പിറവം: സിന്ധുമോള്‍ ജേക്കബ് പിറവത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയായതിനെച്ചൊല്ലി സിപിഎമ്മില്‍ യുദ്ധം. ഈ വിഷയത്തില്‍ സിപിഎം ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റിയും കോട്ടയം ജില്ലാകമ്മിറ്റിയും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുകയാണ്.
വ്യാഴാഴ്ച രാവിലെ ഉഴവൂര്‍ ലോക്കല്‍ കമ്മിറ്റി സിപിഎമ്മിന പ്രാഥമിക അംഗത്വത്തില്‍ നിന്നും സിന്ധുമോള്‍ ജേക്കബ്ബിനെ പുറത്താക്കിയതായി പ്രഖ്യാപിച്ചു. തങ്ങളോട് ചോദിക്കാതെ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വം സിന്ധു സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. പിറവത്ത് സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം ലോക്കല്‍ കമ്മിറ്റിയുമായി സിന്ധുമോള്‍ ജേക്കബ്ബ് ഇതുവരെ ചര്‍ച്ച ചെയ്തില്ലെന്നതും പ്രശ്നമായി.
അധികം വൈകാതെ കോട്ടയം ജില്ലാകമ്മിറ്റി സെക്രട്ടറി വാസവന് പ്രശ്നത്തില്‍ ഇടപെട്ടു. ഒരു പാര്‍ട്ടി അംഗത്തിനെ പുറത്താക്കാന്‍ പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റിക്ക് മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു വാസവന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. മാത്രമല്ല, സിന്ധുമോള്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും വാസവന് അഭിപ്രായപ്പെട്ടു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തമ്മിലുള്ള വാദപ്രതിവാദം രൂക്ഷമായിരിക്കുകയാണ്..
അതേ സമയം, സിന്ധുമോള്‍ ജേക്കബ്ബിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പിറവം നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ജില്‍സ് പെരിയപുറം പറയുന്നത് സിപിഎമ്മില്‍ നിന്നും സിന്ധുമോള്‍ ജേക്കബ്ബിനെ പുറത്താക്കിയത് വെറും നാടകമെന്നാണ്. സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജില്‍സ് പെരിയപുറം ആരോപിച്ചു. അതേ സമയം തന്റേത് പേമെന്റ് സീറ്റല്ലെന്നാണ് സിന്ധുമോള്‍ ജേക്കബ്ബിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: