ഭാരതത്തിൻറ്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന 2022-ല്‍ ഗ്രാമീണ – നഗര മേഖലകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പാർപ്പിട സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഭാരത സർക്കാറിന് കീഴിൽ ഭവന, നഗര – ഗ്രാമവികസന മന്ത്രാലയങ്ങൾ ആരംഭിച്ച ബൃഹദ് പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. “എല്ലാവര്‍ക്കും പാർപ്പിടം” എന്ന പ്രധാനമന്ത്രിയുടെ ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഗ്രാമീണ മേഖലയിൽ നിന്ന് 2011ലെ സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസില്‍ ഭവന രഹിതരായി കണ്ടെത്തിയവരും നഗര മേഖലയിൽ 2011-ലെ സെൻസെസ് അനുസരിച്ചോ അതിനുശേഷമോ നിർണയിച്ചിട്ടുള്ള എല്ലാ സ്റ്റാറ്റ്യൂട്ടറി ടൗണുകളിലും നോട്ടിഫൈഡ് പ്ലാനിംഗ് ഏരിയകളിലും ഡവലപ്മെൻറ്റ് / സ്പെഷ്യൽ ഏരിയ ഡവലപ്മെൻറ്റ് / ഇൻഡസ്ട്രിയൽ ഡവലപ്മെൻറ്റ് അതോറിറ്റികളിലും ഉള്ളവരാണ് ഗുണഭോക്താക്കള്‍. അർബൻ, ഗ്രാമീൺ എന്നിങ്ങനെ രണ്ട് തരം ആവാസ് യോജന പദ്ധതികളാണുള്ളത്.
· പ്രധാൻ മന്ത്രി അവാസ് യോജന – അർബൻ – (പിഎംഎവൈ-യു)
· പ്രധാൻ മന്ത്രി ആവാസ് യോജന – ഗ്രാമീൺ – (പിഎംഎവൈ-ജി)
പിഎംഎവൈ-(ഗ്രാമീൺ): സ്വാതന്ത്ര്യലബ്ധിക്കുശേഷം അഭയാർഥികളെ പുനരധിവസിപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ഗ്രാമീണ ഭവന പദ്ധതികൾ ആരംഭിച്ചത്, അതിനുശേഷം ദാരിദ്ര്യ നിർമാർജനത്തിനുള്ള ഒരു ചട്ടുകമെന്ന നിലയിൽ അവതരിപ്പിക്കപ്പെട്ട ഭവന പദ്ധതികൾ ഒരു സ്വതന്ത്ര പദ്ധതിയായി പരിണമിച്ചത് 1996 ജനുവരിയിൽ ഇന്ദിര ആവാസ് യോജനയിലൂടെ ആയിരുന്നു. തുടർന്ന് ഐഎവൈയിലൂടെ ഗ്രാമീണ മേഖലയിലെ ഭവന ആവശ്യങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടെങ്കിലും 2014 ലെ സി.എ.ജിയുടെ റിപ്പോർട്ടനുസരിച്ച് ഭവനനിർമ്മാണത്തിൻറ്റെ അഭാവം, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലെ സുതാര്യതയില്ലായ്‌മ, വീടിൻറ്റെ ഗുണനിലവാരം, സാങ്കേതിക മേൽനോട്ടത്തിൻറ്റെയും കേന്ദ്രീകൃത സംവിധാനങ്ങളുടെയും അഭാവം, ഭവന വായ്‌പകളുടെ ലഭ്യത കുറവ് തുടങ്ങി വിവിധ ഘടകങ്ങൾ ഗ്രാമീണ ഭവന പദ്ധതിയെ ദുർബലപ്പെടുത്തുന്നതായും മോണിറ്ററിങ് പ്രോഗ്രാമിൻറ്റെ സ്വാധീനവും ഫലങ്ങളും പരിമിതപ്പെടുന്നതായും വിലയിരുത്തി. ഇതേതുടർന്ന് ഗ്രാമീണ പാർപ്പിട രംഗത്തെ മേല്പടി വിടവ് നികത്തുന്നതിനും 2022 ഓടെ എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനുമായി 2016 ഏപ്രിൽ 1 മുതൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ). ഓരോ വീടിനുമുള്ള ധന സഹായത്തിനു പുറമെ വീടു നിര്‍മ്മാണത്തിനായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പരമാവധി 90 ദിവസത്തെ അവിദഗ്‌ദ്ധ തൊഴിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. അതോടൊപ്പം സ്വച്ഛ് ഭാരത് മിഷൻറ്റെ ഭാഗമായി ശൗചാലയം, സൗഭാഗ്യ യോജന വൈദ്യുതി കണക്ഷൻ, ഉജ്വല എൽപിജി ഗ്യാസ് കണക്ഷൻ, കുടിവെള്ളം, ഖര – ദ്രവ്യ – മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ, ജൻ ധൻ ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി ഈ പദ്ധതി മറ്റ് സംയോജിത പദ്ധതികളിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്നു. 2016-17 മുതൽ 18-19 വരെയുള്ള ഒന്നാം ഘട്ടത്തിലെ1.00 കോടി വീടുകളും 19-20 മുതൽ 21- 22വരെയുള്ള രണ്ടാം ഘട്ടത്തിലെ 1.95 കോടി വീടുകളും ഉൾപ്പടെ 2022 മാർച്ചോടെ ആകെ 2.95 കോടി വീടുകൾ നിർമ്മിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2011-ലെ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതിയില്‍ കേന്ദ്ര/സംസ്ഥാന ധനസഹായമായി 60:40 അനുപാതത്തില്‍ സമതലപ്രദേശങ്ങളില്‍ 120000/- രൂപയും ദുര്‍ഘടപ്രദേശങ്ങളില്‍ 130000/- രൂപയുമാണ് നല്‍കുന്നത്. (വടക്കു കിഴക്കൻ/ഹിമാലയൻ സംസ്ഥാനങ്ങളിൽ 90:10 എന്ന അനുപാതത്തിലാണ്). കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ധനസഹായങ്ങളും ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതവും ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് കോസ്റ്റ് നിശ്ചയിക്കുന്നത്. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ബാങ്ക് വായ്‌പ ആവശ്യമുളളവര്‍ക്ക് 70000/- വായ്‌പ കുറഞ്ഞ പലിശ നിരക്കില്‍ ലഭിക്കുന്നു. പദ്ധതി മിഷന്‍ മോഡലിലാണ് നടപ്പിലാക്കുന്നത്. ഇതിനായി സംസ്ഥാന ജില്ലാ ഗ്രാമതലങ്ങളില്‍ പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി ആവാസ് യോജന -ഗ്രാമീണ്‍ നടപ്പാക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പട്ടിക ഗ്രാമപഞ്ചായത്തിൻറ്റെ നേതൃത്വത്തില്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്ത് അംഗീകരിച്ച ശേഷം ബ്ലോക്ക് പഞ്ചായത്തിന് കൈമാറുകയാണ് ചെയ്യുന്നത്. നിലവിൽ 1.20 ലക്ഷം രൂപയാണ് പി.എം.എ.വൈ.(ജി) യുടെ യൂണിറ്റ് ചെലവ്. ഇതിന്റെ അറുപത് ശതമാനമായ 72,000 രൂപ കേന്ദ്രസർക്കാരും 48,000 രൂപ സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. കേരള സർക്കാർ നടപ്പിലാക്കുന്ന ലൈഫ് പി എം ജെ വൈ(ജി)യുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന വിഹിതത്തിനു പുറമേ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായ 2.80 ലക്ഷം കൂടി ചേർത്ത് ജനറല്‍/എസ്.സി വിഭാഗത്തിന് നാലുലക്ഷം രൂപയും 528000/- രൂപ കൂട്ടിച്ചേര്‍ത്ത് എസ്.റ്റി വിഭാഗത്തിന് 600000/- രൂപയുമാണ് സംസ്ഥാനത്ത് ഒരുവീടിന് നൽകിക്കൊണ്ടിരിക്കുന്നത്, (ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വിഹിതാനുപാതം – 25:40:35).
2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളിലായി 42431 വീടുകളാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. ഈ ഭൗതികലക്ഷ്യം എസ്.ഇ.സി.സി പെര്‍മനന്‍റ് വെയിറ്റിംഗ് ലിസ്റ്റില്‍ നിന്നും മാത്രമേ ഗുണഭോക്താക്കളെ എടുക്കാന്‍ കഴിയൂ എന്നുള്ളതിനാല്‍ 20637 വീടുകളാണ് അനുവദിച്ചത്. അതിൽ 17,134 വീടുകൾ പൂർത്തിയായി, എന്നാല്‍ അർഹതയുണ്ടായിട്ടും എസ്.ഇ.സി.സി ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയവരുമായ 311700 പേർ ഇലക്ട്രോണിക് വെരിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ ആവാസ് പ്ലസ് എന്ന ആപ്ലിക്കേഷന്‍ മുഖേന കേരളത്തില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: