പിറവം: സിപിഎമ്മുകാരിയായ സിന്ധുമോള്‍ ജേക്കബ്ബിന് സീറ്റ് നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു.
പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറത്തെ തഴഞ്ഞ് സിന്ധുമോള്‍ ജേക്കബ്ബിന് സീറ്റ് നല്‍കിയതാണ് അണികളെ ചൊടിപ്പിച്ചത്. ജോസ് കെ. മാണിയോട് യാക്കോബായ സഭയുടെ പിന്തുണ ലഭിക്കാവുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ യാക്കോബായ വിഭാഗം ബിജെപി അനുകൂല നിലപാടിലേക്ക് നീങ്ങി. ഇതോടെ യാക്കോബായ വിഭാഗത്തില്‍പ്പെട്ട, ഹോമിയോ ഡോക്ടര്‍ കൂടിയായ സിന്ധുമോള്‍ ജേക്കബ്ബിന് സീറ്റ് നല്‍കാന്‍ ജോസ് കെ മാണി തീരുമാനിച്ചു. ക്‌നാനായ വിഭാഗത്തില്‍പ്പെട്ടയാളാണ് ഭര്‍ത്താവെന്നതിനാല്‍ ആ പിന്തുണയും ലഭിക്കുമെന്ന കണക്കുകൂട്ടലുമുണ്ട്. അതിനിടയിലാണ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് കേരള കോണ്‍ഗ്രസിന്റെ പാളയത്തില്‍ത്തന്നെ പട.
ഇതിനിടെ ഉഴവൂരിലെ സിപിഎം ലോക്കല്‍ കമ്മിറ്റിയും സിന്ധുമോളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞിരിക്കുകയാണ്. അവര്‍ സിന്ധുമോളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയെങ്കിലും സിപിഎം കോട്ടയം ജില്ല സെക്രട്ടറി വാസവന്‍ സിന്ധുമോള്‍ ജേക്കബ്ബിന്റെ രക്ഷയ്‌ക്കെത്തി. ഒരു പ്രവര്‍ത്തകയെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കാനുള്ള അവകാശം ജില്ലാ കമ്മിറ്റിയ്‌ക്ക് മാത്രമാണെന്നായിരുന്നു വാസവന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: