സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വിഭാഗങ്ങളാണുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നവരും സ്വതന്ത്രന്മാരും. എന്നാല്‍ വിജയരാഘവന് എടുത്തു പറയാതിരുന്ന ഒരു വിഭാഗം കൂടി ഇതിലുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്നും പണം വാങ്ങി നല്കുന്ന പേമെന്റ് സീറ്റുകളാണിത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച നല്ലൊരു ശതമാനം സീറ്റുകളും ഈ വിഭാഗത്തില്‍പ്പെടുന്നതാണ്. ഇടതുപക്ഷ ചിന്താഗതിയുമായി യാതൊരു ആഭിമുഖ്യവുമില്ലാത്തവരും, വര്‍ഷങ്ങളായി പാര്‍ട്ടിയുടെ ശത്രു പാളയത്തില്‍ നിലയുറപ്പിച്ചിരുന്നവരുമൊക്കെ ധനശക്തി ഒന്നുകൊണ്ടുമാത്രം മുന്നണി സ്ഥാനാര്‍ത്ഥികളായി മാറിയിരിക്കുന്ന കാഴ്ച കണ്ട് ആത്മാര്‍ത്ഥതയുള്ള സഖാക്കള്‍ അമ്പരക്കുന്നു. അപ്പോഴും തൊഴിലാളിവര്‍ഗ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ക്ക് കുലുക്കമൊന്നുമില്ല. നാല് വെള്ളിക്കാശിനൊന്നുമല്ല, കോടികള്‍ മറിയുന്ന ഇടപാടുകള്‍ നടത്തിയാണ് സീറ്റുകള്‍ മൊത്തമായി വില്‍ക്കുന്നത്. പാര്‍ട്ടി അണികളില്‍നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു തന്നെയാണ് വര്‍ഗശത്രുക്കള്‍ക്ക് ചുവപ്പുപരവതാനി വിരിച്ചിട്ടുള്ളതും, പാര്‍ട്ടി ചിഹ്നം പോലും അവര്‍ക്ക് അടിയറവച്ചിട്ടുള്ളതും.
എറണാകുളം ജില്ലയിലെ കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മരുമകന് പി.വി. ശ്രീനിജനാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാറയ്ക്കല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ശ്രീനിജന്. അന്ന് ശ്രീനിജന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്ത സിപിഎമ്മാണ് ഇപ്പോള്‍ ലജ്ജയില്ലാതെ മലക്കംമറിഞ്ഞിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് വിട്ട ശ്രീനിജനെ സിപിഎം വാരിപ്പുണരുന്നതിനു പിന്നില്‍ പണശക്തി ഒന്നുമാത്രമാണെന്ന് അറിയാത്തവരില്ല. 30 കോടി രൂപയ്ക്കാണ് സീറ്റു വിറ്റതെന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കാരില്‍നിന്നുതന്നെ ഉയര്‍ന്നിട്ടും സിപിഎം നേതൃത്വം കനത്ത മൗനം പാലിക്കുകയാണ്. മഴ പെയ്തപ്പോള്‍പ്പോലും സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പാര്‍ട്ടി ഓഫീസിന്റെ വരാന്തയിലെങ്കിലും കയറിനിന്നിട്ടില്ലാത്ത ശ്രീനിജനെ സ്വന്തം ജനപ്രതിനിധിയാക്കാന്‍ ‘തൊഴിലാളിവര്‍ഗ’ നേതൃത്വം കാണിച്ച താല്‍പ്പര്യം അവരുടെ തനിനിറമാണ് പുറത്തുകൊണ്ടുവരുന്നത്.
കുന്നത്തുനാടിനെക്കാള്‍ പരിഹാസ്യമാണ് പിറവം മണ്ഡലത്തില്‍ അരങ്ങേറിയ നാടകങ്ങള്‍. ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസ്സിന് നല്കിയ സീറ്റില്‍ പാര്‍ട്ടിയുടെ യുവനേതാവ് ജില്‍സ് പെരിയപുറം സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് പ്രചാരണം തുടങ്ങിയിരുന്നു. പക്ഷേ സ്ഥാനാര്‍ത്ഥിയായതാവട്ടെ സിപിഎം യുവ നേതാവായ സിന്ധുമോള്‍ ജേക്കബും! മത്സരിക്കുന്നതാകട്ടെ കേരള കോണ്‍ഗ്രസ്സിന്റെ രണ്ടില ചിഹ്നത്തിലും!! കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിപോലുമില്ലാത്ത തരംതാണ നടപടിയാണിത്. പണത്തിന്റെ ശക്തിയാല്‍ പിറവം മണ്ഡലവും പേമെന്റ് സീറ്റായി മാറിയതിന്റെ ലീലാവിലാസങ്ങളാണ് ഇവയൊക്കെയും. വയനാട്ടിലെ ബത്തേരി മണ്ഡലത്തില്‍ ഇന്നലെ വരെ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എം.എസ്. വിശ്വനാഥനെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കുന്നതും പണശക്തിക്ക് കീഴടങ്ങലാണ്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി നേതാവും, ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇ.എ. ശങ്കരന് രാജി വച്ചിരിക്കുന്നത് സിപിഎം നേതൃത്വത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. കൊടുവള്ളിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന കാരാട്ടു റസാഖും, നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അന്‍വറുമൊക്കെ വി.എസ്. അച്യുതാനന്ദന്റെ ഭാഷയില്‍ വെറുക്കപ്പെട്ടവരാണ്. ശതകോടീശ്വരന്മാരായ ഇവര്‍ സീറ്റുറപ്പിച്ചതിന്റെ രഹസ്യം പറഞ്ഞറിയിക്കേണ്ടതില്ല. പഞ്ചനക്ഷത്ര മാര്‍ക്സിസ്റ്റുകള്‍ നേതാക്കളായി വിഹരിക്കുന്ന ഒരു പാര്‍ട്ടിയില്‍ ഇങ്ങനെയൊക്കെ സംഭവിച്ചില്ലെങ്കിലാണ് അദ്ഭുതം. ഇല്ലാത്തവന്റെ പാര്‍ട്ടിയെന്ന് ഇപ്പോഴും ഊറ്റംകൊള്ളുന്നവരുടെ ഭീകരമായ കാപട്യമാണ് ഇവിടെ വെളിപ്പെടുന്നത്. ഇതൊക്കെ തിരിച്ചറിയുന്ന ജനങ്ങള്‍ ഇവരെ പാഠം പഠിപ്പിക്കാതിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: