അറ്റ്‌ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റയിൽ മൂന്ന് മസാജ് പാർലറുകളിൽ നടന്ന വെടിവയ്‌പിൽ എട്ട് മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആറ് ഏഷ്യൻ വനിതകൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തതെന്ന് കരുതുന്ന 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വടക്കു കിഴക്കൻ അറ്റ്ലാന്റയിലാണ് സംഭവം നടന്നത്. ഇവിടത്തെ മൂന്ന് മസാജ് പാർലറുകളിൽ അക്രമി വെടിയുതിർത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാൾ തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ജോർജിയയിലെ അക്രോത്തിലാണ് ആദ്യം വെടിവയ്‌പ് ഉണ്ടായത്. ഒരു മണിക്കൂറിന് ശേഷം അറ്റ്ലാന്റയിലെ ഗോൾഡ് മസാജ് സ്പാ, അരോമ തെറാപ്പി സ്പാ എന്നിവിടങ്ങളിൽ വെടിവയ്‌പുണ്ടായി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബർട്ട് ആരോൺ ലോങിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.














