തിരുവനന്തപുരം: ശബരിമല ആചാരലംഘനത്തെ കുറിച്ചുള്ള എന്‍എസ്എസ് നിലപാടിനെ തെറിപറഞ്ഞ് നിശബ്ദമാക്കാന്‍ നോക്കേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. എന്‍എസ്എസിന്റേത് വിശ്വാസികളോടുള്ള കരുതലിന്റെ നിലപാടാണ്. ആ നിലപാട് പറഞ്ഞതിന് എന്‍എസ്എസിനെ തെറി പറഞ്ഞ് നിശബ്ദമാക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. അതിനുവച്ച വെള്ളം വാങ്ങിവച്ചാല്‍ മതിയെന്നും വി. മുരളീധരന്‍ പറഞ്ഞു.
എല്ലാ മതവിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കുമെന്നാണ് സിപിഎം പ്രകടന പത്രികയിലുള്ളത്. അതിനര്‍ഥം രഹ്നഫാത്തിമ അടക്കമുള്ളവര്‍ താന്‍ വിശ്വാസിയാണെന്ന് പറഞ്ഞാല്‍ ശബരിമലയില്‍ പോലീസിനെ ഉപയോഗിച്ച് കയറ്റുമെന്നാണ്. ശബരിമലയില്‍ തെറ്റുപറ്റി എന്ന് കടകംപള്ളി സുരേന്ദ്രന്റെ നിലവിളി തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഉണ്ടാകുന്ന പ്രത്യേക അസുഖമാണ്. ശബരിമല ആചാരലംഘനസമയത്ത് ഒരുവേദനയും കണ്ടില്ല.
ശബരിമലയെ പറ്റി ചോദിക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ വിരട്ടാന്‍ നോക്കേണ്ടെന്നാണ് പിണറായി വിജയന്‍ പറയുന്നത്. എന്തോ കുഴപ്പംകാണിച്ചത് കൊണ്ടാണ് വിരട്ടാന്‍ വരുന്നതായി തോന്നുന്നത്. മനസില്‍ കുറ്റബോധം തോന്നിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായി തോന്നും എന്ന ഡയലോഗ് പോലെയാണ് പിണറായി വിജയന്റെ അവസ്ഥ. ആ കുറ്റബോധമാണ് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രേരിപ്പിച്ചത്. തന്നെ പൊതുരംഗത്ത് നിന്നും മാറ്റാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിക്കുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്.
മകന്റെ കേസിലാണ് താന്‍ മാറി നില്‍ക്കുന്നതെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചതിന് അഭിനന്ദിക്കുന്നു. മകന്റെ കേസില്‍ മാറിനില്‍ക്കാന്‍ കോടിയേരിയോട് ആവശ്യപ്പെട്ടത് പിണറായി വിജയനാണ്. പിണറായി ചരിത്രം സൃഷ്ടിക്കുമെന്ന് പറയുന്നത് മാത്രമാണ് സത്യം. കാരണം രാജ്യത്തെങ്ങും ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയിട്ടില്ല. അറബിക്കടല്‍ വില്‍ക്കാന്‍ പറ്റുമെന്ന് ലോകത്ത് കണ്ടെത്തിയതും പിണറായി വിജയനാണ്. അത്തരത്തില്‍ പിണറായി വിജയന്‍ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: