ന്യൂദല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സഖ്യകക്ഷികളായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുണ്ടെങ്കിലും ഇവര്‍ രഹസ്യമായി മമതയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നതിന്റെ തെളിവുകള്‍ ദിവസേന പുറത്തുവരികയാണ്.
ഏറ്റവും ഒടുവിലത്തേത് ബംഗാളിലെ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരിയ്ക്കെതിരെ കോണ്‍ഗ്രസ് എടുത്ത നിലപാടാണ്. മമതയുടെ പരിക്കിന് കാരണം രാഷ്ട്രീയ നാടകമാണ് അല്ലാതെ ആക്രമണമല്ലെന്ന് ആദിര്‍ രഞ്ജന്‍ ചൗധരി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല. ഉടനെ സോണിയയുടെ നിര്‍ദേശപ്രകാരം ആദിര്‍ രഞ്ജന്‍ ചൗധരിയെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതൃപദവിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.
മമതയുടെ പരിക്കിന് പിന്നില്‍ ബിജെപിയെ ബലിയാടാക്കാനുള്ള ഗൂഡതന്ത്രമാണ് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂലുമായി ചേര്‍ന്ന് ഒരുക്കുന്നതെന്ന് വേണം കരുതാന്‍. പക്ഷെ മമതയുടേത് അപകടമാണ്, ആക്രമണമല്ലെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ലോക്കല്‍ ടിവി ചാനലുകളും പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഇതോടെ മമത വീണ്ടും വെട്ടിലായിരിക്കുകയാണ്.
കാറിന്റെ ഡോര്‍ തുറന്ന് പിടിച്ച് പുറത്തുള്ള പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു മമത. പൊടുന്നനെ ഡോര്‍ ഒരു തൂണില്‍ ഇടിച്ച ആഘാതത്തില്‍ മമതയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇത് ശത്രുക്കളുടെ ബോധപൂര്‍വ്വമുള്ള ആക്രമണമെന്ന് പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിക്കാനായിരുന്നു മമതയുടെയും തൃണമൂലിന്റെയും തന്ത്രം.
സത്യം ഉച്ചരിച്ച ആദിര്‍ രഞ്ജന്‍ ചൗധരിയെ സോണിയയുടെ രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമായി ബലിയാടാക്കുകയാണ്. പകരം ലോക്സഭയില്‍ കോണ്‍ഗ്രസ് കക്ഷിയുടെ നേതാവായി പഞ്ചാബില്‍ നിന്നുള്ള രവ്നീത് സിംഗ് ബിട്ടുവിനെ നിയമിച്ചതായി കോണ്‍ഗ്രസ് ഹൈക്കമാന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: