തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലും നേമത്തും മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്നു രാവിലെ മണ്ഡലത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി താന്‍ പുതുപ്പള്ളിയില്‍ എന്താലായും മത്സരിക്കുമെന്നും അംഗീകരിച്ച 81 പേരുടെ പട്ടികയില്‍ പുതുപ്പള്ളിയില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, നേമത്ത് മത്സരിക്കുന്ന കാര്യം തള്ളാത്ത ഉമ്മന്‍ ചാണ്ടി തീരുമാനം ദേശീയ നേതൃത്വമാണ് അറിയിക്കേണ്ടതെന്ന് വ്യക്തമാക്കി. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നാണ് ആഗ്രഹമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അതേസമയം, ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് നേമത്ത് മത്സരിക്കുന്നതില്‍ പ്രതിഷേധം അറിയിച്ച് നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുയായികളും അദ്ദേഹത്തെ പുതുപ്പള്ളിയിലെ വസതിയിലേക്ക് എത്തി. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചു. ഉമ്മന്‍ചാണ്ടി എത്തിയതോടെ വാഹനം തടഞ്ഞുനിര്‍ത്തിയ പ്രവര്‍ത്തകര്‍ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലര്‍ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ ബിജെപിയുടെ ഏകസീറ്റായ നേമത്ത്് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പ്രമുഖ നേതാവിനെ കോണ്‍ഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ശശി തരൂരിന്റേയും പേരും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍, ഒടുവില്‍ ചര്‍ച്ചകള്‍ ഉമ്മന്‍ ചാണ്ടിയെ ചുറ്റിപ്പറ്റിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: