തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയും പൊയ്യ, അന്നമനട, കുഴൂര്‍, മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം. ജൂത സ്മരണങ്ങളും മുസ്രിസ് പൈതൃകവും ഇഴചേര്‍ന്ന് കിടക്കുന്ന മണ്ഡലത്തില്‍ 1957 മുതല്‍ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ തവണ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത് എല്‍ഡിഎഫാണ്. 11 തവണ. സിപിഐയിലെ വി.കെ രാജന് നാലു തവണയും ഇ.ഗോപാലകൃഷ്ണമേനോനും മീനാക്ഷി തമ്പാനും രണ്ട് തവണ വീതവും കൊടുങ്ങല്ലൂരില്‍ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. മൂന്ന് തവണ കോണ്‍ഗ്രസും ഒരു തവണ ജെഎസ്എസും വിജയിച്ചു. വി.കെ രാജന്റെ മകന് കൂടിയായ സിപിഐയിലെ വി.ആര് സുനില്‍കുമാറാണ് നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കുടിവെള്ളക്ഷാമം, പുല്ലൂറ്റ് സമാന്തര പാലം നിര്‍മ്മാണം, കാവില്‍ക്കടവ് ചേരി നിവാസികളുടെ പുനരധിവാസം, താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തല്‍ തുടങ്ങി മണ്ഡലത്തിലെ പ്രധാന വികസന പ്രശ്നങ്ങളെയും എംഎല്‍എയുടെ ഇടപെടലിനേയും കുറിച്ച് മുന്നണികള്‍ പറയുന്നു.
* കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ എല്ലാക്കാലത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. 50 വര്‍ഷമായുള്ള വാട്ടര്‍ ടാങ്കും പൈപ്പുമാണ് നിലവിലുള്ളത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. രണ്ടാഴ്ച കൂടുമ്പോഴാണ് ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്. കുടിവെള്ള പ്രശ്നത്തിന്റെ വിഷയത്തില്‍ എംഎല്‍എ ഇടപെട്ടിട്ടില്ല.
* കനോലി കനാലിനു കുറുകെ കൊടുങ്ങല്ലൂരിനേയും തൃശൂരിനേയും ബന്ധിപ്പിക്കുന്ന പുല്ലൂറ്റ് പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. ബ്രിട്ടീഷ്കാരുടെ കാലത്ത് നിര്‍മ്മിച്ച പാലം കാലപഴക്കത്താല്‍ തകര്‍ച്ചാ ഭീഷണിയെ നേരിടുന്നതിനാല്‍ ജനങ്ങള്‍ ഭീതിയോടെയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. സമാന്തര പാലം നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുതിയ പാലം നിര്‍മ്മിക്കണമെന്നത് ദീര്‍ഘനാളായുള്ള ജനങ്ങളുടെ ആവശ്യമാണെങ്കിലും വിഷയത്തില്‍ എംഎല്‍എയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല.
* കൊടുങ്ങല്ലൂര്‍ ഗവ,താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്നുള്ള ജനങ്ങളുടെ ആവശ്യവും വര്‍ഷങ്ങളായി നടപ്പായിട്ടില്ല. തീരദേശവാസികള്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ 5 നിലയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയതൊഴിച്ചാല്‍ കെട്ടിടത്തില്‍ ലിഫറ്റ്, കറന്റ്, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ സജ്ജമാക്കിയിട്ടില്ല.
* കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവില്‍ കുടിയൊഴിപ്പിച്ച ചേരിനിവാസികളെ വര്‍ഷങ്ങളായിട്ടും പുനരധിവസിപ്പിച്ചിട്ടില്ല. പുതിയ ഫ്ളാറ്റിന് ഒരു കോടി 20 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും 2003 മുതല്‍ 12 കുടുംബങ്ങള്‍ തെരുവുകളില്‍ കഴിയുന്നു.
-എല്‍.കെ മനോജ് (ബിജെപി കൊടുങ്ങല്ലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി)
* ജലനിധി പദ്ധതി നടപ്പാക്കിയിട്ടും മണ്ഡലത്തില്‍ കടുത്ത കുടിവെള്ള പ്രശ്നം നിലനില്ക്കുന്നു. അശാസ്ത്രീയമായി പദ്ധതി നടപ്പാക്കിയിട്ടുള്ളതിനാല്‍ രണ്ടാഴ്ച കഴിഞ്ഞാണ് ജനങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നത്. ജലനിധി പദ്ധതി കൃത്യമായി നടപ്പാക്കുന്നതിനും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനും എംഎല്‍എയുടെ ഭാഗത്ത് നിന്ന് ശ്രദ്ധയുണ്ടായില്ല.
* വര്‍ഷങ്ങളുടെ പഴക്കമുള്ള പുല്ലൂറ്റ് പാലം അപകട ഭീഷണിയിലാണ്. സമാന്തര പാലം നിര്‍മ്മിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യത്തിന് എംഎല്‍എയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമെടുത്തിട്ടില്ല.
* കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കുമെന്നത് പ്രഖ്യാപനം മാത്രമായി മാറി. കേന്ദ്ര സര്‍ക്കാരിന്റെ റൂറല്‍ ഹെല്‍ത്ത് മിഷന് പ്രോഗ്രാമില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച 5 നില കെട്ടിടവും രോഗികള്‍ക്ക് ഉപകാരപ്പെടുന്നില്ല. ഈ കെട്ടിടത്തിലേക്ക് ഇതുവരെയും രോഗികളെ പ്രവേശിപ്പിച്ചിട്ടില്ല.
* കാവില്‍ക്കടവ് ഫ്ളാറ്റ് പദ്ധതി വര്‍ഷങ്ങളായിട്ടും നടപ്പാക്കിയിട്ടില്ല. സാധാരണക്കാരായ കുടുംബങ്ങള്‍ ബന്ധുവീടുകളിലും വാടക വീടുകളിലുമാണ് കഴിയുന്നത്. കിടപ്പാടത്തിനായി 12 കുടുംബങ്ങള്‍ ഇപ്പോഴും സമരത്തിലാണ്.
ടി.യു രാധാകൃഷ്ണന് (മുന്‍ എംഎല്‍എ, കെപിസിസി സെക്രട്ടറി)
* മണ്ഡലത്തിലെ ചില പ്രദേശങ്ങളില്‍ വേനല്‍ക്കാലത്ത് കുടിവെള്ള പ്രശ്നമുണ്ട്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുത്തു വരുന്നു. മാള വൈന്തലയില്‍ പുതിയ മോട്ടോര്‍ സ്ഥാപിക്കും.
* പുല്ലൂറ്റ് സമാന്തര പാലത്തിന്റെ നിര്‍മ്മാണത്തിന് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. നിലവിലുള്ള പാലത്തിന്റെ വടക്കുഭാഗത്ത് പുതിയ പാലം നിര്‍മ്മിക്കും.
* കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തണമന്ന് തന്നെയാണ് എല്‍ഡിഎഫിന്റെയും ആവശ്യം. താലൂക്ക് ആശുപത്രിയില്‍ 12.86 കോടി രൂപ ചെലവഴിച്ച് 5 നിലയില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. ജില്ലാ ആശുപത്രി പദവി ലഭിക്കുന്നതിനുള്ള നടപടികള്‍ താമസിയാതെ തുടങ്ങും.
* കാവില്‍ക്കടവില്‍ ചേരിനിവാസികള്‍ക്ക് പുതിയ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ്, ടെണ്ടര്‍ എന്നിവ അംഗീകരിച്ചു കഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കും.
കെ.വി വസന്തകുമാര്‍ (എല്‍ഡിഎഫ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കണ്‍വീനര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: