്‍ പി.ജയരാജനെ വെട്ടിനിരത്തിയ പിണറായി വിജയന്റെ നീക്കത്തിനെതിരേ കലാപവുമായി ജയരാജന് അനുകൂലികള്‍. പിണറായി വിജയന് മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ജയരാജന് അഭിവാദ്യം അര്‍പ്പിച്ച് ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. സിപിഎം ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിപ്പിച്ച് കൊണ്ടാണ് ജയരാജന് അനുകൂലികളുടെ നീക്കം. ‘ഞങ്ങടെ ഉറപ്പാണ് പി ജെ’ എന്നാണ് ബോര്‍ഡിലെ വാചകം. നേരത്തെ പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ പി ജയരാജനെ അനുകൂലിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
വി.എസ്. അച്യുതാനന്ദനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പിണറായി വിജയന്റെ വെട്ടിനിരത്തിലിന് ഇരയായി മാറിയിരുന്നു പി.ജയരാജന്. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ ജയരാജനെ ഒതുക്കിയതില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താലാണ് പി ജയരാജനെ സീറ്റ് നല്‍കാതെ പിണറായി ഒതുക്കിയത്. മാത്രമല്ല, കണ്ണൂരില്‍ പി.ജയരാജന് അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയവും പിണറായിയെ കുറച്ചുകാലമായി അലട്ടിരുന്നു. ഇതാണ് വെട്ടിനിരത്തലിന് കാരണമായത്.
എന്നാല്‍, സീറ്റ് നിഷേധിച്ചു എന്നതിനപ്പുറം പാര്‍ട്ടിയിലെ പ്രമുഖനായ നേതാവിനെ സ്റ്റാര്‍ ക്യാംപെയ്നര്‍ പട്ടികയില്‍ നിന്നു പോലും സിപിഎം ഒഴിവാക്കി. സീതാറാം യെച്ചൂരിയില്‍ തുടങ്ങി യുവ നേതാവായ എ.എ. റഹീം വരെ മുപ്പതോളം നേതാക്കള്‍ ക്യാംപെയ്ന്റെ ഭാഗമായുള്ള പ്രാസംഗികരുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് മുതിര്‍ന്ന നേതാവായ പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു പോലും മാറ്റിനിര്‍ത്തുന്നത്. ഇതെല്ലാം ജയരാജന് അനുകൂലികളെ പ്രകോപിച്ചു എന്നു വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ ജയരാജന് അഭിവാദ്യം അര്‍പ്പിച്ചു പിണറായിയുടെ മണ്ഡലത്തില്‍ ഉയര്‍ന്ന ഫ്ളക്സുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: