പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ചതില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണോയെന്നും എന്‍എസ്എസ് ചോദിച്ചു.
ദേവസ്വം മന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയാണ് വേണ്ടത്. യുവതികള്‍ ശബരിമലയില്‍ ദര്‍ശനത്തിന് വിലക്കുന്നതിനായി സുപ്രീംകോടതി വിശാല ബെഞ്ചിന് മുമ്പാകെ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും എന്‍എസ്എസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.
വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏത് മാര്‍ഗവും സ്വീകരിച്ച് കോടതി വിധി നടപ്പിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അന്ന് ശ്രമിച്ചത്. അതിനുപിന്നാലെയുണ്ടായ സംഭവങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണെന്നും എന്‍എസ്എസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ കടകംപള്ളിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് ബിജെപിയും പന്തളം കൊട്ടാരവും രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ അനുകൂല സാഹചര്യം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പ്രസ്താവന നടത്തിയതെങ്കിലും ജനങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയരുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നാണ് സിപിഎംതീരുമാനം. വിഷയത്തില്‍ ജനവികാരം വീണ്ടും സര്‍ക്കാരിന് എതിരായാല്‍ അത് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: