പിന്നീട് ഔറംഗസേബിന്റെ കഴുകക്കണ്ണ് ജയസിംഹനിലേക്കായി. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ ജയസിംഹന് പരാജയം സംഭവിച്ച വാര്‍ത്ത ബാദശാഹയുടെ ചെവിയിലെത്തി. ബീജാപ്പൂരുമായുള്ള യുദ്ധത്തില്‍ ദുര്‍ബ്ബല ഹസ്തനായി തീര്‍ന്ന ജയസിംഹന്, ശിവാജി സ്വരാജ്യത്തില്‍ എത്തിയാല്‍ എന്തുചെയ്യുമെന്ന ഭീതിയും ഉണ്ടായി.
ദില്ലിയിലും ജയസിംഹന്റെ ഉത്കര്‍ഷത്തില്‍ അസൂയാലുക്കളായ സേനാനായകന്മാര് ഗുപ്തഭാഷണത്തില്‍ കൂടി ബാദശാഹയെ സ്വാധീനിച്ചു. ജയസിംഹന് ബാദശാഹയില്‍ വിശ്വാസവഞ്ചന ചെയ്തുകൊണ്ടിരിക്കയാണെന്ന് വരുത്തിത്തീര്‍ത്തു. ഈ വര്‍ത്തമാനം എല്ലായിടവും പരന്നു, ജയസിംഹനും ഈ വിവരം അറിഞ്ഞു. മകന് രാമസിംഹനെ അപമാനിച്ചതിലും അതീവദുഃഖിതനായിരുന്നു ജയസിംഹന്. ബാദശാഹയുടെ അനന്യനിഷ്ഠാവാനായ ജയസിംഹനെപ്പോലുള്ളവരുടെ വിശ്വാസ്യതയെ സംശയിച്ചാല്‍, അവര്‍ക്കുണ്ടാവുന്ന ഹൃദയാഘാതം വളരെ വലുതായിരിക്കും. ഈ കളങ്കം കഴുകിക്കളയാനായി, ബാദശാഹയില്‍ തനിക്കുള്ള അചഞ്ചലവും അനന്യവുമായ നിഷ്ഠ ഉറപ്പിക്കാനായി, ദില്ലിയിലുള്ള ഔറംഗസേബിന്റെ ശ്വശുരന് (ഭാര്യാപിതാവ്) ജഫര്ഖാന് ജയസിംഹന് ഒരു കത്തെഴുതി.
മുഴുവന്‍ ദക്ഷിണഭാരതവും ബാദശാഹയുടെ അധീനതയില്‍ കൊണ്ടുവരാന്‍ യഥാശക്തി ഞാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കയാണ്. എങ്ങനെയെങ്കിലും വീണ്ടും ശിവാജിയെ ബാദശാഹയുടെ മുന്നിലെത്തിക്കാന്‍ ഉപായം ആലോചിച്ചുകൊണ്ടിരിക്കയാണ്. അവസരം കണ്ടെത്തി അയാളെ നശിപ്പിക്കും. ബാദശാഹയുടെ കാര്യസാദ്ധ്യത്തിനായി ഞാന്‍ എന്തും ചെയ്യാന്‍ തയ്യാറാണ്. ജനങ്ങളുടെ സ്തുതിയിലും നിന്ദിക്കലിലും ഞാന്‍ ഇളകാന്‍ പോകുന്നില്ല. ബാദശാഹ അംഗീകരിക്കുകയാണെങ്കില്‍ ശിവാജിയുടെ പുത്രനുമായി എന്റെ പുത്രിയുടെ വിവാഹാലോചന നടത്താം. ശിവാജിയുടെ കുലത്തെക്കാള് ശ്രേഷ്ഠമായതാണ് എന്റെ കുലം. അതുകൊണ്ട് ഈ വിവാഹപ്രസ്താവന ശിവാജി അംഗീകരിക്കാതിരിക്കില്ല. വിവാഹ സന്ദര്‍ഭത്തില്‍ എങ്ങനെയെങ്കിലും അവസരം കണ്ടെത്തി അയാളുടെ കഥ തീര്‍ക്കും. ഇത് രഹസ്യമായി സൂക്ഷിക്കുക, പെട്ടെന്ന് മറുപടി പ്രതീക്ഷിക്കുന്നു, എന്ന് മിര്‍ഝാരാജാ ജയസിംഹന്.
പ്രതിദിനം ഒരു മണിക്കൂറെങ്കിലും ഏകലിംഗനാഥന്റെ പൂജയില്‍ മുഴുകിയിരിക്കാറുള്ള ഭക്തനായ രാജപുത്ത് ജയസിംഹന്റെ നിലവാരം നോക്കൂ. പരദാസ്യത്തില്‍, ഉയര്‍ന്ന വ്യക്തിത്വമുള്ളവര്‍ പോലും എങ്ങനെ അധഃപതിക്കുന്നു എന്നുള്ളത് ഇതിനേക്കാള്‍ വലിയ ഉദാഹരണം ആവശ്യമാണോ?
ഔറംഗസേബ് ജയസിംഹന്റെ കത്തിന് മറുപടി അയച്ചില്ല. ജാഫര്ഖാനെക്കൊണ്ട് എഴുതിച്ചുമില്ല. മറിച്ച് ദക്ഷിണ ഹിന്ദുസ്ഥാനത്തിന്റെ സുബേദാറായി മകനായ മുഅജം നിയുക്തനായി.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: