പത്തനംതിട്ട: പൊതുജനാരോഗ്യവിഭാഗം ജീവനക്കാരുടെ അപ്രഖ്യാപിത നിസ്സഹകരണ സമരം കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കൊവിഡു കാലത്ത് അവധി എടുക്കാതെ രാപകല്‍ ജോലി ചെയ്തിരുന്നവര്‍ ഇപ്പോള്‍ ചട്ടപ്പടിസമരത്തിലാണ്. പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിഭാഗത്തില്‍പ്പെട്ട 13000 ലേറെ പേരാണ് പ്രതിഷേധത്തില്‍. ശമ്പളപരിഷ്ക്കരണത്തില്‍ തഴഞ്ഞതും കൊവിഡ്പോരാളികള് എന്ന പരിഗണന നല്കാത്തതുമാണ് കാരണം. സമരം കാരണം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു. നൂറുപേരുടെ സാമ്പിള്‍ എടുക്കാന്‍ സൗകര്യമുള്ളപലയിടത്തും ഇപ്പോള്‍ പത്തില്‍ താഴെമാത്രമേ എടുക്കുന്നുള്ളു. ആന്റിജന്‍ടെസ്റ്റും നിലച്ചു.
രണ്ടു ദിവസം അവധിയെടുത്ത് സമരം ചെയ്തിരുന്നുവെങ്കിലും ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. തുടര്‍ന്നാണ് ചട്ടപ്പടിയിലേക്ക് തിരിഞ്ഞത്. ഫീല്‍ഡ് ജീവനക്കാരെ കോവിഡ് പോരാളികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് ശമ്പള കമ്മീഷന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് ഇവര്‍ പറയുന്നു. സമാന തസ്തികയിലുള്ള ആരോഗ്യ വകുപ്പിലെ ഇതര വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന സ്കെയില്‍ അനുവദിച്ചപ്പോള്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് എന്നിവര്‍ക്ക് താഴ്ന്ന സ്കെയിലാണ് അനുവദിച്ചത്. ഇവര്‍ പാരാമെഡിക്കല്‍ വിഭാഗം അല്ല എന്നതാണ് കാരണമായി പറയുന്നത്.
കൊവിഡ് വ്യാപകമായ, ഏതൊക്കെ തരത്തില്‍ ഇത് ദുരന്തം വിതയ്ക്കുമെന്നു പോലും അറിയാത്ത സമയത്ത് ജീവന് പണയം വെച്ച് ജോലിക്ക് ഇറങ്ങിയവരാണിവര്‍. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുക, അവരെ ടെസ്റ്റിന് അയക്കുക, രോഗികളെ കൊവിഡ് സെന്ററുകളിലേക്ക്മാറ്റുക, ജനങ്ങളുടെ പരാതികള്‍ കേള്‍ക്കുക, ആശ്വാസവാക്കിനായി വിളിക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുക, ഫലം അറിയിക്കുക, രോഗിയേയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരെയും നിരീക്ഷിക്കല്‍ തുടങ്ങിയവ സമയം നോക്കാതെ ചെയ്തിരുന്ന ഇവര്‍ ഇപ്പോള്‍ രാവിലെ 9 മണി മുതല്‍ 4 മണി വരെ മാത്രമേ കോളുകള്‍ സ്വീകരിക്കുന്നുള്ളു. അതിനാല്‍ പല പ്രധാന സൂം മീറ്റിങ്ങുകളിലും അറിയിപ്പ് ലഭിക്കുന്നില്ല പങ്കെടുക്കുന്നുമില്ല. സമരം കാരണം കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതും തടസപ്പെടുന്നു. ഇതിനാല്‍ കൊവിഡ് രോഗികളുടെ കൃത്യമായ കണക്കല്ല ആരോഗ്യ വകുപ്പിലുള്ളത്. രാത്രിയില്‍ വീട്ടിലിരുന്ന് ഡേറ്റ എന്‍ട്രി ചെയ്ത് റിപ്പോര്‍ട്ട് നല്കിയിരുന്നതും ഇപ്പോള്‍ നല്‍കുന്നില്ല.
സമരം പ്രതിരോധപ്രവര്‍ത്തനത്തെ താറുമാറാക്കി. പല നിദ്ദേശങ്ങളും യഥാസമയം ഫീല്‍ഡ് ജീവനക്കാര്‍ക്ക് നല്‍കാനും സാധിക്കുന്നില്ല. ധനമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഹെല്‍ത്ത് സെക്രട്ടറിക്കും നിവേദങ്ങള്‍ നല്‍കിയിട്ടും പ്രയോജനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: