ന്യൂദല്‍ഹി: ഉമ്മന്‍ചാണ്ടിയെ ഒതുക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍ -കെ.സി. വേണുഗോപാല്‍ സഖ്യത്തിന്റെ നീക്കം കോണ്‍ഗ്രസിന്റെ സീറ്റു നിര്‍ണയ ചര്‍ച്ചയെ സംഘര്‍ഷത്തിലെത്തിച്ചു. നേതാക്കള്‍ക്കിടയിലെ പാരവയ്‌പ്പിനെതിരെ പൊട്ടിത്തെറിച്ച് ഉമ്മന്‍ചാണ്ടി. നേമത്ത് തന്നെ മത്സരിപ്പിക്കാനുള്ള ശ്രമം എന്തിനെന്ന് മനസ്സിലാകുന്നുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിക്കും കെ.സി. വേണുഗോപാലിനുമെതിരെ രമേശ് ചെന്നിത്തലയും ശബ്ദമുയര്‍ത്തി പ്രതിഷേധിച്ചു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും ശ്രമിച്ചെങ്കിലും നേതാക്കള്‍ ഇരുവരെയും അനുനയിപ്പിച്ചു.
നേമത്ത് ഉമ്മന്‍ചാണ്ടിയെയും വട്ടിയൂര്‍ക്കാവില്‍ രമേശ് ചെന്നിത്തലയെയും മത്സരിപ്പിക്കാനുള്ള മുല്ലപ്പള്ളിയുടെയും കെ.സി. വേണുഗോപാലിന്റെയും നിരന്തര ശ്രമങ്ങളോടായിരുന്നു ഇരു നേതാക്കളുടെയും പ്രതിഷേധം. ആരും കാണാത്ത ഒരു സര്‍വേ റിപ്പോര്‍ട്ടിന്റെ പേരില്‍ എ, ഐ ഗ്രൂപ്പുകള്‍ മുന്നോട്ടുവച്ച സ്ഥാനാര്‍ഥിപ്പട്ടിക ഹൈക്കമാന്‍ഡ് വെട്ടുന്നതിനെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും രോഷം.
വിവിധ മണ്ഡലങ്ങളിലെ ജയസാധ്യത വിലയിരുത്താനായി ഹൈക്കമാന്‍ഡ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെ.സി. ജോസഫ് അടക്കമുള്ള നിരവധി പേര്‍ക്ക് ഇതിനകം സീറ്റുകള്‍ നിഷേധിച്ചതാണ് തര്‍ക്കം രൂക്ഷമാക്കിയത്. കെ.സി. ജോസഫിന് എ ഗ്രൂപ്പ് ഉറപ്പിച്ച കാഞ്ഞിരപ്പള്ളി സീറ്റ് ജോസഫ് വാഴയ്‌ക്കന് ലഭിക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: