ആലപ്പുഴ: പുന്നപ്ര വയലാര്‍ സ്മാരകത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി സന്ദീപ് വാചസ്പതി. രക്തസാക്ഷി മണ്ഡപത്തില്‍ കയറി പുഷ്പാര്‍ച്ചന നടത്തിയാല്‍ അത് അപമാനമാകുന്നതെങ്ങനെയെന്ന് നേതൃത്വം വ്യക്തമാക്കണം. അതിക്രമിച്ചല്ല കയറിയത്. നാടിന് വേണ്ടി മരിച്ച നിരപരാധികളായ പൂര്‍വ്വികരെ ആദരിക്കാനാണ് അവിടെ പോയതെന്നും സന്ദീപ് പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യാ ചരിത്രത്തിലെ കൊടിയ വഞ്ചനയാണ് പുന്നപ്ര വയലാര്‍ സമരം. ഒരുകൂട്ടം നിരക്ഷരരായ പിന്നാക്ക വിഭാഗത്തില്‍ പെട്ട ആളുകളെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിനായി തെരഞ്ഞെടുത്തത്. സമരക്കാരെ തോക്കിന്‍ മുനകളിലേക്ക് തള്ളിയിട്ടിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരെല്ലാം ആലപ്പുഴ ജില്ലയില്‍ നിന്ന് ഓടിയൊളിക്കുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. അന്നേ ദിവസം വിഎസ് പൂഞ്ഞാറിലും, ഇഎംഎസ് യോഗക്ഷേമസഭയുടെ പരിപാടിയിലും വ.ിടി. തോമസ് സ്വന്തം വീട്ടിലുമായിരുന്നെന്ന് എന്‍എന്‍ പിള്ളയും, കെസി ജോര്‍ജും അടക്കമുള്ള നേതാക്കള്‍ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. സിപിഎമ്മിന് വേണ്ടിയിരുന്നത് രക്തസാക്ഷികളെ മാത്രമായിരുന്നു. പുന്നപ്രയിലും വയലാറിലും മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ പാര്‍ട്ടി തയാറാകണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടത് മുഴുവന്‍ പിന്നാക്കവിഭാഗത്തില്‍ പെട്ട ആളുകളായതിനാലും പാര്‍ട്ടിയുടെ ഒരു നേതാവിന്റെ പോലും പേര് എഴുതിച്ചേര്‍ക്കാനില്ലാത്തതുകൊണ്ടുമാണ് പട്ടിക പ്രസിദ്ധീകരിക്കാത്തത്. ഐകെ ഗുജറാളില്‍ ഭരണകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി രാഷ്‌ട്രീയ സ്വാധീനമുപയോഗിച്ച് പുന്നപ്ര വയലാര്‍ സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെയെങ്കില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ സ്മൃതിമണ്ഡപത്തിലാണ് പുഷ്പാര്‍ച്ചന നടത്തിയതെന്നും സന്ദീപ് പറഞ്ഞു. വികലമാക്കപ്പെട്ട ചരിത്രം ജനങ്ങള്‍ തിരിച്ചറിയുമെന്ന പേടിമൂലമാണ് സിപിഎം ആയുധമെടുക്കുന്നതെന്നും പാര്‍ട്ടി നേതൃത്വം അക്രമം അവസാനിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.
എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സിപിഎം നേതൃത്വത്തിന് കഴിയാത്തതുകൊണ്ടാണ് അമ്പലപ്പുഴ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപിനെ ആക്രമിച്ചത്. ആശയം നഷ്ടപ്പെടുമ്പോള്‍ ആയുധമെടുക്കുന്നത് സിപിഎമ്മിന്റെ അജണ്ടയാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: