കൊല്ലം: ജില്ലയില്‍ യുഡിഎഫ് കലങ്ങിമറിയുന്നു. മുന്നണിക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ അക്കമിട്ട് നിരത്തി മുസ്ലിം ലീഗ്. സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്നത് വഞ്ചനാപരവും കെടുകാര്യസ്ഥത നിറഞ്ഞതുമായ നിലപാടാണെന്ന് ആരോപിച്ച് ജില്ലാ യുഡിഎഫ് യോഗത്തില്‍ നിന്നും ഇരവിപുരം നിയോജക മണ്ഡലത്തിലെ മുന്നണിയോഗത്തില്‍ നിന്നും ലീഗ് നേതാക്കള്‍ ഇറങ്ങിപ്പോയി. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഉമയനല്ലൂര്‍ ഷിഹാബുദ്ദീന്, എ. ഫസിലുദ്ദീന്‍, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്.അഹമ്മദ് ഉഖൈല്‍, ട്രഷറര്‍ കിടങ്ങില്‍ സുധീര്‍, വര്‍ക്കിംഗ് പ്രസിഡന്റ് നാസിമുദ്ദീന് പള്ളിമുക്ക്, വര്‍ക്കിംഗ് സെക്രട്ടറി പോളയത്തോട് ഷാജഹാന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇറങ്ങിപ്പോക്ക്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് അര്‍ഹമായത് ജില്ലയില്‍ ഒരു സീറ്റാണ്. ഈ സീറ്റ് രണ്ടുപതിറ്റാണ്ടായി ഇരവിപുരമാണ്. കഴിഞ്ഞ തവണമുതലാണ് മാറ്റമുണ്ടായത്. പകരം തന്ന പുനലൂര്‍ സീറ്റില്‍ ബോധപൂര്‍വം കാലുവാരുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും ലീഗ് നേതാക്കള്‍ ആരോപിച്ചു. ഡിസിസി ഓഫീസിലായിരുന്നു മണ്ഡലം കമ്മിറ്റി യോഗം.
മുന്നണി മര്യാദയുടെ സര്‍വ്വ അതിര്‍വരമ്പുകളും ലംഘിച്ച് മുസ്ലിം ലീഗിനെതിരെ കോണ്‍ഗ്രസുകാരായ ചിലര്‍ നടത്തുന്ന പരസ്യ പ്രസ്താവനകളും, പ്രതികരണങ്ങളുമാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ലീഗിന് ലഭിക്കുന്നസീറ്റില് പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും, അണികളെ കൊണ്ട് ചിലര്‍ പ്രകടനം നടത്തിക്കുകയും ചെയ്യുകയാണ്. അതിനാല്‍ സ്വന്തം തട്ടകമായ ഇരവിപുരം സീറ്റ് ലീഗിന് തിരികെ നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. യു.ഡി.എഫ് യോഗങ്ങളില്‍ പോലും ലീഗിന് അര്‍ഹമായ പരിഗണ ലഭിക്കാറില്ലെന്നും നേതാക്കള്‍ പറഞ്ഞു. രണ്ട് മുന്‍ എംഎല്‍എമാരുടെയും മുതിര്‍ന്ന നേതാക്കളുടേയും നേതൃത്വത്തില്‍ ചടയമംഗലത്തും പുനലൂരും നടത്തുന്ന പരസ്യ പ്രതികരണത്തെ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയില്ലെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നും ലീഗ് ആരോപിച്ചു. ചില നേതാക്കളുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയ ആരോപണം ഉന്നയിച്ച് ലീഗിനെ ആട്ടിയോടിച്ച് അര്‍ഹതപ്പെട്ട സീറ്റ് കൈക്കലാക്കാമെന്നത് വ്യാമോഹമാണെന്ന് ലീഗ് മുന്നറിയിപ്പ് നല്കി.
15 വര്‍ഷമായി ജില്ലയില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും കോണ്‍ഗ്രസ് പാര്‍ട്ടി ജയിക്കുന്നില്ല. ഇതിന് ഉത്തരവാദികള്‍ ആ പാര്‍ട്ടിയുടെ നേതാക്കളാണ്. അവരുണ്ടാക്കുന്ന വേര്‍തിരിവിന്റെ ഫലമാണ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെയും തകര്‍ച്ച. അര്‍ഹിക്കുന്ന വിജയം പോലും നഷ്ടപ്പെടുത്തുമെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് ലീഗ് നേതാവ് എ.യൂനുസ് കുഞ്ഞ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: