കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് നന്ദിഗ്രാമില്‍ വെച്ച് അപകടമാണുണ്ടായതെന്നും പരിക്കേറ്റതിന് പിന്നില്‍ ആക്രമണമല്ലെന്നും പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
വീഡിയോ ചിത്രങ്ങളും ദൃക്സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് ലോക്കല്‍ പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മമതയുടെ കാര്‍ ഒരു ചെറിയ ഇരുമ്പ് തൂണില്‍ ഇടിച്ചതിനെ തുടര്‍ന്ന് ശക്തമായി അവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡോര്‍ അടഞ്ഞപ്പോഴാണ് മമതയ്ക്ക് പരിക്കേറ്റത്.
കാറിന്റെ ഡോര്‍ തുറന്ന് പിടിച്ച് അനുയായികളോട് കൈവീശിക്കാണിക്കുന്നതിനിടയില് കാര്‍ തൂണിലിടിച്ചു. ഇതിന്റെ പ്രത്യാഘാതമെന്നോണം കാറിന്റെ വാതില്‍ ശക്തിയോടെ അടഞ്ഞതാണ് മമതയ്ക്ക് പരിക്കേറ്റതിന് കാരണമായത്.
എന്നാല്‍ നാലോ അഞ്ചോ പേര് ഉപദ്രവിക്കാനുദ്ദേശിച്ചുകൊണ്ട് കാറിന്റെ വാതില്‍ പെട്ടെന്ന് അടച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് മമത മാധ്യമങ്ങളോട് ആരോപിച്ചത്. മമത ബാനര്‍ജിയെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്നാരോപിച്ച് ഡെറക് ഒബ്രിയാന് എംപിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
ഇപ്പോള്‍ എസ്എസ്കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മമതയെ 48 മണിക്കൂര്‍ നേരം ഡോക്ടര്‍മാര്‍ നിരീക്ഷിയ്ക്കും. പറയുന്നത് മമതയുടെ അപകടം വെറും നാടകമാണെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: