തിരുവനന്തപുരം: ഇ. ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതില്‍ പ്രതിഷേധവുമായി ഒരു വിഭാഗം സിപിഐ പ്രവര്‍ത്തകര്‍.
തീരുമാനത്തില്‍ പ്രതിഷേധിച്ച് സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ രാജിവെച്ചുകൊണ്ടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. എൽഡിഎഫ് മണ്ഡലം കൺവീനർ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് കുഞ്ഞികൃഷ്ണൻ സിപിഐ ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി.
ഇ. ചന്ദ്രശേഖരനെ വീണ്ടും മത്സരിക്കുന്നതിനെതിരെ ചില ബ്രാഞ്ച് സെക്രട്ടറിമാരും രംഗത്തെത്തി. ഏകദേശം പത്തോളം ബ്രാഞ്ച് സെക്രട്ടറിമാർ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കൺവെൻഷൻ ബഹിഷ്ക്കരിക്കുകയും ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. മടിക്കൈ, അമ്പലത്തുക്കര ലോക്കൽ കമ്മിറ്റികൾക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.
മൂന്നാം തവണ മത്സരിക്കാൻ താൽപര്യമില്ലെന്ന് ഇ ചന്ദ്രശേഖരൻ നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. രണ്ടുവട്ടം തുടര്‍ച്ചയായി ജയിച്ചവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ മന്ത്രി വി.എസ്. സുനില്‍കുമാര്‍, സി. ദിവാകരന്‍ എന്നിവരെ ഒഴിവാക്കിയെങ്കിലും ചന്ദ്രശേഖരനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹം 2016ല്‍ 26,011 വോട്ടിനാണ് കാഞ്ഞങ്ങാട് ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: