കുലീഖാന്റെ അന്തരംഗത്തില്‍ നേതാജി മരിച്ചിരുന്നില്ല. മുന്‍പ് രണ്ട് തവണ മുഗള്‍ശിബിരത്തില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ സുവര്‍ണാവസരം കൈവന്നിരിക്കുകയാണ്. ഈ അവസരം അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. വല്ല പ്രകാരത്തിലും അവസരം സൃഷ്ടിച്ച് ദിലേര്‍ഖാന്റെ ശിബിരത്തില്‍നിന്നും കുലീഖാന്‍ റായഗഢിലേക്ക് പലായനം ചെയ്തു.
പഠാന്‍ സൈനിക വേഷത്തില്‍ തന്നെ അദ്ദേഹം ഛത്രപതിയുടെ മുന്നില്‍ ഉപസ്ഥിതനായി. അദ്ദേഹത്തിന്റെ ഹൃദയംതുടിക്കുന്നുണ്ടായിരുന്നു. മനസ്സില്‍ സന്ദേഹം കൊണ്ട് വ്യാകുലപ്പെടുന്നുണ്ടായിരുന്നു. ഛത്രപതി എന്നെപ്പോലുള്ള രാജ്യദ്രോഹിയെ, ധര്‍മഭ്രഷ്ടനെ സ്വീകരിക്കുമോ എന്ന ശങ്കയായിരുന്നു നേതാജിക്ക്.
തന്റെ സുഖദുഃഖങ്ങളില്‍ സഹഭാഗിയും ബാല്യകാല സുഹൃത്തും പ്രാണമിത്രവുമായ നേതാജിയെ ശിവഛത്രപതി കണ്ടു. സ്വരാജ്യത്തിന്റെ വലംകൈയും സര്‍വ്വസൈന്യാധിപനും മഹാപരാക്രമിയുമായ അദ്ദേഹം ഇന്ന് വൈദേശികമായ പഠാണി വസ്ത്രം ധരിച്ചു നില്‍ക്കുകയാണ്. ധാര്‍മികബോധം കൊണ്ട് പശ്ചാത്തപിക്കുന്നവനെങ്കിലും അന്നത്തെ സാമൂഹ്യ വ്യവസ്ഥ നേതാജിപാല്‍ക്കറെ തിരിച്ചെടുക്കുന്നതില്‍ പ്രതികൂലമായിരുന്നു. അദ്വിതീയ ലോകസംഘാടകനായ ഛത്രപതി, സ്വരാജ്യത്തിന്റെ ഹിതം മാത്രമാണ് കണക്കിലെടുത്തിരുന്നത്. സ്വരാജ്യത്തിന് ഉപകരിക്കുമെങ്കില്‍ പുല്ലുപോലും സ്വീകാര്യനായിരുന്നു ഛത്രപതിക്ക്. ഈ സ്ഥിതിയില്‍ സ്വയം ഉപസ്ഥിതനായിരിക്കുന്ന നേതാജിയുടെ കാര്യത്തില്‍ അദ്ദേഹത്തിന് സംശയമെന്നുമുണ്ടായിരുന്നില്ല. വീണ്ടും ശാസ്ത്രവിധിയനുസരിച്ച് അദ്ദേഹത്തെ ഹിന്ദുവാക്കി. സ്വരാജ്യത്തിന്റെ വിസ്താരകാര്യത്തില്‍ യോജിപ്പിച്ച് വിപ്ലവകരമായ ഒരു കാല്‍വെപ്പ് ശിവഛത്രപതി നടപ്പിലാക്കി.
ഹിന്ദു എപ്രകാരമെങ്കിലും ഒരു തവണ മുസ്ലിം ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാ കാലത്തും മുസല്‍മാനായിത്തന്നെ നിലകൊള്ളും എന്ന മുല്ലാ മൗലവിമാരുടെ വിശ്വാസഭംഗം ഇതോടെ വന്നുചേര്‍ന്നു. ഔറംഗസേബിനാകട്ടെ ഇതൊരു വന്‍ തിരിച്ചടിയായിരുന്നു. നേതാജിയെപ്പോലുള്ള വിഖ്യാതനായ സര്‍ദാര്‍ ശിവാജിയുടെ പക്ഷം ചേര്‍ന്നു എന്നു മാത്രല്ല, അദ്ദേഹം ഹിന്ദുകൂടിയായിത്തീര്‍ന്നിരിക്കുന്നു എന്നത് ഔറംഗസേബിന് ഏറ്റവും വലിയ ആഘാതമായിരുന്നു.
വീണ്ടുമൊരിക്കല്‍ ജഞ്ജീര്‍ കോട്ട ആക്രമിക്കാന്‍ ഛത്രപതി തീരുമാനിച്ചു. അതിനായി മുഖ്യമന്ത്രിയായ മോറോപന്ത് പിംഗളേജി സന്നദ്ധനായി. പഴയതുപോലെ ദൂരത്ത് നിന്ന് പീരങ്കികൊണ്ട് അഗ്നിവര്‍ഷണം നടത്തിയതുകൊണ്ട് കാര്യം സാധിക്കില്ല. അതുകൊണ്ട് രഹസ്യമായി സമുദ്രത്തില്‍ കൂടി കോട്ടയ്‌ക്കടുത്തെത്തി ഗോവണിയുപയോഗിച്ച് കോട്ടയ്‌ക്കകത്ത് പ്രവേശിച്ച് ആക്രമണം നടത്തണം. അതിസാഹസികമായ ഈ കാര്യം ലായജിപാടീല്‍ എന്ന നാവികപ്പടയാളി ഏറ്റെടുത്തു. ഇദ്ദേഹം തന്റെ അനുചരന്മാരോടൊപ്പം മധ്യരാത്രിയില്‍ ചെറിയതോണികളില്‍ സമുദ്രമാര്‍ഗം കോട്ടയുടെ കാവല്‍ക്കാരുടെ കണ്ണില്‍പ്പെടാതെ നിശ്ശബ്ദമായി കോട്ടയുടെ അടിവാരത്തെത്തി. കോട്ടയുടെ ഭിത്തിയില്‍ ഗോവണിവച്ചവര്‍ കാത്തിരുന്നു. ഈ സമയത്ത് ആയിരം സൈനികരുമൊത്ത് മോറോപന്തിന് അവിടെ എത്തണമായിരുന്നു. ലായജി പ്രതീക്ഷിച്ചിരിക്കയാണ്. ഏത് നിമിഷവും മരണം വന്നെത്താനുള്ള സാധ്യതയുണ്ട്. രാത്രി അവസാനിക്കാറായി. വരേണ്ടവര്‍ വന്നില്ല. അവസാനം നിരാശനായി ലായജി തിരിച്ചുപോയി. യോജന പരാജയപ്പെട്ടു. ദോഷം ആരുടെതായാലും മുഖത്തോളമെത്തിയ ഉരുള കൈവിട്ടുപോയി.
പ്രധാനമന്ത്രി മോറോപന്ത് റായഗഡില്‍ വന്നു സംഭവിച്ചതെല്ലാം പറഞ്ഞു. ലായജി പാട്ടീല്‍ കാണിച്ച സാഹസിക വൃത്തി മുഴുവന്‍ വിവരിച്ചു പറഞ്ഞു. യോജന പരാജയപ്പെടാനുള്ള കാരണം ഞാന്‍ തന്നെയാണെന്ന് കൈകൂപ്പി മോറൊപന്ത്ജി അംഗീകരിച്ചു. സ്വയം ഛത്രപതി സാഹസിക പ്രവര്‍ത്തിയില്‍ അഗ്രഗണ്യനാകയാല്‍ അത്തരത്തിലുള്ള ഗുണവാന്മാരെ അംഗീകരിച്ചാദരിക്കുന്നത് ഛത്രപതിയുടെ സ്വഭാവമായിരുന്നു. ലായജിപാട്ടീലിന് പല്ലക്ക് നല്‍കി ആദരിക്കാന്‍ ശിവാജി നിശ്ചയിച്ചു. എന്നാല്‍ പാട്ടീല്‍ വിനയത്തോടെ എന്നെപ്പോലുള്ള സാമാന്യ സൈനികന് പല്ലക്ക് തന്ന് ആദരിക്കരുതെന്ന് അപേക്ഷിച്ചു. ലായജി പാട്ടീലിന്റെ വിനയസ്വഭാവത്തില്‍ ആകൃഷ്ടനായ ഛത്രപതി രാജേ, പാട്ടീലിന് സമ്മാനമായി ഒരു നൗകാ(തോണി) കൊടുത്താദരിച്ചു. ജയമായാലും പരാജയമായാലും കര്‍ത്തവ്യനിഷ്ഠയ്‌ക്ക് പാരിതോഷികം നല്‍കേണ്ടതാണ് എന്നായിരുന്നു ശിവഛത്രപതിയുടെ നിലപാട്. എന്നാല്‍ കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ പ്രധാനമന്ത്രിയോട്, താങ്കള്‍ വരുത്തിയ കര്‍ത്തവ്യ നിഷ്ഠാ ഭംഗമാണ് കാര്യം കൈവിട്ടുപോകാന്‍ കാരണമായതെന്ന് പറഞ്ഞുനിര്‍ത്തി. ഇക്കാലത്ത് മുഗള്‍ബാദശാഹ കാബൂളും കന്ദഹാറുമായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഈ സന്ദര്‍ഭം പാഴാക്കാതെ മുഗളരുടെ അതിര്‍ത്തിപ്രദേശത്തുള്ള ഏതാനും ഗ്രാമങ്ങള്‍ ഛത്രപതി ശിവാജി പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: