ന്യൂദല്‍ഹി: തമിഴ്നാട്ടിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെ ശോചനീയാവസ്ഥയില്‍ ആശങ്കയും സഹാനുഭൂതിയും പ്രകടിപ്പിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ്. തമിഴ്നാട് സര്‍ക്കാര്‍ ക്ഷേത്രങ്ങളിന്മേലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നും ക്ഷേത്രങ്ങളുടെ നടത്തിപ്പ് ചുമതല ഭക്തരെ ഏല്‍പ്പിക്കണമെന്നും സദ്ഗുരു ആവശ്യപ്പെട്ടു.
ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2021ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങള്‍ മാത്രമല്ലെന്നും അത് ശക്തിസ്രോതസ്സാണെന്നും ഈശ ഫൗണ്ടേഷന് സ്ഥാപകന്‍ കൂടിയായ സദ്ഗുരു പറഞ്ഞു. ‘ആയിരത്തോളം ക്ഷേത്രങ്ങള്‍ ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ മികവാര്‍ന്ന കലയും വാസ്തുശില്പകലയും നശിപ്പിക്കപ്പെടുകയും മറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. യുനെസ്കോയും തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ ശോചനീയവാസ്ഥയിലാണെന്ന് അഭിപ്രായപ്പെട്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.
‘തമിഴ്നാട്ടിലെ 87 ശതമാനം ജനങ്ങളും ഹിന്ദു സമുദായത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ക്ഷേത്രകാര്യങ്ങള്‍ കൃത്യതയോടെ മാനേജ് ചെയ്യാന്‍ അതില്‍ ഒരു 25 പേര് കൂടി മുന്നോട്ട് വരില്ല,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ ഹിന്ദു മതവും ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും സദ്ഗുരു ഞെട്ടിപ്പിക്കുന്ന ചില കണക്കുകള്‍ പുറത്തുവിട്ടു.’ ഏകദേശം 11,999 അമ്പലങ്ങളില്‍ ഒരു നേരത്തെ പൂജ പോലും നടക്കുന്നില്ല. 34,000 ക്ഷേത്രങ്ങള്‍ ഒരു വര്‍ഷം 10,000 രൂപ പോലും വരുമാനമുണ്ടാക്കാനാവാതെ അരിഷ്ടിച്ച് മുന്നോട്ട് പോകുന്നവയാണ്. ഇനി മറ്റൊരു 37,000 ക്ഷേത്രങ്ങളില്‍ പൂജ ചെയ്യാനും നടത്തിപ്പിനും സുരക്ഷയ്ക്കും ഒരാള്‍ മാത്രം ഉള്ളവയാണ്,’ സദ്ഗുരു ചൂണ്ടിക്കാട്ടി.
‘ഏകദേശം അഞ്ച് ലക്ഷം ഏക്കര്‍ സ്ഥലം ഈ ക്ഷേത്രങ്ങള്‍ക്കെല്ലാം കൂടിയുണ്ടെങ്കിലും 2.33 കോടി ചതുരശ്രയടി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും ആകെ ഇവിടെ നിന്നും ലഭിക്കുന്ന വരുമാനം തുച്ഛമാണ്. ഈ വരുമാനത്തില്‍ തന്നെ 14 ശതമാനത്തോളം ഓഡിറ്റിംഗിനും മാനേജ്മെന്റിനും പോകുന്നു. 1-2 ശതമാനം മാത്രമാണ് പൂജയ്ക്കും ഉത്സവത്തിനും ചെലവിടുന്നത്,’ ജഗദ്ഗുരു പറഞ്ഞു.
‘സിഖുകാരുടെ ശിരോമണി ഗുരുദ്വാര പ്രബന്ധക് ക്മ്മിറ്റി ആകെ 85 ഗുരുദ്വാരകളാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നും ഒരു വര്‍ഷത്തെ നടവരവ് ആയിരം കോടി രൂപയാണ്. അതേ സമയം 44,000 ക്ഷേത്രങ്ങളില്‍ നിന്നുമായി ഒരു വര്‍ഷത്തെ വരവ് വെറും 128 കോടി രൂപ മാത്രം. ഇതിന്റെ നടത്തിപ്പിനെക്കുറിച്ച് എന്താണ് പറയാനാവുക?,’ സദ്ഗുരു ചൂണ്ടിക്കാട്ടി.
‘ജാതി, വംശം എന്നിവയ്ക്കപ്പുറം ക്ഷേത്രങ്ങളെ കാണണം. സച്ചിന് ടെണ്ടുല്‍ക്കറുടെ ജാതി ആരെങ്കിലും ചോദിക്കുമോ? അദ്ദേഹത്തിന്റെ സെഞ്ച്വറികള്‍ മാത്രമേ നമ്മള് എണ്ണൂ. ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിലും ഇതുതന്നെ നടക്കണം, ‘ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: