കൊല്ലം: പി.സി. തോമസിനെതിരെ ശക്തമായ നിലപാടെടുത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലട ദാസ്. 14 ജില്ലകളിലെയും നേതാക്കളും പ്രവര്‍ത്തകരും എന്‍ഡിഎക്കൊപ്പം ഉറച്ചുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. പാര്‍ട്ടിയുടെ പൊതുനിലപാടിന് ഒപ്പമാണ് താനും. പല മുന്നണികള്‍ മാറിമാറി പരീക്ഷിച്ച് പാര്‍ട്ടി അധ്യക്ഷനായിരുന്ന പി.സി. തോമസ് സ്വന്തം സാമ്പത്തികലക്ഷ്യങ്ങളും വ്യക്തിതാല്പര്യങ്ങളും സംരക്ഷിക്കുകയാണ്. ഇനിയും അതിന് സമ്മതിക്കാനാവില്ല. അതിനാലാണ് ഇങ്ങനെയൊരു മുദ്രാവാക്യം ഉയര്‍ത്തിയത്. ലയനവും വില്പനയും കൊണ്ട് കാലാകാലങ്ങളില്‍ സാമ്പത്തികലാഭം ഉണ്ടാക്കുകയാണ് പി.സി. തോമസ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി എന്‍ഡിഎയില്‍ തുടര്‍ന്നുകൊണ്ടുതന്നെ മറ്റ് മുന്നണികളുമായി ചര്‍ച്ചകളിലായിരുന്നു.
കൊറോണയുടെ സാഹചര്യത്തില്‍ പാര്‍ട്ടി സംസ്ഥാനസമിതി യോഗങ്ങള്‍ ഗൂഗിള്‍മീറ്റ് വഴിയാണ് നടത്താറ്. ഇതില്‍ മിക്കവാറും പി.സി. തോമസിന് മാത്രമെ സംസാരിക്കാനാകൂ. വീട്ടുവിശേഷങ്ങളും ബന്ധുക്കളുടെ കാര്യങ്ങളും പറഞ്ഞ് സമയം കളയലാണ് പരിപാടി. പ്രവര്‍ത്തകരുടെ വികാരങ്ങളൊന്നും കേള്‍ക്കാറില്ല. പി.സി. തോമസുമായി ഒരു ബന്ധവും വച്ചുപുലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍തന്നെ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ ഇന്നലെ പുറത്താക്കിയിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് എന്‍ഡിഎ എന്നായിരിക്കും പാര്‍ട്ടിയുടെ പേര്. കേരള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാപ്രസിഡന്റുമാരുടെയും അടിയന്തരയോഗം തിരുവനന്തപുരത്ത് ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ക്കും എന്‍ഡിഎയുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്കും പാര്‍ട്ടി ചെയര്‍മാന്റെ ചുമതല നിര്‍വഹിക്കുന്നതിനും കല്ലട ദാസിനെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: