പ്രാണന്‍ തിരിച്ചു കിട്ടിയതിനേക്കാള്‍ ഏറെ സന്തോഷമായിരുന്നു വിരോചനന്. മഹര്‍ഷിമാരുടെ മാഹാത്മ്യം അദ്ദേഹം വ്യക്തമായി തിരിച്ചറിഞ്ഞു. മനസ്സുകൊണ്ട് സുധന്വാവിനെയും അംഗിരസ്സു മഹര്‍ഷിയെയും നമസ്‌കരിച്ചു. സ്വന്തം മകനെ നഷ്ടപ്പെട്ടേക്കാമെന്ന സാഹചര്യത്തിലും സുധന്വാവിനെയും അംഗിരസ്സു മഹര്‍ഷിയേയും മാഹാത്മ്യം ഉള്‍ക്കൊണ്ടു ബഹുമാനിക്കാന്‍ കഴിഞ്ഞ അച്ഛന്‍ പ്രഹ്ലാദനോടും ഏറെ ആദരവു തോന്നി.
പക്ഷേ ഒരു കാര്യത്തില്‍ മാത്രം സംശയം. എന്തു കൊണ്ടാണ് അച്ഛന്‍ തന്റെ ജീവന്‍ മറന്ന് സുധന്വാവിനെ മഹാത്മാവായി ചിത്രീകരിച്ചത്? അച്ഛന് തന്നോട് സ്‌നേഹം നഷ്ടപ്പെട്ടുവോ?
എന്നാല്‍ തനിക്ക് നൂറു വര്‍ഷം കൂടുതല്‍ ആയുസ്സ് ലഭ്യമാകട്ടെ എന്ന് സുധന്വാവ് അനുഗ്രഹിച്ചപ്പോള്‍ അച്ഛന്റെ മുഖത്തു കണ്ട ആ സന്തോഷ ഭാവം ഓര്‍ക്കുമ്പോള്‍ ആ സ്‌നേഹത്തിന് എന്തെങ്കിലും കുറവുണ്ടായതായി കണക്കാക്കാനാവില്ല. പിന്നെ എന്താവും തനിക്കെതിരെ വിധിപ്രഖ്യാപിക്കാന്‍ പ്രഹ്ലാദനെ പ്രേരിപ്പിച്ചത്. പണ്ട് ഭഗവാന്‍ നാരായണന്‍, നരസിംഹമൂര്‍ത്തിയായി വന്ന് അനുഗ്രഹിച്ചപ്പോള്‍ ഭഗവാന്‍ അച്ഛനോട് പറഞ്ഞ പല കാര്യങ്ങളും തനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.
നിന്റെ ഇരുപത്തിയൊന്ന് തലമുറയെ എന്റെ അനുഗ്രഹം സംരക്ഷിക്കും എന്ന് നരസിംഹമൂര്‍ത്തി തന്റെ പിതാവായ പ്രഹ്ലാദനെ അനുഗ്രഹിച്ചിട്ടുള്ളതാണ്. അതിനാല്‍ തന്നെ മകനെക്കുറിച്ച് ആലോചിച്ച് വേദനിക്കേണ്ട കാര്യം അച്ഛനില്ല. വിരോചനന്‍ സമാധാനത്തോടെ ചിന്തിച്ച് ആശ്വസിച്ചു.
ഭഗവാന്‍ ചെയ്ത സത്യത്തെക്കുറിച്ച് വരും തലമുറകള്‍ക്കും പറഞ്ഞു കൊടുക്കണമെന്ന് വിരോചനനന്‍ നിശ്ചയിച്ചു. ജ്ഞാനികളുടെ മഹത്വം തന്നെയാണ് വലുത് എന്ന് നിശ്ചയിച്ചു കൊണ്ട് മഹര്‍ഷിമാരെ ആദരിച്ച് വിരോചനന്‍ ജീവിതയാത്ര തുടര്‍ന്നു.
അംഗിരസു മഹര്‍ഷിയുടെ മാഹാത്മ്യം ചെറുതൊന്നുമല്ല. ഒരിക്കല്‍ അംഗിരസ്സു മഹര്‍ഷിക്ക് ഒരു മോഹം. തനിക്ക് ഇന്ദ്രതുല്യനായ ഒരു പുത്രന്‍ വേണം. എന്ന ബ്രഹ്മദേവന്‍ ഏല്‍പ്പിച്ചിട്ടുള്ള ചുമതലകളില്‍ പ്രധാനമാണ് പ്രജാസൃഷ്ടി. അതുകൊണ്ടു തന്നെ ഇന്ദ്രതുല്യനായ മകനെ വേണമെന്ന് ചിന്തിച്ചതില്‍ ഒട്ടും തെറ്റില്ല. ഈ സങ്കല്‍പ്പത്തോടെ അംഗിരസ്സു മഹര്‍ഷി തപസ്സാരംഭിച്ചു. ആരു തപസ്സു ചെയ്യുന്നതു കണ്ടാലും ദേവേന്ദ്രന് ഭയമാണ്. തന്റെ സ്ഥാനം കൈക്കലാക്കാനാണോ ശ്രമം എന്നാണ് വിചാരം.
തപസ്സുമുടക്കാനായി പലവിധ ശ്രമങ്ങളും നടത്തി. എന്നാല്‍ തപസ്സിന് ഒരു ഇളക്കവുമില്ല. അപ്പോഴാണ് ദേവേന്ദ്രന്‍ മറ്റൊരുവഴി ആലോചിച്ചത്. തപസിന്റെ ലക്ഷ്യം ഇന്ദ്രതുല്യനായ പുത്രന്‍ വേണമെന്നാണല്ലോ. അപ്പോള്‍ ഞാന്‍ തന്നെ അംഗിരസ്സിന്റെ പുത്രനായി ജനിച്ചാല്‍ പ്രശ്‌നം തീരാന്‍ സാധ്യതയില്ലേ? അങ്ങനെ തന്നെ അംഗിരസ്സിന്റെ തപസ്സ് അവസാനിപ്പിക്കുകയും ചെയ്യാം. അങ്ങനെ ദേവേന്ദ്രന്‍ തന്നെ അംഗിരസ്സിന്റെ മകനായി ജനിച്ചതാണ് സവ്യന്‍. ഒരിക്കല്‍ അംഗിരസ്സു തപസ്സു ചെയ്യുമ്പോള്‍ ആ തപശ്ശക്തി കൊണ്ട് അന്തരീക്ഷമാകെ ചൂടു പിടിച്ചു. അംഗിരസ്സിനെ അഗ്നിയെ എന്ന പോലെ ജ്വലിച്ചു കാണപ്പെട്ടു.
അതോടെ ലോകത്ത് രാപകല്‍ വ്യത്യാസമില്ലാതെ എപ്പോഴും പ്രകാശം അനുഭവപ്പെട്ടു. എല്ലായ്‌പ്പോഴും വെളിച്ചം. ക്രമത്തില്‍ ലോകത്തില്‍ അഗ്നിയെക്കൊണ്ട് നിര്‍വഹിക്കപ്പേടേണ്ട ഒരു കാര്യവും ബാക്കിയില്ല എന്ന അവസ്ഥ. ചൂടും പ്രകാശവും അംഗിരസ്സു തന്നെ നല്‍കും. ഇതോടെ ലോകരാരും അഗ്നിയെ ബഹുമാനിക്കാതെയായി. വിഷമം തോന്നിയ അഗ്നിദേവന്‍ ലജ്ജാഭാരത്താല്‍ മുഖം മറച്ച് ഒരു ഒളിസങ്കേതത്തില്‍ അഭയം തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: