തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴി നല്‍കാന്‍ സ്വപ്‌ന സുരേഷില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന പരാതിയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ മുഖം രക്ഷിയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിക്കപ്പെടുന്നു. വ്യാജ തെളിവ് സൃഷ്ടിക്കല്‍, വ്യാജരേഖ ചമയ്‌ക്കല്‍, ഗൂഡാലോചന, പ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇഡിയ്‌ക്കെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഫ് ഐആര്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതി സ്വപ്നയെ സമ്മര്‍ദ്ദത്തിലാക്കി ഇഡി ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തുവെന്ന് രണ്ട് പൊലീസുകാര്‍ മൊഴിനല്‍കിയിരുന്നു. ഇത് സംബന്ധിച്ച സ്വപ്‌നയുടെ ഒരു ശബ്ദരേഖയും ഉണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കുമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വാക്ക് തന്നതായി എറണാകുളം സെഷന്‍സ് കോടതിക്ക് അയച്ച കത്തില്‍ കേസില്‍ പ്രതിയായ സന്ദീപ് നായരും ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ വാദം. കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും സുരക്ഷയ്‌ക്കായി ഏര്‍പ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇഡിയ്‌ക്കെതിരെ ആസൂത്രിതമായി ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇഡിയുടെ വാദം. പ്രതിയുടെ സുരക്ഷയ്‌ക്കായി നിയോഗിച്ചവര്‍തന്നെ അന്വേഷണ ഏജന്‍സിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നത് ഗുരുതരമായ കുറ്റമാണ്. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടുവിലായതിനാല്‍ പല ഉന്നതരുടെയും മുഖം രക്ഷിയ്‌ക്കാനാണ് ഈ ആസൂത്രിത നീക്കമെന്നാണ് ഇഡി കരുതുന്നത്.
കേസില്‍ ഇഡിയ്‌ക്കെതിരെ മൊഴിനല്‍കിയ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ സിജി വിജയന്‍, കടവന്ത്ര പൊലീസ് സ്റ്റേഷനിലെ എസ്. റെജിമോള്‍ എന്നിവരുടെ മൊഴിയ്‌ക്ക് നിയമപരമായ സാധുതയില്ലെന്നും ഇഡി വാദിക്കുന്നു. സ്വപ്‌ന ഇഡി കസ്റ്റഡിയിലിരിക്കേ അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് മൊഴി നല്‍കിയ ഒരാള്‍. ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കര്‍ സ്വപ്‌നയ്‌ക്ക നല്‍കിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നല്‍കിയതെന്നും പറയിപ്പിക്കാനാണ് ഇഡിയുടെ ശ്രമം നടന്നതെന്നാണ് കടവന്ത്ര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എസ്. റെജിമോള്‍ മൊഴി നല്‍കിയത്. ഇങ്ങിനെ മൊഴി നല്‍കിയാല്‍ സ്വപ്നയെ മാപ്പ് സാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ ഇഡി ഡിവൈഎസ്പി രാധാകൃഷ്ണന്‍ പറഞ്ഞത് കേട്ടെന്നും രാജിയുടെ മൊഴിയിലുണ്ട്.
ഇഡിയ്‌ക്കെതിരെ രണ്ടാമത് മൊഴി നല്‍കിയത പൊലീസുദ്യോഗസ്ഥ സിജി വിജയന്‍ ആണ്. ഇഡി ഉദ്യോഗസ്ഥരുടെ സ്വപ്‌നയോടുള്ള ചോദ്യങ്ങളില്‍ കൂടുതലും നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നവെന്ന് പൊലീസ് ഉദ്യോഗസഥയായ സിജി വിജയന്‍ മൊഴി നല്‍കിയത്.
സ്വപ്‌ന സുരേഷ് മജിസ്‌ട്രേറ്റിനും ഇഡിയ്‌ക്കും നല്‍കിയ മൊഴിയനുസരിച്ച് ഒരു പൊലീസുദ്യോഗസ്ഥ അവരുടെ ഫോണില്‍ ആരുടെയോ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം സ്വപ്‌നയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ്. ഈ ഫോണില്‍ റെക്കോഡ് ചെയ്ത സംഭാഷണമാണ് സ്വപ്‌നയുടെ ശബ്ദരേഖയായി പിന്നീട് പുറത്ത് വന്നത്. ഫോണില്‍ എന്താണ് പറയണമെന്ന് ആദ്യമേ സൂചന നല്‍കിയശേഷമാണ് സംസാരിച്ചതെന്ന് സ്വപ്‌ന പറയുന്നു. കോടതിയില്‍ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് സ്വപ്‌നയുടെ മൊഴിയുള്ളതിനാല്‍ പൊലീസുകാരുടെ മൊഴിയ്‌ക്ക് ബലമില്ലെന്നാണ് ഇഡിയ്‌ക്ക് ലഭിച്ചിട്ടുള്ള നിയമോപദേശം. രണ്ടു പൊലീസുകാരും ഇടതുമുന്നണിയുടെ അടുപ്പക്കാരുമാണ്.
പോലീസ് അസോസിയേഷന്‍ ഉന്നതന്റെ ഇടപെടലിലാണ് പോലീസുകാരികള്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നായണ് അന്വേഷണ സംഘം ആരോപിക്കുന്നത്. രഹസ്യം ചോര്‍ത്തുന്നത് ക്രിമിനല്‍ ചട്ട പ്രകാരം കുറ്റമാണ്.പൊലീസുകാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നുമായിരിക്കും ഇഡി വാദിക്കുക. ആവശ്യമെങ്കില്‍ ഇവര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ചും ഇഡി ആലോചിക്കും.
അതേസമയം സ്വപ്‌ന സുരേഷിന്റെ സുരക്ഷയ്‌ക്ക് സംസ്ഥാന പോലീസിനെ ആവശ്യപ്പെടുന്നത് തന്നെ പുനരാലോചിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്‍റിന്റെ തീരുമാനം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പറയാന്‍ സ്വപ്‌ന സുരേഷിന് മേല്‍ സമ്മര്‍ദം ചെലുത്തി എന്നത് നിയമപരമായി നിലനില്‍ക്കുന്ന ഒന്നല്ല. കേസ് തെളിയിക്കാന്‍ പല ചോദ്യങ്ങളും ചോദിക്കും. അതിന് പിന്നില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: