ക്ഷേത്ര നടകള്‍ സജീവമാകുന്ന വൈകുന്നേരങ്ങളില്‍ നടയടച്ചിടുന്നൊരു ക്ഷേത്രമുണ്ട് ഉത്തര്‍പ്രദേശില്‍. മഥുരയിലെ വൃന്ദാവനത്തിലെ നിധിവന്‍ ക്ഷേത്രം.
കണ്ണന് ഗോപികമാരോടൊത്തു ലീലകളാടിയുല്ലസിച്ച വൃന്ദാവനം ഹൈന്ദവരുടെ പുണ്യഭൂമിയാണ്. അവിടെയാണ് ഒരുപാട് നിഗൂഢതകളുറങ്ങുന്ന നിധിവനവും അതിനുള്ളിലെ രാധാകൃഷ്ണ ക്ഷേത്രവും. മരങ്ങള്‍ പന്തലൊരുക്കുന്ന നിധിവനത്തില്‍ സന്ധ്യമയങ്ങിയാല്‍ കണ്ണന് ഗോപികമാരോട് സല്ലപിക്കാനെത്തുമെന്നാണ് വിശ്വാസം.
അഞ്ചുമണിയാകുന്നതോടെ നിധിവനത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നല്‍കില്ല. വനത്തിലുള്ള കുരങ്ങന്മാര് പോലും രാത്രിയില്‍ അവിടെ തങ്ങാറില്ലെന്നതാണ് കൗതുകം. സന്ധ്യമയങ്ങുന്നതോടെ നൃത്തസംഗീത മുഖരിതമാണ് നിധിവനമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചിലങ്കകളുടെ നാദമുയരുന്നതും പതിവത്രേ. നിധിവനം നിറയെ തുളസിച്ചെടികളാണ്. ആരും അവ നുള്ളിയെടുക്കാറില്ല. രാത്രിയോടെ അവയെല്ലാം ഗോപികമാരായി മാറുമെന്നാണ് വിശ്വാസം.
നിധിവനമാകെ പന്തലുപോലെ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന മരകൂട്ടങ്ങള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തും. എല്ലാം ഒരേ പൊക്കത്തിലും ആകൃതിയിലും വളരുന്നവ. ഒന്നിലും പക്ഷികള്‍ കൂടുവെയ്ക്കാറില്ല.നിധിവനത്തിലെ ജൈവ വൈവിധ്യവും അതിലെ നിഗൂഢതകളും ഇന്നും ഇഴപിരിക്കാനാവാതെ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: