തൃശൂര്‍: ഗുരുവായൂര്‍, ചാവക്കാട് നഗരസഭകളും ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, എങ്ങണ്ടിയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ഗുരുവായൂര്‍ നിയോജക മണ്ഡലം. തീരവും ഗുരുവായൂര്‍ ക്ഷേത്രനഗരിയും ഉള്‍പ്പെട്ട മണ്ഡലത്തെ നിലവില്‍ പ്രതിനിധീകരിക്കുന്നത് എല്‍ഡിഎഫിലെ കെ.വി അബ്ദുള്‍ ഖാദറാണ്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ അബ്ദുള്‍ഖാദര്‍ ഗുരുവായൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. മുസ്ലീം ലീഗിലെ പി.കെ.കെ ബാവ 3 തവണയും ബി.വി സീതി തങ്ങള്‍ 2 തവണയും വിജയിച്ചിട്ടുണ്ട്.
ഗുരൂവായൂര്‍ അഴുക്കുചാല്‍ പദ്ധതി, റെയില്‍വേ അടിപ്പാത-മേല്‍പ്പാലം, ഹൈടെക് ആശുപത്രി, തീരദേശ-കാര്‍ഷിക-മത്സ്യ മേഖല തുടങ്ങി മണ്ഡലത്തിലെ പ്രധാന വികസന പ്രശ്നങ്ങളെയും എംഎല്‍എയുടെ ഇടപെടലിനേയും കുറിച്ച് മുന്നണികള്‍ പറയുന്നു.
ക്ഷേത്രനഗരിയോട് അവഗണന: ബിജെപി
* ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. കോടികള്‍ ചെലഴിച്ച പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. വര്‍ഷങ്ങളായി ഗതാഗത കുരുക്കിനാല്‍ നഗരവാസികളും ഭക്തരും ബുദ്ധിമുട്ടുകയാണ്.
* ഗുരുവായൂര്‍ റെയില്‍വേ അടിപ്പാത വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാത്രം. ഗതാഗത പ്രശ്നം രൂക്ഷമായി തുടരുമ്പോഴും അടിപ്പാതയുടെ നിര്മമാണത്തിന് നടപടിയെടുത്തിട്ടില്ല. കിഴക്കേനട റെയില്‍വേ മേല്‍പ്പാലം എല്ലാ തെരഞ്ഞെടുപ്പ് കാലത്തും എല്‍ഡിഎഫും യുഡിഎഫും ഉയര്‍ത്തിക്കാട്ടുമെങ്കിലും പദ്ധതി എങ്ങുമെത്തിയിട്ടില്ല. ജനങ്ങളെ കബളിപ്പിക്കാനാണ് ഇപ്പോള്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയിട്ടുള്ളത്.
* ഗുരുവായൂരില്‍ തീര്‍ത്ഥാടന നഗരമായ ഗുരുവായൂരില്‍ ഹൈടെക് ഹോസ്പിറ്റല്‍ അത്യാവശ്യമാണ്. സര്‍ക്കാര്‍ മേഖലയില്‍ ചാവക്കാട് താലൂക്ക് ആശുപത്രി മാത്രമേ നിലവിലുള്ളൂ. കോടികള്‍ ചെലവഴിച്ച് ആശുപത്രിയില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. എക്സറേ എടുക്കാന്‍ പോലും ആശുപത്രിയില്‍ സംവിധാനമില്ല.
* മണ്ഡലത്തിലെ തീരദേശ-കാര്‍ഷിക-മത്സ്യ മേഖല തീര്‍ത്തും അവഗണനയിലാണ്. ആഴക്കടല്‍ മത്സ്യബന്ധനം തീറെഴുതി കൊടുത്ത സര്‍ക്കാരില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊന്നും പ്രതീക്ഷിക്കാനില്ല. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കാത്തതിനാല്‍ തീരദേശവാസികള്‍ ദുരിത ജീവിതമാണ് നയിക്കുന്നത്. കടലേറ്റം തടയാന്‍ ജിയോ ബാഗ് വെച്ച് തടയണ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ട്. മണ്ഡലത്തിലെ പ്രധാന നെല്‍പ്പാടമായ കുട്ടാടന്‍ പാടം കൃഷിയോഗ്യമാക്കാന്‍ യാതൊരുവിധ നടപടിയുമുണ്ടായില്ല.
-അഡ്വ.സി.നിവേദിത (മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ്)
വികസനം വാഗ്ദാനത്തില്‍ മാത്രം: യുഡിഎഫ്
* ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇതുവരെയുമാകാത്തത് എംഎല്‍എയുടെ പിടിപ്പുകേടാണ്. പൊതുഗതാഗതത്തിന് ശാപമായി മാറിയിരിക്കുന്ന പദ്ധതി എത്രയും പൂര്‍ത്തിയാക്കാന്‍ യാതൊരു ശ്രമവുമില്ല. പദ്ധതിയ്ക്കായി പൊളിച്ചിട്ട ഔട്ടര്‍-ഇന്നര്‍ റോഡുകള്‍ ഗതാഗതയോഗ്യമല്ല. വര്‍ഷങ്ങളായിട്ടും ഉദ്ഘാടന തിയ്യതി പ്രഖ്യാപിക്കുന്നതല്ലാതെ പദ്ധതി ഇതുവരെയും പൂര്‍ത്തിയായിട്ടില്ല.
* അടിപ്പാത നിര്‍മ്മാണം പതിറ്റാണ്ടുകളായി എങ്ങുമെത്താതെ കിടക്കുന്നു. അടിപ്പാത നിര്മ്മിക്കിക്കാത്തതിനാല് തിരുവെങ്കിടം ഭാഗത്തേക്ക് ആംബുലന്‍സിന് പോലും പോകാന്‍ സാധിക്കാത്ത സ്ഥിതി. കിഴക്കേനടയിലെ റെയില്‍വേ മേല്‍പ്പാലം ദീര്ഘവീക്ഷണമി്ല്ലാത്ത പദ്ധതിയാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പദ്ധതിയ്ക്കായി തറക്കല്ലിടല്‍ നടത്തിയത് തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമാണ്.
* ഗുരുവായൂരില്‍ മികച്ച സംവിധാനങ്ങളോടെയുള്ള ആശുപത്രി സ്ഥാപിക്കണം. പതിനായിരങ്ങള്‍ വന്നുപോകുന്ന ക്ഷേത്ര നഗരിയുടെ വികസനത്തിനായി ആശുപത്രി അടങ്ങുന്ന മാസ്റ്റര്‍ പ്ലാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെയും തയ്യാറാക്കിയിട്ടില്ല.
* മണ്ഡലത്തിലെ മത്സ്യ തൊഴിലാളി മേഖല പ്രതിസന്ധിയിലാണ്. തീരദേശമേഖലയ്ക്കായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. പുലിമുട്ട് നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചു. കടല്‍ഭിത്തി നിര്‍മ്മാണം നിശ്ചലമായിട്ട് 10 വര്‍ഷത്തിലധികമായി.
ടി.എന്‍ മുരളി (ഡിസിസി അംഗം, ഗുരുവായൂര്‍ നഗരസഭാ മുന്‍ വൈസ് ചെയര്മാന്)
വികസനത്തിന്റെ പാതയൊരുക്കി: എല്‍ഡിഎഫ്
* ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി 80 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ച് പണികള്‍ കൂടി പൂര്‍ത്തിയായാല്‍ ഒന്നാംഘട്ടം അടുത്തു തന്നെ കമ്മീഷന് ചെയ്യും.
* അടിപ്പാതയ്ക്കായി ബജറ്റില്‍ സര്‍ക്കാരും നഗരസഭയും തുക വകയിരുത്തിയിട്ടുണ്ട്. റെയില്‍വേയാണ് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കേണ്ടത്. ഗുരുവായൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി. 25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
* ഗുരൂവായൂരില്‍ ഹൈടെക്ക് ആശുപത്രി വരണമെന്ന് തന്നെയാണ് എല്‍ഡിഎഫിന്റെ അഭിപായം. ഇതിന്റെ ഭാഗമായി ഗുരൂവായൂര്‍ ദേവസ്വം സ്ഥലം അക്വയര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ 5 കോടി രൂപയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് നിര്‍മ്മിച്ചു. ഡയാലിസിസ് കെട്ടിടം, ഡയാലിസിസ് യൂണിറ്റ്, വെന്റിലേറ്റര്‍ സൗകര്യത്തോടെ ഐസിയു എന്നിവ സജ്ജമാക്കി.
* കാര്‍ഷിക മേഖലയില്‍ കുട്ടാടന്‍ പാടശേഖരം കൃഷിയോഗ്യമാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി തരിശു ഭൂമിയില്‍ കര്‍ഷകര്‍ കൃഷിയിറക്കാന്‍ തുടങ്ങി. തീരദേശത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി. കടല്‍ക്ഷോഭം തടയാനായി കടല്‍ഭിത്തി, പുലിമുട്ട് നിര്‍മ്മാണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
എം.കൃഷ്ണദാസ് (സിപിഎം ജില്ലാ കമ്മിറ്റി അംഗം, ഗുരുവായൂര്‍ നഗരസഭാ ചെയര്മാന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: