തൃശൂര്‍: പൂരം കമ്മിറ്റികളുടെയും പൂരപ്രേമികളുടെയും ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളുടെയും സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങി. ഇക്കുറി തൃശൂര്‍പൂരം അതിന്റെ പൂര്‍ണ്ണനിറവില്‍ നടത്താന്‍ സര്‍ക്കാര്‍ സമ്മതം നല്കി.
പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ബിജെപി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടതുപോലെ മുഴുവന്‍ ആനകളെയും വെച്ച് പൂരം നടത്താം. ആനകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തില്‍ നിന്നുകൂടി സര്‍ക്കാര്‍ പിന്മാറി. പതിനഞ്ച് ആനകളെ വീതം എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്ന് പൂരം കമ്മിറ്റികള്‍ നിര്‍ബന്ധം പിടിച്ചിരുന്നു. ഇതിനും സര്‍ക്കാര്‍ വഴങ്ങി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അനുമതി അറിയിച്ചിരിക്കുന്നത്.
പൂരം എക്സിബിഷനും അനുമതി നല്‍കിയിട്ടുണ്ട്. ഇത് പൂരംകമ്മിറ്റികളുടെ പ്രധാന വരുമാനമാര്‍ഗ്ഗമാണ്. ഇപ്പോഴേ വൈകിയ എക്സിബിഷന് ഉടന്‍ തുടങ്ങും. പങ്കെടുക്കാന്‍ വരുന്നവര്‍ കോവിഡ് ചട്ടങ്ങള്‍ പാലിക്കണം. മുഖംമൂടി ധരിക്കുകയും സാമൂഹ്യഅകലം പാലിക്കുകയും വേണം. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തില്‍ പൊലീസ് വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കും. ഇതിന് പൊലീസിന് പൂര്‍ണ്ണസ്വാതന്ത്ര്യം അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: