വൈഷ്ണവഭക്തി ധാരയുടെ മധുരപര്‍വമാണ് പന്ത്രണ്ട് ആഴ്‌വാന്മാരുടെ ജീവചരിതം. അവരുടെ സ്തുതിഗീതകങ്ങളാണ് ‘പാസുരങ്ങള്‍’. പത്താം ശതകത്തില്‍ ജീവിച്ചിരുന്ന നാഥമുനി ഇവ നാലായിരം ദിവ്യപ്രബന്ധം’ എന്ന പേരില്‍ സമാഹരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യതാളുകള്‍ സുഗന്ധപൂരിതമാകുന്നത് പെരിയാഴ്‌വാരുടെ രണ്ട് രചനകളിലൂടെയാണ്.
മധുരൈക്ക് സമീപം രാമനാഥപുരം ജില്ലയിലെ ശ്രീവല്ലിപുത്തൂരിലാണ് പെരിയാഴ്‌വാര്‍ ഭൂജാതനായത്. പദ്മാവതിയും മുകുന്ദപട്ടരുമായിരുന്നു മാതാപിതാക്കള്‍. ആദ്യനാമധേയം വിഷ്ണുസിദ്ധന്‍ എന്നായിരുന്നു. അവിടത്തെ ശിവക്ഷേത്രത്തില്‍ മാലകെട്ടുകാരനായ പിതാവിനെ സഹായിക്കാന്‍ ബാല്യത്തില്‍തന്നെ വിഷ്ണുസിദ്ധന് താല്‍പ്പര്യമുണ്ടായിരുന്നു. കുഞ്ഞുവിരലുകളില്‍ തുളസിക്കതിരിന്‍ മാല കൊരുത്തും തുളസിച്ചെടി നട്ടുനനച്ചും ആ ജീവിതം ഭക്തി പാരവശ്യത്തിന്റെ തുളസീഗന്ധം വിടര്‍ത്തി. പന്ത്രണ്ടു പാസുരങ്ങളടങ്ങിയ വിഷ്ണുസ്തുതിയായ ‘തിരുപ്പല്ലാണ്ട്’ എന്ന ആദ്യ കൃതിയിലൂടെ തന്നെ ഭക്തജനഹൃദയം കീഴടക്കുകയായിരുന്നു പെരിയാഴ്‌വാര്‍. ഇതില്‍ തിരുവോണ സംബന്ധിയായ ആറാം പാസുരം വാമനാവതാരത്തിന്റെ വാഴ്‌ത്തുപാട്ടാണെന്നത് സവിശേഷ പരാമര്‍ശമര്‍ഹിക്കുന്നു. മുഖ്യകൃതിയായ ‘പെരിയാഴ്‌വാര്‍ തിരുമൊഴി’ ഭക്തിയുടെ കളഭഗന്ധപൂരമാണ്. ഇന്നും വിവിധ വിഷ്ണുക്ഷേത്രങ്ങളില്‍ ഇതിലെ കീര്‍ത്തനഗീതികള്‍ തുയിലുണര്‍ത്തു പാട്ടിന്റെ തുടിയുണര്‍ത്തുന്നു. ആണ്ടാള്‍ എന്ന മഹാതപസ്വിനിയുടെ വളര്‍ത്തച്ഛനും മാര്‍ഗദര്‍ശിയുമായി ഈ ആത്മീയപ്രതിഭ കാലങ്ങളില്‍ അനശ്വര പ്രതിഷ്ഠ നേടുകയായിരുന്നു.
പന്ത്രണ്ട് ആഴ്‌വാര്‍മാരുടെ അതീതഗാനങ്ങളില്‍ മഹാസ്ഥാനം ലഭിച്ച ഏകവനിതയാണ് ആണ്ടാള്‍. ഇവരുടെ ജീവിതകാലം ഏഴാം ശതകമാണെന്നും അതല്ല, ഒമ്പതാം ശതകമാണെന്നും ഗവേഷകര്‍ക്കിടയില്‍ വിഭിന്നാഭിപ്രായങ്ങളുണ്ട്. പെരിയാഴ്‌വാര്‍ തുളസിയുദ്യാനത്തില്‍ കണ്ടെത്തിയ പെണ്‍കുഞ്ഞിന് ‘പൂമാല’ യെന്ന് അര്‍ഥം വരുന്ന ഗോദയെന്ന പേരിട്ട് ആശ്രമത്തില്‍ വളര്‍ത്തിയെന്നും ജീവനതപസ്യയിലൂടെ ആണ്ടാള്‍ എന്ന യോഗിനിയായെന്നുമാണ് പഴങ്കഥ. വിഷ്ണു പ്രേമത്തിന്റെ വിലോഭനീയമായ പാതയിലാണ് ബാല്യകാലം തൊട്ട് ഗോദ സഞ്ചരിച്ചത്. പെരിയാഴ്‌വാരുടെ ആത്മീയ സ്വത്വത്തില്‍ നിന്ന് ഗോദ നേടിയത് തപസ്സിന്റെയും ധ്യാനത്തിന്റെയും മോക്ഷമാര്‍ഗമാണ്.
‘തന്നെ രക്ഷിക്കാന്‍ വന്നവള്‍’ എന്ന അര്‍ഥത്തില്‍ വളര്‍ത്തച്ഛന്‍ ഗോദയെ ‘ആണ്ടാള്‍’ എന്ന് വിളിക്കുകയായിരുന്നു. ഈ നാമധേയം അചിരേണ സമൂഹം ആദരവോടെയാണ സ്വീകരിച്ചത്.
‘ശ്രീരംഗനാഥനെ മാത്രമേ താന്‍ ഭര്‍ത്താവായി സ്വീകരിക്കൂ’ എന്ന ദൃഢനിശ്ചയത്തോടെ ആണ്ടാള്‍ തന്റെ ജീവിത ദൗത്യവുമായി മുന്നേറി. ‘തിരുപ്പാവ’യും ‘നാച്ചിയാര്‍ മൊഴിയും’ ആണ്ടാളുടെ ആത്മീയപ്രത്യക്ഷ ഗീതികളായി കാലങ്ങളെ പുല്‍കുകയായിരുന്നു. തിരുപ്പാവയിലെ മുപ്പത് അമൃതസങ്കീര്‍ത്തനങ്ങളും വൈഷ്ണവ ക്ഷേത്രങ്ങളില്‍ കൊട്ടിപ്പാടി സേവയുടെ
പുണ്യം നുകര്‍ന്ന് ഒഴുകി. ‘കൃഷ്ണാ ഞങ്ങളെന്നും നിന്റെ ദാസികളാകുന്നു…നീ ഞങ്ങളെ അടിമകളായി സ്വീകരിച്ചാലും’ എന്ന അര്‍ഥനാ ലഹരിയിലെ അക്ഷരങ്ങളുടെ ഗോപികാ നടനം ഹൃദ്യാനുഭൂതിയേകുന്നു. ‘നാച്ചിയാര്‍ തിരുമൊഴി’ ഭക്തിയുടെ പ്രേമാനന്ദം മുഴക്കുകയാണ്. സിദ്ധകോടിയിലെത്തിയ നാച്ചിയാരുടെ (പുണ്യവതി) ഹൃദയ സന്തര്‍പ്പണം കേള്‍ക്കുക: ‘എന്റെ ദേഹപഞ്ജരത്തിനുള്ളിലെ പഞ്ചവര്‍ണക്കിളി ഗോവിന്ദാ… ഗോവിന്ദാ… എന്ന് ഉറക്കെ വിളിക്കുന്നു. എന്റെ പ്രേമരഹസ്യം എല്ലാവരുമറിഞ്ഞു കഴിഞ്ഞു. എന്നെ വൃന്ദാവനത്തില്‍ പ്രാണനാഥനു സമീപമെത്തിക്കൂ.’
ശ്രീരംഗനാഥന്‍ ആണ്ടാളിനെ ശ്രീരംഗത്തേക്ക് കൊണ്ടു വരണമെന്നു ചൊല്ലിയ സ്വന്തം സ്വപ്‌ന ദര്‍ശനത്തെ മുന്‍നിര്‍ത്തി പെരിയാഴ്‌വാര്‍ യോഗിനിയെ അണിയിച്ചൊരുക്കി യാത്ര പുറപ്പെട്ടു. ഭക്തജനങ്ങള്‍ അകമ്പടി സേവിച്ചു. ക്ഷേത്രത്തിലെത്തിയ ആണ്ടാള്‍ രംഗനാഥസ്വാമിയെ വന്ദിച്ച് കൈകൂപ്പി. ഏതോ അപൂര്‍വ പ്രചോദനത്തില്‍ പ്രേരിതയായി ആണ്ടാള്‍ ഗര്‍ഭഗൃഹത്തില്‍ പ്രവേശിച്ചു. ഈ മുഹൂര്‍ത്തത്തില്‍ തപസ്വിനി, രംഗനാഥസ്വാമി വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ശ്രീവല്ലിപൂത്തൂരില്‍ രംഗനാഥസ്വാമിയുടെയും ആണ്ടാളുടെയും ദമ്പതിവിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിക്കണമെന്ന് അന്നുയര്‍ന്നു കേട്ട അശരീരി വാക്യം പിന്നീട് സാര്‍ഥകമായി. പ്രണയഭക്തിയുടെ രാധാമാധവാനുഭൂതിയാണ് ആണ്ടാളുടെ ജീവനകഥാ സാരം.
പ്രേമഗീതികളുടെ അമൃതരസമാണ് ആണ്ടാള്‍ തന്റെ പ്രിയതമനായ ശ്രീരംഗനാഥന് നേദിച്ചത്. തമിഴിന്റെ ചിമിഴില്‍ ഒതുക്കിയ പ്രണയത്തിന്റെ രത്‌നഹാരമാണത്. തിരുപ്പാവയും നാച്ചിയാര്‍ തിരുമൊഴിയും നാരദമുനിയോതുന്ന സ്‌നേഹഭക്തിയുടെ സമര്‍പ്പണ സംഗീതികയാണ്. തമിഴ്‌സാഹിത്യത്തിന്റെ വിശ്രുതശ്രേണിയില്‍ വിളങ്ങി അവ നരജന്മം ധന്യധന്യമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: