”അയ്യപ്പനെ സാക്ഷിനിര്‍ത്തി പറയുന്നു, വിശ്വാസഘാതകനായ കടകംപള്ളി ആയിരക്കണക്കിന് അമ്മമാരുടെ കണ്ണുനീരിന് മുന്നില്‍ മുട്ട് മടക്കേണ്ടി വരും” ശോഭാസുരേന്ദ്രന്റെ ഈ വാക്കുകള്‍ തീരാത്ത സമരത്തിന്റെയും അമര്‍ഷത്തിന്റെയും ആളിക്കത്തലിന്റെ സൂചനയാണ്. ഇത് തുടക്കമാണ്. വിശ്വാസിസമൂഹത്തിന്റെ അവസാന അഭയകേന്ദ്രവും തകര്‍ത്തുകളയുമെന്ന് അഹങ്കരിച്ച ഒരുകൂട്ടം അരാജകകവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടക്കം.
കഴക്കൂട്ടത്ത് ഇക്കുറി തെരഞ്ഞെടുപ്പ് ഒരു പ്രക്ഷോഭമാവുകയാണ്. കോടാനുകോടി വിശ്വാസികളുടെ മനസ്സില്‍ തീകോരിയിട്ട ആ പാതിരാ നാടകത്തിന് ജനം മറുപടി പറയാനൊരുങ്ങുന്നു. അരാജകവാദികളും നിരീശ്വരവാദികളുമായ രണ്ട് സ്ത്രീകളെ ഇരുട്ടിന്റെ മറവില്‍ പോലീസ് കാവലില്‍ ശബരിമലയില്‍ കടത്തിയത് വിജയമായി ഘോഷിച്ച ഒരു സര്‍ക്കാരിനെതിരായ അന്തിമപോരാട്ടത്തിന് കഴക്കൂട്ടം ഇക്കുറി വേദിയാകുന്നു. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കുന്നതിന് ചുക്കാന്‍ പിടിച്ച ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ നേര്‍ക്കുനേര്‍ പോരാടി തറപറ്റിക്കുമെന്ന് പ്രതിജ്ഞയെടുത്തിറങ്ങുന്നത് കേരളത്തിന്റെ തെരുവുകള്‍ ശരണഘോഷം കൊണ്ട് പ്രതിഷേധത്തിന്റെ അലകള്‍ തീര്‍ത്ത അമ്മമാരുടെ പ്രതിനിധിയാണ്.
കാലത്തിന് പൊറുക്കാനാകാത്ത മഹാപാപത്തിന് കേരളത്തിന്റെ മറുപടിയാണ് അത്. കാനനപാതയില്‍ ശരണംവിളിച്ചെത്തിയ അയ്യപ്പന്മാര്‍ക്ക് നേരെ ലാത്തിയോങ്ങിയ അധികാരകേന്ദ്രങ്ങളോടുള്ള അമ്മമാരുടെ താക്കീതാണ് അത്. ശബരിമലയെ തകര്‍ക്കുമെന്ന നിലപാട് നാല് വോട്ടിന് വേണ്ടി മാറ്റില്ലെന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരായ ജനരോഷത്തിന്റെ ആളിക്കത്തലാണത്.
സമരച്ചൂടില്‍ ജ്വലിക്കുന്ന ശോഭയെ ഭയക്കാതെ കടകംപള്ളി മുതല്‍ പിണറായി വരെയുള്ള ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കും മുന്നോട്ടുപോകാനാകില്ല. കഴക്കൂട്ടത്തെ സസ്പെന്‍സ് എന്ന് മാധ്യമങ്ങള്‍ അടക്കം പറയുന്നതിനും മുമ്പേ ആ മണ്ഡലത്തിലെ ഒഴിഞ്ഞ ഭിത്തികളില്‍ രാത്രി പകലാക്കി പ്രവര്‍ത്തകര്‍ വരച്ചിട്ട ശോഭാസുരേന്ദ്രന്‍ എന്ന അക്ഷരങ്ങള്‍ക്ക് പോലുമുണ്ട് ആവേശം.
കഴക്കൂട്ടത്തേക്കെത്തിയ ശോഭാസുരേന്ദ്രന് കേരളത്തിലെ ഒരു മണ്ഡലത്തിലും കാണാത്ത ആവേശവരവേല്പാണ് ലഭിച്ചത്. ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളില്‍ ആണ്‍, പെണ്‍ ഭേദമില്ലാതെ കഴക്കൂട്ടത്തിന്റെ ചെറുപ്പം തങ്ങളുടെ പ്രിയപ്പെട്ട ശോഭേച്ചിക്ക് ജയ് വിളിച്ച് ഒപ്പം കൂടി. അമ്മമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍…. അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു ശോഭായാത്രയായിരുന്നു. വിജയക്കുതിപ്പിനുള്ള ആദ്യ ചുവട്…..
വിശ്വാസഹത്യ നടത്തി തങ്ങളെ അനാഥമാക്കിത്തീര്‍ത്ത രാക്ഷസാധികാരത്തിന്റെ ചട്ടുകങ്ങള്‍ക്കും ചൂട്ടുകറ്റകള്‍ക്കുമെതിരായ പോരാട്ടത്തിന് തുടക്കം കുറിക്കാനെത്തിയ ധീരയായ പോരാളിക്ക് ഒരു നാടിന്റെ വരവേല്പ്…..
പ്രതികരിക്കാൻ ഇവിടെ എഴുതുക: