തൃശൂര്‍: മഹിളാമോര്‍ച്ചയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയായ മഹിളാ ടൗണ്‍ഹാള്‍ ആവേശമായി. തൃശൂര്‍ കൗസ്തുഭം ഓഡിറ്റോറിയത്തിലെ പരിപാടയില്‍ ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖിയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ നിരവധി വനിതകളാണ് എത്തിയത്. ചടങ്ങില്‍ വിവിധരംഗങ്ങളില്‍ കഴിവ് തെളിയിച്ച വനിതകളെയും വിദ്യാര്‍ഥികളെയും മീനാക്ഷി ലേഖി പൊന്നാടയണിയിച്ച് ആദരിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെ നടന്ന ചടങ്ങിന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വനിതകളുമായി മീനാക്ഷി ലേഖി സംവദിച്ചു. സ്ത്രീസുരക്ഷ, ഇന്ധനവില, വനിതാ തൊഴില്‍ സംരഭങ്ങള്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്.
സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ജിഷ കേസ്, വാളയാര്‍ കേസ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. വാളയാര്‍ കേസില്‍ ഇപ്പോഴും നീതി നടപ്പായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പിന്നിലായ കേരളത്തെ മുന്നോട്ട് കൊണ്ടുവരണമെങ്കില്‍ ബിജെപി ഭരിക്കണമെന്നും മീനാക്ഷി ലേഖി പറഞ്ഞു.
ഇന്ധനവില വര്‍ധന ജനങ്ങളെ വലയ്ക്കുന്നുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ധനവില ജിഎസ്ടിയിലാക്കണം. എന്നാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് സംസ്ഥാന സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുകയാണ്. അതേസമയം ഇന്ധനവില വര്‍ധന കേന്ദ്ര സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു.
തൊഴില്‍ സാധ്യതകള്‍ ഏറെയുള്ള ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍ സാധ്യതകള്‍ കണ്ടെത്താന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. സംസ്ഥാനത്തെ പല വ്യവസായശാലകളും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ഇതിനെല്ലാം മാറ്റം വരണമെങ്കില്‍ ബിജെപി ഭരണത്തില്‍ വരണം. സ്ത്രീകള്‍ക്കായി നിരവധി തൊഴില്‍ സംരംഭങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുദ്ര പദ്ധതിയില്‍ വന്‍ പിന്തുണയാണ് നല്കി വരുന്നത്.
തൊഴിലുറപ്പ് പദ്ധതി സാധാരണക്കാര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെന്ന അവകാശവാദമാണ് ഇടതു സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇതുപോലെ കേന്ദ്രത്തിന്റെ പദ്ധതികളെല്ലാം സ്വന്തം പേരിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രധാനമന്ത്രി വളരെ പരിശ്രമിച്ച് എല്ലാ വിഭാഗം ജനങ്ങളിലേക്കും നേരിട്ട് പദ്ധതികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍വഹണ ചുമതലയുള്ള സംസ്ഥാന സര്‍ക്കാര്‍ ഇതെല്ലാം സ്വന്തം പേരിലാക്കുന്നത് മാന്യതയില്ലാത്ത ഇടപാടാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: