ബഹലോല്‍ഖാന്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു എന്നും എന്നാല്‍ ഖാനെ അവിടെവച്ചു തന്നെ വിമുക്തനാക്കിയെന്ന വിവരവും ലഭിച്ച ശിവാജി അതീവ ക്രുദ്ധനായി. കയ്യില്‍ കിട്ടിയ ശത്രുവിനെ സര്‍വ സൈന്യാധിപന് മോചിപ്പിച്ചിരിക്കുന്നു. സ്വരാജ്യത്തിനായുള്ള സംഘര്‍ഷത്തില്‍ ഇത്തരത്തിലുള്ള ആത്മഹത്യാപരമായ നടപടിയില്‍കൂടി ഔദാര്യം പ്രദര്‍ശിപ്പിച്ചത് ശരിയായില്ല. ശിവാജി തല്‍ക്ഷണം പ്രതാപറാവുവിന് എഴുത്തയച്ചു. ആരോട് ചോദിച്ചിട്ടാണ് താങ്കള്‍ സന്ധി അംഗീകരിച്ചത്? വിജയാഹ്ലാദം നടക്കുന്നതിനിടെ മഹാരാജാവിന്റെ പത്രം ലഭിച്ച പ്രതാപറാവുവിന്റെ സന്തോഷം അസ്തമിച്ചു. ശിവാജിക്കായി പ്രാണന് പണയംവച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പ്രതാപറാവുവിന് അവര്‍ണനീയമായ ഹൃദയദേവനയുണ്ടായി. ഇനിയെങ്ങനെ ശിവാജിയെ മുഖം കാണിക്കും എന്ന് വ്യാകുലചിത്തനായി.
ആ സമയത്ത് ശിവാജിയുടെ രണ്ടാമത്തെ പത്രവും ലഭിച്ചു. ബഹലോല്‍ഖാനെ നശിപ്പിക്കാതെ ഇനിയെന്നെ മുഖം കാണിക്കേണ്ട എന്നായിരുന്നു അത്. അതോടുകൂടി പ്രതാപറാവുവിന്റെ ഹൃദയാഘാതം വര്‍ധിച്ചു. സ്വരാജ്യത്തിന്റെ നിഷ്ഠയില്‍നിന്നും തരിപോലും വ്യതിചലിക്കാതെ പ്രതാപറാവു ശിവാജിയില്‍ തനിക്കുള്ള പ്രീതിയെ വെളിപ്പെടുത്തിക്കൊണ്ട് ചില തീരുമാനങ്ങളെടുത്തു.
ജീവന്‍ദാനം ലഭിച്ച ബഹലോല്‍ ഖാന് തിരിച്ചുപോയിരുന്നു. തനിക്കേറ്റ പരാജയത്തില്‍ അപമാനിതനായ ഖാന് അപ്രതീക്ഷിതമായി വീണ്ടും സ്വരാജ്യത്തെ ആക്രമിച്ചു. തന്റെ ഗുണം പ്രദര്‍ശിപ്പിച്ചു. ഖാന്റെ വിഷയത്തില്‍ പ്രതാപറാവു കാണിച്ച ഔദാര്യം സര്പ്പത്തിന് പാലു കൊടുത്തതുപോലെയായിരുന്നു. ശിവാജിയുടെ വചനം അക്ഷരം പ്രതി സത്യമായി. താന്‍ ചെയ്തുപോയ തെറ്റിന്റെ ഗൗരവം പ്രതാപറാവുവിന് അപ്പോഴാണ് മനസ്സിലായത്. ഞാന്‍ തെറ്റുകാരനാണെന്ന തോന്നല്‍ അദ്ദേഹത്തെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു. തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അദ്ദേഹം നിശ്ചയിച്ചു. ബഹലോല്‍ഖാന്‍ വിശ്വാസവഞ്ചന ചെയ്തു എന്നതിനാല്‍ പ്രതാപറാവുവിന് ബഹലോല്‍ ഖാനില്‍ വലിയ ക്രോധം ഉണ്ടായി.
അപ്പോള്‍ ഖാന് വലിയ സേനയുമായി നേസരിയിലേക്ക് വന്നുകൊണ്ടിരിക്കയാണെന്ന് അറിവ് ലഭിച്ചു. ഖാന്റെ പേര് കേട്ടപ്പോള്‍ തന്നെ കോപാകുലനായ പ്രതാപറാവുവിന്റെ വിവേകം നഷ്ടപ്പെട്ടു. ഞാന്‍ സര്‍വ്വസൈന്യാധിപനാണെന്നും, സ്വരാജ്യത്തിന്റെ ചുമതല എന്നിലര്‍പ്പിതമാണെന്നുമെല്ലാം മറന്ന് ആവേശത്തില്‍ ആറ് സഹയോഗികളോടൊപ്പം ഖാനെ ആക്രമിക്കാന്‍ പുറപ്പെട്ടു. അനേകം ശത്രുക്കളെ കൊന്നൊടുക്കിക്കൊണ്ട് അവസാനം യുദ്ധഭൂമിയില്‍ സ്വയം ദേഹാര്‍പ്പണം ചെയ്തു. 1674 ലെ ശിവരാത്രി ദിവസമായിരുന്നു അത്. സ്വരാജ്യത്തിന്റെ സര്‍വസൈന്യാധിപതിയുടെ ജീവനപുഷ്പം ശിവാജിയുടെ പൂജയ്ക്കായി സമര്‍പ്പിച്ചു.
മഹാസേനാപതി മരിച്ചു! ശിവാജിയുടെ വലംകൈയെന്നറിയപ്പെട്ടിരുന്ന പ്രതാപറാവു ഗുര്‍ജര്‍ മരിച്ചു. ഈ വിവരം അറിഞ്ഞ ശിവാജിക്ക് അതീവ ഹൃദയ വ്യാകുലത അനുഭവപ്പെട്ടു. ഖാനെ ജയിക്കാതെ മുഖം കാണിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. മുഖം കാണിക്കാന്‍ പ്രതാപറാവു തന്നെ ഇപ്പോഴില്ല. ഇനിയൊരിക്കലും അദ്ദേഹം മുഖം കാണിക്കില്ല. എന്റെ വാക്കുകളാണ് ഇതിനു കാരണം. അതുകൊണ്ട് എനിക്ക് എന്റെ തന്നെ വലതുകൈ നഷ്ടപ്പെട്ടിരിക്കയാണ് എന്നദ്ദേഹം ദുഃഖത്തോടെ പറഞ്ഞു. ഇനിയാരാണ് ബഹലോല്‍ ഖാനെ അമര്‍ച്ച ചെയ്യുക എന്നുള്ള വിചാരവും മനസ്സിനെ മഥിച്ചു. അപ്പോള്‍ പ്രതാപറാവുവിന്റെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍ദാര്‍ ആനന്ദറാവു ശിവാജിക്ക് ഒരെഴുത്തയച്ചു. മഹാസേനാപതി മരിച്ചു എന്നത് സത്യം. അതുകൊണ്ട് ചിന്താകുലനാകേണ്ടതില്ല. ആ സ്ഥാനത്ത് ഞാനുണ്ട്. അങ്ങനെയുള്ള നിഷ്ഠാവാന്മാരും കര്‍തൃത്വശേഷിയുള്ളവരുമായ അനുയായികളുടെ നീണ്ടനിര നിര്‍മിക്കപ്പെട്ടു എന്നതാണ് ശിവാജിയുടെ ജീവിതത്തിന്റെ ശ്രേഷ്ഠസാധന അഥവാ സാധനയുടെ ഫലം.
പ്രതാപറാവു ഗുര്‍ജറോട് ശിവാജിക്കുണ്ടായിരുന്ന അഭിമാനത്തിന്റെ പ്രതീകമായി, രാജേയുടെ പുത്രന് രാജാറാമിന്റെ വിവാഹം പ്രതാപറാവു ഗുര്‍ജറുടെ പുത്രി താരാബായിയുമായി ആറ് വര്‍ഷത്തിനുശേഷം നടത്തി. ശിവാജി താല്‍ക്കാലികമായി ആനന്ദറാവുവിനെ സര്‍വ്വസൈന്യാധിപനായി നിയമിച്ചു. ആനന്ദറാവു, പ്രതാപറാവുഗുര്‍ജറിന്റെ കുറവ് നികത്തിക്കൊണ്ട് ബഹലോല്‍ഖാനെ പൂര്‍ണമായി പരാജയപ്പെടുത്തുകയും, ആയിരം കാളവണ്ടികളില്‍ കൊള്ളാവുന്നത്ര വസ്തുവകകള്‍ ആ പ്രദേശത്തുനിന്നും സംഭരിച്ച് ശിവാജിയുടെ പാദതലത്തില്‍ സമര്‍പ്പിച്ചു. പിന്നീട് ശിവാജി ഹംബീരറാവു മോഹിതേയെ സര്‍വസൈന്യാധിപനായി നിയോഗിച്ചു. അദ്ദേഹവും ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ സമര്‍ത്ഥനും കുശാഗ്രബുദ്ധിമാനും പരാക്രമിയുമായ യോദ്ധാവും ആയിരുന്നു.
ശിവാജിയുടെ ലക്ഷ്യം ഒരു രാജ്യം നിര്‍മിക്കുക എന്നതായിരുന്നില്ല, മറിച്ച് ഹിന്ദുത്വത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രം നിര്‍മിക്കുക എന്നതായിരുന്നു. ഹിന്ദു രാഷ്ട്രത്തിന്റെ പുനഃപ്രതിഷ്ഠ അന്നത്തെ പരിഭാഷയനുസരിച്ച് ഹിന്ദവീ സ്വരാജ് എന്നു പറയപ്പെട്ടു. ഹിന്ദുസ്ഥാന്‍ എന്നത് ദേശത്തിന്റെ പേരാണ്. അവിടത്തെ നിവാസികളെ ഹിന്ദുക്കള്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: