തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ലെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്. ശബരിമല 2018ലെ സംഭവത്തില്‍ ഖേദമുണ്ടെന്നും അതുണ്ടാകാന്‍ പാടില്ലായിരുന്നെന്നും മന്ത്രി കടകംപള്ളി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള മന്ത്രിയുടെ മലക്കം മറിച്ചിലാണ് അതെന്നും ആത്മാര്‍ത്ഥമായാണ് പറയുന്നതെങ്കില്‍ സത്യവാങ്മൂലം പുതിയത് നല്‍കണമെന്നും മന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്ന് എ. വിജയരാഘവന് അറിയിച്ചത്. പ്രസ്താവന ഇനി വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തില്‍ ധാരണയായതാണ്. ഇനി തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള അറിയിച്ചു. കേസ് സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. വിഷയത്തില്‍ കോടതി തന്നെ തീരുമാനിക്കട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അടുത്തതോടെ വിശ്വാസികള്‍ എതിരെ തിരിയുമെന്ന തിരിച്ചറിവിലാണ് മന്ത്രി കടകംപള്ളി ശബരിമല വിഷയത്തില്‍ ഇപ്പോള്‍ മുതലക്കണ്ണീര് ഒഴുക്കുന്നതെന്ന് ബിജെപി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിയുടെ ഖേദ പ്രകടനം തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ചെപ്പടി വിദ്യയാണെന്ന് പന്തളം കൊട്ടാരവും പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: