തിരുവനന്തപുരം: നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റില്ലെന്നുറപ്പിച്ചു പറഞ്ഞ ഇടതു പക്ഷത്തിന് വാക്കിലും പ്രവര്‍ത്തിയിലും പിന്നോട്ട് പോകേണ്ട അവസ്ഥ ഏറെ പരിതാപകരം തന്നെയെന്ന് ബിജെപി. വിശ്വാസികളുടെ കരുത്ത് വ്യക്തമായി അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ഭരണമുന്നണി. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും, പാര്‍ട്ടി അണികളുടെ അമര്‍ഷങ്ങളും, ഗ്രഹസമ്പര്ക്കങ്ങളില് ലഭിച്ച അഭിപ്രായ ശേഖരണങ്ങളും അടിസ്ഥാനമാക്കിയാണ് തിരുത്തല്‍ നയത്തില്‍ സി.പി.എം എത്തി നില്‍ക്കുന്നത്.
ഭക്ത സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ വെഗ്രത കാട്ടിയ സി.പി.എമ്മിന് കാലം കരുതിവച്ച മറുപടിയാണ്, സുപ്രീം കോടതിയുടെ അന്തിമ വിധി വിശ്വാസികളുമായി ചര്‍ച്ച ചെയ്യുമെന്ന പറഞ്ഞ നിലപാടു മാറ്റം. ശബരിമലയില്‍ ആക്ടിവിസ്റ്റുകളായ യുവതികളെ കയറ്റി ആചാരലംഘനം നടത്താന്‍ ഒത്താശ ചെയ്തത് തെറ്റായി പോയെന്ന് പരസ്യമായി പറഞ്ഞ് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഹൈന്ദവ വിരുദ്ധത മുഖമുദ്രയാക്കിയ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നും നല്ലതൊന്നും കേരള സമൂഹം പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാം തിരിച്ചറിയേണ്ടതാണ്.
വിശ്വാസികളുടെ വിശ്വാസങ്ങളെ തിരികെ പിടിക്കാനുള്ള കുടില തന്ത്രമായി വേണം ഈ നിലപാടു മാറ്റത്തേയും കാണാന്‍. ശബരിമല തീവെയ്പ്പുമായി ബന്ധപ്പെട്ട കേശവമേനോന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാര്‍ കാട്ടിയ പൊറാട്ടു നാടകം തന്നെയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും പിണറായി വിജയന് പയറ്റാന്‍ ശ്രമിക്കുന്നത്.
നാമജപ പ്രതിഷേധങ്ങളെ ക്രമസമാധാനം തകര്‍ക്കുന്ന സംഭവങ്ങളായി പര്‍വ്വതീകരിച്ച് കേസെടുത്ത സര്‍ക്കാരാണ്, തീവ്രസ്വഭാവങ്ങളില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ഉത്തരവിറക്കി ഭക്തരെ വീണ്ടും പരിഹസിച്ചത്. ഹൈന്ദവ ജനത അഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ ഒന്നു മാത്രമേ ആകുന്നുള്ളൂ ശബരിമല. ദേവസ്വം ബോഡുകള്‍ രാഷ്ട്രീയ മുക്തമാക്കണമെന്ന് ആവശ്യത്തിലും, നഷ്ടപ്പെട്ട ക്ഷേത്ര ഭൂമികള്‍ തിരികെ പിടിക്കണമെന്ന ആവശ്യത്തിലുംകൂടി ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: